ഫറോക്ക്: ഫറോക്കിലെ കടയിൽ മോഷണം നടത്തിയ യുവാവിനെ കടയുടമയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടി പൊലീസിൽ ഏല്പിച്ചു. താനൂർ പുത്തൻ തെരുവ് സ്വദേശി പ്രദീപ(43)നെയാണ് സാഹസികമായി പിടികൂടിയത്.
ഫാറൂഖ് ഹോസ്പിറ്റൽ കോംപ്ലക്സിലെ എഫ്.എം ട്രേഡേഴ്സിലാണ് വ്യാഴാഴ്ച പുലർച്ചെ മൂന്നര മണിക്ക് മോഷണം നടന്നത്. പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പിൽനിന്നും 2350 രൂപയും കടയിലെ മൊബൈൽ ഫോണും കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. കടയുടമ പുറ്റെക്കാട് സ്വദേശി മുഹമ്മദ് കുട്ടി കടയിൽനിന്നു മോഷ്ടാവ് കൈക്കലാക്കിയ മൊബൈൽ ഫോണിലേക്ക് നിരന്തരം വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് കടയിലെ ജീവനക്കാരിയുടെ ഫോണിൽനിന്ന് വിളിച്ചപ്പോൾ മോഷ്ടാവ് കട്ട് ചെയ്ത് വിഡിയോ കോളിൽ തിരിച്ചുവിളിച്ചു. ഉടനെ ഇവർ ഫോൺ കട്ട് ചെയ്തു. പിന്നാലെ കടയുടമ വിഡിയോകാൾ ചെയ്തപ്പോൾ മോഷ്ടാവ് ഫോൺ എടുത്തു. വിഡിയോ കാളിൽ ഫറോക്ക് പാലത്തിനടുത്ത് ബൈക്കുമായി മോഷ്ടാവ് നിൽക്കുന്നത് കണ്ടു. ഉടനെ കടയുടമയും ബന്ധുക്കളും എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. മോഷ്ടാവിനെ തിരിച്ചറിഞ്ഞ നാട്ടുകാർ നടത്തിയ തിരച്ചിലിൽ നഗരത്തിൽ വീണ്ടും കണ്ടെത്തുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ബൈക്കുകളിൽ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ഫറോക്ക് പഴയപാലത്തിനു സമീപം ചെറുവണ്ണൂർ ഭാഗത്തുനിന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്. തുടർന്ന് പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ നല്ലളം എസ്.ഐ എൻ.കെ. രഞ്ജിത്ത് യുവാവിനെ കസ്റ്റഡിയിലെടുത്തു. കടയിൽനിന്നു മോഷ്ടിച്ച ഫോണാണ് മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. ചെറുവണ്ണൂരിലെ രണ്ട് കടകളിൽ നടന്ന മോഷണത്തിന് പിന്നിലും യുവാവാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ച ബൈക്കും മോഷണം നടത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.