നെടുങ്കണ്ടം: അതിർത്തി മേഖലയിൽ തുടർച്ചയായുണ്ടാകുന്ന ചന്ദന മരമോഷണം അന്വേഷിക്കാൻ തിരുവനന്തപുരത്തെ പ്രത്യേക സംഘത്തിന്റെ സഹായംതേടും. കല്ലാർ വനംവകുപ്പിന്റെ അന്വേഷണത്തിൽ മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണിത്. ഇടവേളക്കുശേഷം മേഖലയിൽ ചന്ദനമര മോഷണം തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ചന്ദനമരം മോഷണം പോയതോടെയാണ് അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചത്. തൂക്കുപാലത്തിനടുത്ത് ചോറ്റുപാറ ചില്ലുപാറ, കാരിക്കാട്ട് ജോയിസിന്റെ പുരയിടത്തിൽനിന്നിരുന്ന ചന്ദനമരമാണ് മുറിച്ചുകടത്തിയത്. 51 സെന്റിമീറ്റർ ചുറ്റളവുള്ള മരം മുകൾഭാഗം കെട്ടിനിർത്തിയ നിലയിലായിരുന്നു. കാതൽ ഉൾപ്പെടുന്ന ഭാഗമാണ് മോഷ്ടിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 11 ചന്ദനമരങ്ങൾ മേഖലയിൽനിന്നു മുറിച്ചുകടത്തിയിട്ടുണ്ട്.
തൂക്കുപാലം, പ്രകാശ് ഗ്രാം, കുരുവിക്കാനം, ബാലഗ്രാം മേഖലകളിലാണ് മോഷണങ്ങളേറെയും. രാമക്കൽമേട്ടിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മോഷ്ടാക്കളെ പിടികൂടിയില്ല. കേരള തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞമാസം തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് രണ്ട് ചന്ദനമരങ്ങൾ മുറിച്ചുകടത്തി. മറയൂർ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ളത് പട്ടം കോളനിയിലെ സ്വകാര്യ ഭൂമികളിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മേഖലയിൽ ചന്ദന മാഫിയ അഴിഞ്ഞാടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.