തിരുവനന്തപുരം: ഗുണഭോക്താക്കളെ പറ്റിച്ച് കോർപറേഷനിൽനിന്ന് സ്വയംതൊഴിൽ സംഘങ്ങൾക്ക് നൽകുന്ന തുക തട്ടിയെടുത്ത സംഭവത്തിൽ പ്രധാനകണ്ണി അറസ്റ്റിൽ.
കേസിലെ ഒന്നാം പ്രതി മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റുമുക്ക് അശ്വതിഭവനിൽ സിന്ധുവിനെയാണ് (53) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംരംഭം തുടങ്ങാൻ സംഘാടകസമിതിയുണ്ടാക്കിയതും രേഖകൾ ഒപ്പിട്ടുവാങ്ങാൻ നേതൃത്വം നൽകിയതും സിന്ധുവാണെന്ന് പൊലീസ് പറഞ്ഞു. 15 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
28 പേരിൽനിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം ചേർന്ന് തട്ടിയെടുത്തത്. കേസിലെ മൂന്നാം പ്രതിയായ മുരുക്കുംപുഴ സ്വദേശി രജിലയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനി ഇന്ത്യൻ ബാങ്ക് ഈഞ്ചക്കൽ ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പ ഇടനില നിന്ന് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സ്വയംതൊഴിൽ സംരംഭങ്ങൾക്ക് അഞ്ചുലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപറേഷൻ സബ്സിഡിയാണ്.1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടക്കണം. നാലുപേർ ചേർന്ന് രൂപവത്കരിച്ച ഏഴ് ഗ്രൂപ്പുകളാണുണ്ടായിരുന്നത്. ബാങ്കിലേക്ക് സംരംഭകർ രേഖകൾ സമർപ്പിക്കുമ്പോൾ ബാങ്ക് വഴിയാണ് തുക കൈമാറുന്നത്. എന്നാൽ, സംരംഭകർക്കൊന്നും തുക ലഭിച്ചില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.