അടിമുടി ദുരൂഹം: അസ്ഥികൂടങ്ങൾ പോലും അകത്തില്ല, പക്ഷേ പാറാവ് പൊലീസിന് വരെ പരിഭ്രമം

ചിത്രദുർഗ(കർണാടക): അക്ഷരങ്ങൾ അടർന്നു തുടങ്ങിയ നെയിം ബോർഡ്. അതിൽ കർണാടക പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ എൻ.കെ. ജഗന്നാഥ് റെഡ്ഡിയുടെ പ്രതാപം വായിക്കാം. വസ്തുക്കൾ എന്തുമാവട്ടെ വില നിർണയിച്ചു നൽകുന്നതിൽ വിദഗ്ധൻ. ആ വൈദഗ്ധ്യം പക്ഷേ സ്വന്തം കുടുംബ ജീവിതത്തെ തുണച്ചില്ല.

ചിത്രദുർഗ ജില്ലയിലെ ചിത്രദുർഗയിൽ അഞ്ചുപേരുടെ അസ്ഥികൂടങ്ങൾ കിടന്ന ദേശീയ പാതക്കരികിലെ വീടിന്റെ പരിസരത്തെത്തുമ്പോൾ ആളുകൾ നടത്തം വേഗത്തിലാക്കുന്നു. അങ്ങോട്ട് നോക്കാൻ പോലും പേടി. പ്രേതങ്ങൾ കുടിപാർക്കുന്നിടം എന്ന അപഖ്യാതി പ്രദേശത്താകെ പരക്കുന്നു.


ആ ഭാഗത്ത് നിന്ന് രാത്രികളിൽ വവ്വാലുകൾ ചിറകടിച്ചാൽ, മൂങ്ങ മൂളിയാൽ കുട്ടികൾ ഞെട്ടി ഉണർന്ന് നിലവിളിക്കുന്നു. അവരെ സാന്ത്വനിപ്പിക്കുന്ന രക്ഷിതാക്കൾക്കും വിറയൽ. ആ വീടിന്റെ ഗേറ്റിൽ നിന്ന് മാറി സ്ഥാപിച്ച ബാരിക്കേഡിന് പുറത്ത് രാത്രി പാറാവ് ഡ്യൂട്ടി പരിഭ്രമത്തോടെ ഏറ്റെടുക്കുകയാണ് ചില പൊലീസുകാർ.

മകൾ ഡോക്ടർ, ആൺമക്കളിൽ ഒരാൾ എൻജിനീയർ

ദൊഡ്ഡവനഹള്ളിയിൽ നിന്ന് 10 വർഷം മുമ്പാണ് ജഗന്നാഥ് റെഡ്ഡിയുടെ കുടുംബം ഇവിടേക്ക് താമസം മാറ്റിയതെന്ന് നാട്ടുകാരനായ പുരുഷോത്തമ റെഡ്ഡി പറഞ്ഞു. മക്കളിൽ ഏറ്റവും മുതിർന്ന മകൾ ഡോക്ടറാണ്, ആൺ മക്കളിൽ ഒരാൾ എൻജിനീയറാണ് എന്നൊക്കെ കേട്ടറിവല്ലാതെ അയൽക്കാർക്ക് പോലും നേരിട്ട് ബന്ധമില്ലായിരുന്നു.

അധികം പുറത്തെവിടെയെങ്കിലും പോവുമായിരുന്ന ആ കുടുംബത്തിൽ ആരെല്ലാം എന്നുപോലും അറിഞ്ഞില്ല എന്ന് പരിസരത്ത് താമസിക്കുന്ന ലളിതമ്മ പറഞ്ഞു. അഞ്ചുപേർ അതിനകത്ത് മരിച്ചത് അറിയണമെങ്കിൽ അവർ ജീവിച്ച കാലം എന്തെങ്കിലും ബന്ധം വേണ്ടേ എന്ന് അവർ സങ്കടപ്പെട്ടു.

പൊലീസ് അന്വേഷണത്തെ കുഴക്കുന്നതും ഇതൊക്കെയാണെന്ന് ചിത്രദുർഗ ജില്ല പൊലീസ് സൂപ്രണ്ട് ധർമ്മേന്ദ്ര കുമാർ മീണ പറഞ്ഞു. സർക്കാർ സർവിസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ കുടുംബം മുഴുവൻ മരിച്ചു പോയതറിയാൻ നാലരവർഷം എന്നത് അസാധാരണ സംഭവമാണെന്ന് അദ്ദേഹം തുടർന്നു.

തുമ്പായി കത്ത്

വീട്ടിൽ നിന്ന് കിട്ടിയ കൈപ്പടയിൽ തയ്യാറാക്കിയ കത്താണ് പൊലീസിന്റെ തുമ്പ്. ഫോറൻസിക് പരിശോധന നടത്താൻ വെളിച്ചം പുറത്തു നിന്ന് കൊണ്ടുവരേണ്ടിവന്നു. സംഭവത്തിലെ ദുരൂഹത പോലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട വീടും നാലു വർഷമായി ഇരുട്ടിലായിരുന്നു.

കടബാധ്യതയിൽ പൊറുതിമുട്ടി കഴിയുകയായിരുന്നു ജഗന്നാഥ് റെഡ്ഡി (85) എന്നതിന്റെ സൂചനകളാണ് കത്തിൽ. വർഷങ്ങളായി ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കി ഒടുവിൽ കിടപ്പിലുമായ ഭാര്യ പ്രേമയുടെ (80)ചികിത്സക്കായിരുന്നു ഭാരിച്ച ചെലവുകൾ. ഏക മകൾ ത്രിവേണിയെ (62) ഡോക്ടറാക്കിയെങ്കിലും നട്ടെല്ലിലെ ക്ഷതത്തിൽ സ്പൈനൽ കോഡ് തകർന്നു പോയ അവർ സ്വയം ചികിത്സ തേടേണ്ട അവസ്ഥയിലായിരുന്നു.

ആൺ മക്കളിൽ കൃഷ്ണയെ(60) എൻജിനീയറാക്കിയെങ്കിലും ദുരിതങ്ങൾക്ക് നടുവിൽ കരകയറിയില്ല. കവർച്ച കേസിൽ പ്രതിയായ മകൻ നരേന്ദ്രൻ (57), ഒമ്പത് വർഷം മുമ്പ് അപകടത്തിൽ മരിച്ച മറ്റൊരു മകൻ മഞ്ചുനാഥ് (55) ഉൾപ്പെടെ ആർക്കും സ്വന്തം കുടുബ ജീവിതം സാധ്യമായില്ല.

വൈദ്യുതി ബിൽ അടച്ചത് 2019 ജനുവരി 13ന് 

ജഗന്നാഥ് റെഡ്ഡിയുടെ പേരിൽ ധാരാളം ഭൂമി ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ ക്രയവിക്രവുമായി ബന്ധപ്പെട്ട് വഞ്ചിച്ച രണ്ടു പേരെക്കുറിച്ച കത്തിലെ പരാമർശം അന്വേഷണത്തിന് ദിശ നൽകും.

കത്തിൽ ഒപ്പ് രേഖപ്പെടുത്താത്തതിനാൽ അത് തയ്യാറാക്കിയത് മറ്റാരെങ്കിലുമാണോ എന്ന സന്ദേഹം പൊലീസിനുണ്ട്. ആറാമതൊരാളാണെങ്കിൽ അന്വേഷണ ഗതി മാറും. തുമകൂറിൽ എക്സിക്യൂട്ടീവ് എൻജിനീയറായിരിക്കെയാണ് റെഡ്ഡി വിമിച്ചത്.

കുടുംബം ഏറ്റവും ഒടുവിൽ വൈദ്യുതി ബിൽ അടച്ചത് 2019 ജനുവരി 13 നാണെന്ന വിവരം ബന്ധപ്പെട്ട ഓഫിസിൽ നിന്ന് പൊലീസ് ശേഖരിച്ചു. ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. 2019 ജൂൺ മാസത്തിലെ കലണ്ടറാണ് വീട്ടിൽ തൂക്കിയിരുന്നത്.

Tags:    
News Summary - Skeletal remains of family of 5 found in Karnataka home, were last seen in 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.