ന്യൂഡൽഹി: മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മടങ്ങിവന്ന യുവാവ് മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ പാലം മേഖലയിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിന്റെ പേരിൽ വഴക്കുണ്ടാക്കിയ കേശവ് എന്ന 25കാരൻ, മുത്തശ്ശി ദീവാന ദേവി (75), പിതാവ് ദിനേശ് (50), മാതാവ് ദർശന, സഹോദരി ഉർവർശി (18) എന്നിവരെ ചൊവ്വാഴ്ച രാത്രി 10.30ഓടെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിലവിളി കേട്ട അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് സംഘം നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ മനോജ്.സി പറഞ്ഞു. വിവരം അറിയിച്ചയാളും ബന്ധുക്കളും ചേർന്ന് കേശവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലഹരി വാങ്ങാനുള്ള പണത്തിനുവേണ്ടി കേശവ് കുടുംബവുമായി പതിവായി വഴക്കിടാറുണ്ടായിരുന്നു. കേശവിന് സ്ഥിരമായ ജോലിയില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഗുരുഗ്രാമിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന കേശവ് ഒരു മാസം മുമ്പാണ് ജോലി ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
പണത്തിനുവേണ്ടി ഇയാൾ ഈയിടെ ബാറ്ററി മോഷ്ടിച്ചിരുന്നു. എ.ടി.എം കവർച്ചക്കേസുമായി ബന്ധപ്പെട്ട് കുറച്ചുകാലം ജയിലിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.