വർക്കല: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നടയറ സ്വദേശികളായ സുഹൈൽ ഷാ (25), നൗഫൽ (22) എന്നിവരാണ് അറസ്റ്റിലായത്. 19ന് രാത്രിയോടെയാണ് സംഭവം. തൊടുവെ ഈഞ്ചയിൽ പുത്തൻവീട്ടിൽ ബിജു (38) വുമായുള്ള വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. പുത്തൻചന്തയിലെ കെ.ടി.ഡി.സി ബിയർപാർലറിന് സമീപം പാർക്ക് ചെയ്തിരുന്ന ബിജുവിന്റെ സ്കൂട്ടിയിൽ കയറിയിരുന്ന യുവാക്കളോട് മാറാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്. ഈ സമയം യുവാക്കൾ ബിജുവിനോട് ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് മറുപടി നൽകി വാഹനം എടുത്തപ്പോൾ അസഭ്യം വിളിക്കുകയും സ്കൂട്ടിയിൽ നിന്നു തള്ളിയിടുകയും ചെയ്തതായി പൊലീസ് പറയുന്നു.
പരിക്കേറ്റ ബിജു വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങവേ യുവാക്കൾ പിന്തുടർന്നെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. സുഹൈൽ ഷാ കല്ലുകൊണ്ട് മുഖത്തിടിക്കുകയും നൗഫൽ ബിയർകുപ്പി കൊണ്ട് തലയിലും ദേഹത്തും അടിച്ചു പരിക്കേൽപ്പിക്കുയുമായിരുന്നു. ആക്രമണത്തിൽ അവശനായി നിലത്തുവീണ ബിജുവിനെ ക്രൂരമായാണ് മർദ്ദിച്ചത്. ബിജുവിന്റെ മൊബൈൽ തറയിലെറിഞ്ഞു പൊട്ടിച്ചശേഷം കഴുത്തിൽ കിടന്ന സ്വർണമാലയും പ്രതികൾ കവർന്നു. ആക്രമണത്തിൽ ബിജുവിന്റെ മൂക്കിന് മൂന്നു പൊട്ടലുകൾ സംഭവിച്ചു. മുതുകിലും ഷോൾഡറിലും പരിക്കേറ്റ ബിജു ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.