പെരുമ്പാവൂര്‍: പെരുമ്പാവൂർ കടുവാളില്‍ രാസലഹരി പിടികൂടിയ സംഭവത്തിൽ ലഹരികടത്തിയത് അഭിഭാഷക സ്റ്റിക്കർ പതിച്ച ജീപ്പിൽ. പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് സ്റ്റിക്കർ പതിപ്പിച്ചതെന്നാണ് സൂചന.ഏഴ്ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനം പ്രതികളില്‍ ഒരാളുടേതാണെന്നാണ് വിവരം. കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍ക്കുന്നതുപോലെ രാസ മയക്കുമരുന്നുകളുടെ വില്‍പനയും പ്രദേശത്ത് വർധിച്ചിരിക്കുകയാണ്.
നഗരസഭ പരിധിയിലെ വിവിധ ഇടങ്ങളിലും വെങ്ങോല, വാഴക്കുളം,ഒക്കല്‍, കൂവപ്പടി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും ലഹരി വില്‍പന വ്യാപകമാണ്. അന്തർ സംസ്ഥാനക്കാർക്കൊപ്പം നാട്ടുകാരായ നിരവധി യുവാക്കളും ഇതിന് പിന്നിലുണ്ടെന്നത് അടുത്തകാലത്ത് പിടിയിലായവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് തൊഴിലുകള്‍ ഇല്ലാത്ത യുവാക്കള്‍ സന്ധ്യകഴിയുമ്പോൾ ആഡംബര ബൈക്കുകളില്‍ കറങ്ങുന്നതും വിജന പ്രദേശങ്ങളില്‍ തങ്ങുന്നതും വ്യാപകമാണ്.
പകല്‍ വീടുകളില്‍ തങ്ങി രാത്രി പുറത്തിറങ്ങുന്ന യുവാക്കള്‍ ലഹരി വില്‍പനയുടെ കണ്ണികളൊ അതല്ലെങ്കില്‍ ഉപഭോക്താവൊ ആയിരിക്കാമെന്ന ആശങ്ക റെസിഡന്‍റ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കുവെക്കുന്നു. പിതാവും പുത്രനും ഒരുമിച്ച് ലഹരി വിൽപന നടത്തുന്ന സംഭവവും ഇവിടെയുണ്ട്.
പതിറ്റാണ്ടുകളായി കച്ചവടം നടത്തിവരുന്ന പിതാവ് പൊലീസിനും നാട്ടുകാര്‍ക്കും അപരിചിതനല്ല. പിടികൂടുമ്പോള്‍ 900 ഗ്രാമില്‍ അധികമില്ലെന്ന ആനുകൂല്യത്തില്‍ പുറത്തിറങ്ങാറാണ് പതിവ്. മകനെ മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതിയെന്ന് കണ്ടെത്തി കഴിഞ്ഞ മാസം കരുതല്‍ തടങ്കലിലാക്കി. അന്തര്‍സംസ്ഥാനക്കാര്‍ നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നതും നിത്യ സംഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.