തോപ്പുംപടി: ബസിടിച്ച് വഴി യാത്രക്കാരനായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ അപകടം വരുത്തിയ ബസ് ഡ്രൈവർ അനസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും ഇയാളെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയായി. സംഭവം നടന്ന് 24 ദിവസമായിട്ടും ഇയാളെ പിടികൂടാനാകാത്തത് നാണക്കേടുമായിട്ടുണ്ട്. ഇയാൾ സംസ്ഥാനം വിട്ടോയെന്നും സംശയിക്കുന്നുണ്ട്. എന്നാൽ, അനസിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ കൂടി പൊലീസ് പിടിയിലായി. കാക്കനാട് ഇടച്ചിറക്കൽ വീട്ടിൽ അഷ്കർ ബക്കർ (36), കാക്കനാട് ഇടച്ചിറ കെ.എച്ച്. അഷ്കർ (32) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
നേരത്തേ കേസിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. ഇതോടെ സംഭവത്തിൽ ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിന് പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇതിൽ കാക്കനാട് തൃക്കാക്കര സ്വദേശി ഇ.എ. അജാസിനെ (36) കൊച്ചി കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടൻ പാലം സ്വദേശി എൻ.എ. റഫ്സൽ (30) എന്നിവർക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് പിടിച്ചെടുത്ത കേരള സ്റ്റേറ്റ് 12 എന്നെഴുതിയ ബോർഡുകളും പണമിടപാട് രേഖകളും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിന് പ്രതി അജാസിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. ഡ്രൈവറെ പിടികൂടുന്നതിന് മട്ടാഞ്ചേരി അസി.കമീഷ്ണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.