പിടിയിലായ ഹബീബ് റഹ്മാൻ

വാട്സാപ്പിൽ വിമർശിക്കുന്നവരുടെ നമ്പറുപയോഗിച്ച് വി.ഐ.പികളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ; വലയിലാക്കിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ

കൽപറ്റ: ജനപ്രതിനിധികളെയും ജില്ല കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുന്ദംകുളം മരത്തൻക്കോട് സ്വദേശി, സോഷ്യൽ മീഡിയയിൽ മാർലി എന്ന വിളപ്പേരുള്ള ഹബീബ് റഹ്മാനാണ് (29) പൊലീസിന്റെ പിടിയിലായത്. വിദേശത്തിരുന്ന്, മറ്റുള്ളവരുടെ നമ്പർ പ്രത്യേക കാൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്താണ് ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും അസഭ്യ വർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. വയനാട് സൈബർ പൊലീസിന്‍റെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയപ്പോൾ പിടികൂടിയത്.

നിരവധി വിദ്യാർഥികളെയും യുവാക്കളെയും ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പുകൾക്ക് രൂപം നൽകി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായും കണ്ടെത്തി. ഗ്രൂപ്പുകളിൽ ഇയാൾക്കും സുഹൃത്തുക്കൾക്കുമെതിരെ സംസാരിക്കുന്നവരുടെ നമ്പർ ദുരുപയോഗം ചെയ്താണ് എം.എൽ.എയും എം.പിയും ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും ജില്ല കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

നാലു മാസത്തോളം പ്രതിയുടെ നീക്കങ്ങൾ വയനാട് സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ ആയിരുന്ന പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിൽ സൈബർ സെല്ലിലെയും സൈബർ പൊലീസ് സ്റ്റേഷനിലെയും എസ്.സി.പി.ഒമാരായ ഷുക്കൂർ, ബിജിത്ത് ലാൽ, സി.പി.ഒമാരായ മുഹമ്മദ് സക്കറിയ, രഞ്ജിത്, പ്രവീൺ, കിരൺ, ജിനോജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. പ്രതി നാട്ടിലെത്തുന്ന വിവരം മനസ്സിലാക്കി വലയിലാക്കുകയായിരുന്നു. ഇയാൾക്കെതിരെ കാസർകോട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ കേസുകളുണ്ട്. മറ്റു ജില്ലകളിൽ കേസുകൾ നിലവിലുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്.

Tags:    
News Summary - The person who threatened VIPs using the number of critics on WhatsApp was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.