പട്ടാമ്പി: കൊപ്പത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. മണ്ണേങ്ങോട് അത്താണിയിൽ വാടകക്ക് താമസിച്ചുവരുകയായിരുന്ന സ്വകാര്യ കേബിൾ തൊഴിലാളിയായ മുളയങ്കാവ് പെരുമ്പറതൊടിയിൽ അബ്ദുസ്സലാമിന്റെ മകൻ ഹർഷാദാണ് (21) മരിച്ചത്.
ഗുരുതര പരിക്കുകളോടെ ഹർഷാദിനെ വെള്ളിയാഴ്ച രാവിലെയാണ് മൂന്നുപേർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കെട്ടിടത്തിന് മുകളിൽനിന്ന് വീണു പരിക്കേറ്റതാണെന്ന് പറഞ്ഞതും യുവാവിനെ ആശുപത്രിയിലെത്തിച്ച മൂവർ സംഘത്തിലെ ഒരാൾ കടന്നുകളഞ്ഞതും സംശയത്തിനിടയാക്കി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊപ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന സംശയത്തിലേക്ക് നയിച്ചത്. ഷൊർണൂർ ഡിവൈ.എസ്.പി സുരേഷ്‌കുമാർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സംഭവസ്ഥലത്ത് പരിശോധന നടത്തി.
സ്ഥലം സന്ദർശിച്ച പാലക്കാട് എസ്.പി ആർ. വിശ്വനാഥാണ് കൊലപാതക സൂചന നൽകിയത്. ആശുപത്രിയിൽനിന്നുകടന്ന് കളഞ്ഞ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.