കോവളം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും അറസ്റ്റിലായി. കാട്ടാക്കട മാർക്കറ്റ് റോഡിൽ എസ്.എൻ ഹൗസിൽ നൗഫൽ (27), ഇയാളുടെ മാതാവ് സുനിത (50), പിതാവ് നജീം (51) എന്നിവരാണ് അറസ്റ്റിലായത്. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡില്‍ വാറുവിള പുത്തൻ വീട് ഷഹ്ന മൻസിലില്‍ ഷഹ്ന (23) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ 26നാണ് യുവതി ആത്മഹത്യ ചെയ്തത്.
കാട്ടാക്കടയ്ക്കടുത്ത് കണ്ടലയിലെ ഒരു വീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഒരുമാസമായി കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികൾ മാറിമാറി താമിസിച്ചു വരുകയായിരുന്നെന്നും ഈ മാസം 25ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി കാട്ടാക്കട എത്തിയപ്പോഴാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
ഷഹ്ന ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കൾ പരാതിപെട്ടതിന് പിന്നാലെയാണ് ഭർത്താവ് നൗഫലും കുടുംബവും ഒളിവിൽ പോയത്.
2020ൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് നൗഫൽ-ഷഹ്ന ദമ്പതികളുടെ വിവാഹം നടന്നത്. പിന്നീട് ഷഹ്നയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ മാതാവ് അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നെന്നും പരിഹാസം പിന്നെ പീഡനമായി മാറിയിട്ടും നൗഫൽ തടഞ്ഞില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്റെ ചികിത്സക്കായി പോയ സമയത്ത് ഷഹ്നയെ ആശുപത്രിയിൽ വെച്ച് ഭർതൃവീട്ടുകാർ മർദിച്ചതായും ഇതോടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നെന്നും യുവതിയുടെ കുടുംബം പറഞ്ഞിരുന്നു.
പിന്നീട് ഡിസംബർ 26ന് യുവതിയുടെ വീട്ടിലെത്തിയ നൗഫൽ സഹോദരന്റെ മകന്റെ പിറന്നാൾ ചടങ്ങിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. തുടർന്ന് രണ്ടര വയസ്സുള്ള മകനുമായി വീട്ടിലേക്ക് പോയ നൗഫൽ അരമണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിയില്ലെങ്കിൽ ഷഹ്നയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുവതി മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
തിരുവല്ലം സി.ഐ രാഹുൽ ചന്ദ്രൻ, എസ്.ഐമാരായ അനൂപ്, തോമസ്, എ.എസ്.ഐമാരായ സുബാഷ്, ശ്രീകുമാർ, എസ്.സി.പി.ഒ വിനയൻ, ഷിജു, രാമു എന്നിവരടുങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.