റിയാദ്: നഗരത്തിൽ ചില ഭാഗങ്ങളിൽ സൈക്കിളിലും ബൈക്കിലും കാറിലും കറങ്ങി പിടിച്ചുപറി തൊഴിലാക്കിയ സംഘങ്ങൾ വീണ്ടും തലപൊക്കിയിരിക്കുന്നു. നേരത്തേ ബത്ഹയിൽ ഭയം വിതച്ചിരുന്ന സംഘങ്ങൾ ഇപ്പോൾ ശുമൈസി ഉൾപ്പടെയുള്ള മറ്റ് ഭാഗങ്ങളിലും കാൽനടക്കാർക്കും വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങുന്നവർക്കും ഭീഷണിയാവുന്നു. ഇരുളിൽ പതുങ്ങിയിരുന്ന് ആക്രമിച്ച് പണവും മൊബൈൽ ഫോണും മറ്റും കവർന്നിരുന്ന സംഘങ്ങൾ ഇപ്പോൾ പകലും വിലസുന്നു.
വലിയ കത്തികളും കൈകളിൽപിടിച്ച് സൈക്കിളിൽ റോന്ത് ചുറ്റിയാണ് ഇരകളെ അക്രമിക്കുന്നത്. ആളില്ലാത്ത ഗല്ലികളിലൂടെ കറങ്ങി നടക്കുന്ന അക്രമികൾ തരം നോക്കി കത്തിയും മറ്റ് ആയുധങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി ഇരകളുടെ കൈയിലുള്ളതെല്ലാം കവരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
പണമോ വസ്തുക്കളോ കിട്ടിയില്ലെങ്കിൽ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നത് ഉത്ക്കണ്ഠയുണ്ടാക്കുന്നു. നിസ്സഹായരായ മനുഷ്യർ ഒന്ന് ചെറുത്തുനിൽക്കാൻ പോലും അശക്തരായി പിടിച്ചുപറിക്കാർക്ക് ഇരയാകുന്ന കാഴ്ചകളുടെ വിഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്.
നേരത്തേ ഇത് പുരുഷന്മാർക്ക് നേരെയായിരുന്നെങ്കിൽ ഇപ്പോൾ വനിതകൾക്ക് നേരെയും നീളുന്നത് ഭയം ഇരട്ടിപ്പിക്കുന്നു. ശുമൈസിയിൽ ആശുപത്രിയിലേക്ക് രാവിലെ ഡ്യൂട്ടിക്ക് പോകുന്ന ഒരു വനിതയെയും കുഞ്ഞിനെയും അക്രമികൾ തടഞ്ഞുനിർത്തി കഴുത്തിൽനിന്ന് സ്വർണാഭരണം ബലം പ്രയോഗിച്ച് ഊരിയെടുക്കുന്നതും ഫോൺ പിടിച്ചുവാങ്ങുന്നതുമായ വീഡിയോ ദൃശ്യം ആളുകളിൽ വലിയതോതിൽ സംഭ്രാന്തി പരത്തിയിരിക്കുകയാണ്.
വീടിനടുത്ത് വാഹനം പാർക്ക് ചെയ്ത് കൈക്കുഞ്ഞുമായി പുറത്തിറങ്ങുന്ന യുവാവ് അക്രമിക്കപ്പെടുന്ന ദൃശ്യവും കഴിഞ്ഞദിവസം പ്രചരിച്ചു. ഇതിന് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പിടിച്ചുപറി സംഭവങ്ങൾ തുടരുന്നത്. ആളൊഴിഞ്ഞ നിരത്തുകളിലും ഗല്ലികളിലും ഏതു സമയത്തും അക്രമികൾ പ്രത്യക്ഷപ്പെടുന്നത് പ്രവാസികളിൽ കൂടുതൽ ആശങ്ക പരത്തിയിട്ടുണ്ട്.
കാമറകൾ വ്യാപകമായി വിന്യസിക്കുകയും ബൈക്കുകൾ നിരോധിക്കുകയും ചെയ്തതിനാൽ ഇടക്കാലത്ത് ഇതിന് ശമനം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും തലപൊക്കിയിരിക്കുകയാണ് സംഘങ്ങൾ.
ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുകയും സാഹചര്യം പന്തിയല്ലെങ്കിൽ വാഹനം നിർത്താതിരിക്കുകയും ചെയ്യുക, പിടിച്ചുപറിക്ക് ഇരയായാൽ അപ്പോൾ തന്നെ തൊഴിലുടമയെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്യുക, അനുഭവങ്ങൾ സോഷ്യൽ മീഡിയയിലും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക തുടങ്ങിയ മാർഗങ്ങൾ ഒരു പരിധിവരെ ഇതിന് തടയിടാൻ സഹായിക്കുമെന്നും വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സാമൂഹികപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.