കൊടുവള്ളി: ഓമശ്ശേരിയിലും മുക്കം നെല്ലിക്കാപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ആക്രിക്കടകളിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ കൊടുവള്ളി പൊലീസ് പിടികൂടി. ഓമശ്ശേരിയിൽ അപ്പക്കാട്ടിൽ ഷെരീഫയുടെ കടയിൽ ഈമാസം പതിനാലിനു രാത്രി മോഷണം നടന്നതുമായി ബന്ധപ്പെട്ട പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് കൊടുവള്ളി ഇൻസ്പെക്ടർ കെ.കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് വയനാട് പനമരം സ്വദേശികളായ വാളക്കുളത്തിൽ മുഹമ്മദ് ഷായൂജ് (22), ആലപ്പുറായിൽ അർഷദ് ബിൻ അസീസ് (22), പൊന്നാണ്ടി മുഹമ്മദ് ഷിറോസ് (22) എന്നിവർ പിടിയിലായത്. മോഷണം നടത്തിയ മൂന്നു പേരുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് മുഖ്യ പ്രതിയായ മുഹമ്മദ് ഷായൂജിനെ മഞ്ചേരി കാവന്നൂരിൽവെച്ച് അന്വേഷണം സംഘം ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. ഷായൂജിനെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടു പ്രതികളായ മറ്റു രണ്ടു പേരെയും പിടികൂടുകയായിരുന്നു. ഈങ്ങാപ്പുഴക്കു സമീപത്തുനിന്നാണ് മറ്റു രണ്ടു പ്രതികളെയും കസ്റ്റഡിയിലെടുത്തത്.
പ്രതികളെ ഓമശ്ശേരിയിലെയും മുക്കം നെല്ലിക്കാപ്പറമ്പിലെയും കടകളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പകൽ സമയങ്ങളിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഓറഞ്ചു കച്ചവടം നടത്തുകയും അർധരാത്രിയിൽ ഗുഡ്സ് ഓട്ടോറിക്ഷയുമായി മോഷണം നടത്താൻ ഇറങ്ങുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
കൊടുവള്ളി എസ്.ഐ വി.പി. ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫoസറായ എൻ.എം. രതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, റിജോ മാത്യു, എ.എസ്ഐ ബിജീഷ് മലയമ്മ എന്നിവരരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷണം നടത്തുമെന്നു എസ്.എച്ച്.ഒ കെ കെ.പി.അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.