പട്ടാമ്പി: വല്ലപ്പുഴയിൽ കോയമ്പത്തൂർ സ്വദേശിയായ സ്വർണവ്യാപാരിയെ ആക്രമിച്ച് 45 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടു പ്രതികൾകൂടി അറസ്റ്റിലായി. പ്രധാന പ്രതികളായ തമിഴ്നാട് നാമക്കൽ ദേവദാർ സ്ട്രീറ്റ് വീശണം സ്വദേശികളായ ദിനേശ് കുമാർ (23), അജിത് (25) എന്നിവരെ കഴിഞ്ഞദിവസം തമിഴ്നാട്ടിലെ നാമക്കലിൽനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ തമിഴ്നാട്ടിലെ ഗുണ്ടാ ക്വട്ടേഷൻ സംഘാംഗങ്ങളാണ്. തമിഴ്നാട്ടിൽ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. 2024 ജനുവരി 31ന് കോയമ്പത്തൂരിൽനിന്ന് പട്ടാമ്പിയിലേക്ക് കാറിൽ പോകുമ്പോഴാണ് വല്ലപ്പുഴ ചൂരക്കോട്ട് കാറിലെത്തിയ സംഘം സ്വർണവ്യാപാരിയെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്തത്.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. മാസങ്ങളോളം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പ്രതികളായ ജോൺസൺ, ശിവ, ഭരത്, കോടാലി ജയൻ, അമൽ ജോസ്, ശ്രീജേഷ്, വിജീഷ് എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇനിയും പ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പട്ടാമ്പി സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. പത്മരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ. മണികണ്ഠൻ, കെ. മധുസൂദനൻ, എസ്.സി.പി.ഒ എസ്. സന്ദീപ്, സി.പി.ഒമാരായ ആർ. മിജേഷ്, ബി. ദിനേശ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.