പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്ക്വാഡും സംയുക്തമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 170 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിലായി. തിരുവനന്തപുരം നേമം സ്വദേശികളായ എസ്. ശരത് (25), ഡി. കിരൺ (28) എന്നിവരെയാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽനിന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി തൃശൂരിലേക്ക് ബസ് മാർഗം കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു എം.ഡി.എം.എ.
ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാർഥികൾക്കും പതിവുകാർക്കും വിൽക്കാൻ കൊണ്ടുവന്നതാണെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഇവർ മുമ്പും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായി കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കേസുകളിലും പ്രതികളാണ്. ആർ.പി.എഫ് സി.ഐ എൻ. കേശവദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. ദീപക്, അജിത് അശോക്, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്, ആർ.പി.എഫ് എ.എസ്.ഐ കെ. സജു, എക്സൈസ് പ്രിവന്റിവ് ഓഫിസർ ടി.ജെ. അരുൺ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾമാരായ ഒ.കെ. അജീഷ്, എൻ. അശോക്, കോൺസ്റ്റബിൾ അബ്ദുൽ സത്താർ, എക്സൈസ് സിവിൽ ഓഫിസർമാരായ എ.കെ. അരുൺ കുമാർ, ജി. വിജേഷ് കുമാർ, കെ. വിഷ്ണു, പി. ശരവണൻ, ബി. സുനി, പ്രദീപ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 30 ലക്ഷത്തിലധികം രൂപ വില വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.