കാസര്‍കോട്: ഉദുമ കവർച്ച കേസിലെ പ്രതി മംഗളൂരുവില്‍ എസ്.ഐയെ കുത്തിയ കേസില്‍ അറസ്റ്റില്‍. കര്‍ണാടക വിട്ടസാലത്തൂര്‍ കാട്ടുമലയിലെ മുഹമ്മദ് സാദിഖിനെയാണ്(23) കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശരണപ്പയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
മുതിയക്കാലിലെ സുനില്‍കുമാറിന്റെ കാറും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളിലൊരാളാണ് സാദിഖ്. ഈ കേസിലെ മറ്റൊരു പ്രതിയും സാദിഖിന്റെ സഹോദരനുമായ കാട്ടുമലയിലെ പര്‍ഷബാത്ത് നുസൈറിനെ ഏപ്രില്‍ ഏഴിന് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസംമുമ്പ് നുസൈറിനെ കൊണാജെ പൊലീസ് മോഷണകേസിൽ അറസ്റ്റുചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ മുതിയക്കാലില്‍ നടന്ന കവര്‍ച്ചയില്‍ നുസൈറിനും സംഘത്തിനും ബന്ധമുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം കൊണാജെ പൊലീസ് ബേക്കല്‍ പൊലീസിനെ അറിയിച്ചു.
മംഗളൂരു ജയിലില്‍ കഴിയുകയായിരുന്ന നുസൈറിനെ ബേക്കലിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സാദിഖിനെയും ഷമ്മാസിനെയും കണ്ടെത്താന്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐയെ കുത്തിയ കേസില്‍ സാദിഖ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. ബന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിലകൂടിയ വാച്ച് മോഷ്ടിച്ച കേസിലും സാദിഖ് പ്രതിയാണ്.
മാര്‍ച്ച് 23ന് രാത്രി സാദിഖ് ഭാര്യാസഹോദരന്റെ വീട്ടില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണാജെ എസ്.ഐ ശരണപ്പയും സംഘവും ഇയാളെ പിടികൂടാന്‍ പോയിരുന്നു. ഇതിനിടയിലാണ് ശരണപ്പയെ നുസൈറും സാദിഖും ചേര്‍ന്ന് കുത്തിയത്. ഇതിനിടയിൽ സാദിഖ് പൊലീസ് പിടിയില്‍നിന്ന് രക്ഷപ്പെട്ടു. തുടർന്ന് കൊണാജെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സാദിഖ് പിടിയിലാകുന്നത്. സാദിഖിനെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.