വാഷിങ്ടൺ: യു.എസിലെ വിർജീനിയയിൽ അധ്യാപികക്ക് നേരെ ആറ് വയസുകാരന്‍ വെടിയുതിർത്ത സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അനധികൃതമായി തോക്ക് കൈവശം വെക്കുന്നതിനും ലഹരി ഉപയോഗിച്ചതിനുമാണ് ശിക്ഷ. ലഹരി ഉപയോഗിക്കുന്നവർ തോക്ക് കൈവശം വെക്കുന്നത് അമേരിക്കയില്‍ നിയമ പ്രകാരം അനുവദനീയമല്ല.
ഡേജാ ടെയ്ലർ (26) എന്ന യുവതിയുടെ ആറുവയസുള്ള മകനാണ് അധ്യാപികയായ അബ്ബി സ്വർനെറിനെതിരെ വെടിയുതിർത്തത്. വെടിവെപ്പിൽ അധ്യാപികക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറുവയസുകാരന്‍ അധ്യാപികയ്ക്ക് എതിരെ പ്രയോഗിച്ചത്.
പൊലീസ് പരിശോധനയിൽ കുട്ടിയുടെ അമ്മയുടെ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. സ്ഥിരമായ ലഹരി ഉപയോഗത്തിന്റെ തെളിവുകളും ഫോണില്‍ നിന്ന് കണ്ടെത്തി. ജനുവരിയിൽ നടന്ന സംഭവത്തിൽ ആഗസ്റ്റിലാണ് യുവതി കുറ്റസമ്മതം നടത്തിയത്.
വെടിയേറ്റ് രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപിക നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു.
സ്കൂള്‍ അധികൃതര്‍ക്കെതിരെ അധ്യാപിക കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടി പതിവായി തോക്കുമായി ക്ലാസ് മുറിയിലെത്തുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തതിനാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.