ബംഗളൂരു: ദേശീയപാതയിൽ സ്വകാര്യ ആംബുലൻസിനെ പിന്തുടർന്ന് ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. യെലച്ചനഹള്ളി സ്വദേശികളായ യുവരാജ് സിങ്, മഞ്ജുനാഥ്, ലതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച നെലമംഗല ടോൾ പ്ലാസയിലാണ് സംഭവം. അടിയന്തര ചികിത്സക്കായി കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് യുവാക്കളുടെ പരാക്രമം. പ്രതികൾ മദ്യപിച്ചിരുന്നതായും കാറിൽ അഞ്ചു കിലോമീറ്ററോളം ആംബുലൻസിനെ പിന്തുടർന്നാണ് സംഘം ടോൾ പ്ലാസയിൽവെച്ച് വാഹനം തടഞ്ഞ് തന്നെ കൈയേറ്റം ചെയ്തതെന്നും ആംബുലൻസ് ഡ്രൈവർ ജോൺ പറഞ്ഞു. വേഗത്തിൽ ആംബുലൻസ് ഓടിച്ചെന്ന് പറഞ്ഞായിരുന്നു മർദനം.
തുമകൂരുവിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അഞ്ചു മാസം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ഓക്സിജൻ സപ്പോർട്ടോടെ ബംഗളൂരുവിലെ വാണിവിലാസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. കുഞ്ഞിന്റെ നില ഗുരുതരമാണെന്നും തങ്ങളെ വിടണമെന്നും ആംബുലൻസിലുണ്ടായിരുന്ന കുഞ്ഞിന്റെ മാതാപിതാക്കൾ അഭ്യർഥിച്ചെങ്കിലും അക്രമികൾ ചെവിക്കൊണ്ടില്ല. വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കാനും ശ്രമം നടന്നു. ഒടുവിൽ പൊലീസ് എത്തിയാണ് ആംബുലൻസിനെ കടത്തിവിട്ടത്. ആംബുലൻസിനുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ആംബുലൻസ് ഡ്രൈവർമാർ നെലമംഗല റൂറൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.