ചിറയിന്‍കീഴ്: വിഷ്ണു പ്രസാദ് വധക്കേസിലെ മുഖ്യപ്രതിയും സഹായിയും റിമാൻഡിൽ. കിഴുവിലം മുടപുരം എസ്.എന്‍ ജങ്ഷന് ചരുവിള വീട്ടില്‍നിന്ന് തിട്ടയില്മുക്ക് തോപ്പില്‍ പാലത്തിന് സമീപം ഇലഞ്ഞിക്കോട് വീട്ടില്‍ താമസിക്കുന്ന ജയൻ (43), ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച പടനിലം വട്ടവിള വീട്ടിൽ ലാൽ (51) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
കടയ്ക്കാവൂര്‍ സ്വദേശി വിഷ്ണു പ്രസാദ് (25) ആണ് നവംബര്‍ 22ന് ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ട കടവില്‍വെച്ച് കൊല്ലപ്പെട്ടത്. ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വിലയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശേഷം ആറ്റിങ്ങല്‍ മുള്ളിയന്‍ കാവിലുള്ള കൃഷിതോട്ടത്തില്‍ ജയൻ രണ്ട് ദിവസം ഒളിവില്‍ താമസിച്ചു. അവിടെനിന്ന് ലാലിന്റെ സഹായത്തോടെ തമിഴ്നാട്ടിലേക്ക് കടന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിണ്ഡിഗല്നിന്ന് ഒരു മാസത്തിന് ശേഷം ജയൻ പിടിയിലാകുന്നത്. റൂറല്‍ ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപത്കരിച്ചായിരുന്നു അന്വേഷണം. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിര്‍ദേശപ്രകാരം ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ വി.എസ്. വിനീഷ്, എസ്.സി.പി.ഒ വിഷ്ണു, ഡാൻസാഫ് സബ് ഇന്‍സ്പെക്ടര്‍ ബി. ദിലീപ്, സി.പി.ഒ സുനില്‍രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച പിടിയിലായ പ്രതികളെ തിങ്കളാഴ്ച ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് തെളിവെടുപ്പ് നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.