തിരൂർ: സ്വകാര്യ കമ്പനികളിൽനിന്ന് വായ്പ അനുവദിക്കുന്നുണ്ടെന്ന വാഗ്ദാനവുമായി വ്യാപക പണം തട്ടിപ്പ്. വ്യക്തിഗത വായ്പകൾക്ക് അർഹരായിട്ടുണ്ടെന്ന പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്നത്.
കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി തകർന്നവരെയും യുവാക്കളെയും വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവരെയും ലക്ഷ്യമിട്ടാണിത്.
പ്രമുഖ കമ്പനികളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പേഴ്സനൽ ലോണുകളുടെ പരസ്യം നൽകിയാണ് വനിതകൾ ഉൾപ്പെടെയുള്ള തട്ടിപ്പുസംഘം ആളുകളെ വലയിലാക്കുന്നത്. ഈ കമ്പനികളുടെ സൈറ്റിൽ കയറിയാൽ ഉടൻ ഫോണിലൂടെ ബന്ധപ്പെട്ട് തട്ടിപ്പിനിരയാക്കാൻ ശ്രമിക്കും. പേഴ്സനൽ ലോണുകളുടെ വിവരങ്ങൾ പറഞ്ഞ ശേഷം അവ വാട്സ്ആപ്പിൽ അയച്ചുതരും.
കമ്പനികളുടെ ലോഗോയും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കസ്റ്റമർ കെയർ സംവിധാനം ഉൾപ്പെടെയുള്ള വിവരങ്ങളും സഹിതമാണ് കബളിപ്പിക്കൽ. ആധാർ കാർഡ്, ഫോട്ടോ, പാസ് ബുക്ക്, പാൻ കാർഡ് എന്നിവയുടെ കോപ്പി അയക്കാനാവശ്യപ്പെടും. അയച്ചശേഷം മാസം അടക്കേണ്ട തുകയുടെ വിവരങ്ങൾ അറിയിക്കും. പ്രോസസിങ് തുക അടച്ചാൽ മാത്രമേ വായ്പ ലഭിക്കൂവെന്നും അറിയിക്കും.
2500 രൂപ മുതൽ 6000 രൂപ വരെയാണ് പ്രോസസിങ് തുകയായി ആവശ്യപ്പെടുന്നത്. തുക നൽകാൻ തയാറാവുന്നവരോട് അര മണിക്കൂറിനുള്ളിൽ അക്കൗണ്ടിലേക്ക് തുക വരുമെന്നറിയിക്കും. എന്നാൽ, പണം ലഭിക്കാത്തവർ ബന്ധപ്പെടുമ്പോൾ ജി.എസ്.ടി തുകയായി 25,000 രൂപ അടക്കണമെന്ന് പറയും.
ഈ തുക വായ്പയിൽനിന്ന് കുറക്കാൻ പറഞ്ഞാൽ വായ്പതുക നേരത്തേ അയച്ചതിനാൽ അതിന് സാധിക്കില്ലെന്നാണ് മറുപടി. ജി.എസ്.ടി ആയി അടക്കുന്ന തുക 48 മണിക്കൂർകൊണ്ട് തിരികെ അക്കൗണ്ടിലേക്ക് കയറുമെന്നാണ് വാഗ്ദാനം. എന്നാൽ, അടച്ച പണം തിരിച്ചുചോദിച്ചാൽ പിന്നെ ഒരു മറുപടിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.