തൃപ്പൂണിത്തുറ: വയോധികയെ വീടുകയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് കണ്ടനാട് ഭാഗത്ത് ഒറ്റക്ക് താമസിക്കുന്ന 66കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ഉദയംപേരൂർ കണ്ടനാട് കരയിൽ ഇടയത് മുഗൾ ഭാഗത്ത് ഇളയിടത്ത്കുടി വീട്ടിൽ ഷൈജുവിനെയാണ് (39) ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് രാത്രിയാണ് സംഭവം. കാറിൽ വയോധികയുടെ വീടിനുസമീപം എത്തിയ പ്രതി മുൻവാതിലിലൂടെ കയറി വാതിൽ അടച്ചു കുറ്റിയിടുന്നത് കണ്ട് പേടിച്ച വയോധിക പിൻവാതിലിലൂടെ ഇറങ്ങിയോടി അയൽപക്കത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. അയൽവാസികളും മറ്റും എത്തുന്നതിനുമുമ്പ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചിരുന്നു. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ, വീടുകയറി ആക്രമിച്ചതിന് വീട്ടമ്മയെ ഉപദ്രവിച്ചതിന് ഒരു കേസും മദ്യം സൂക്ഷിച്ച കാര്യം പൊലീസിൽ അറിയിച്ചെന്ന് ആരോപിച്ച് ദമ്പതികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും ഉദയംപേരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 60ഓളം കുപ്പി വിദേശമദ്യം സൂക്ഷിച്ചതിന് പ്രതിക്കെതിരെ പിറവം പൊലീസ് സ്റ്റേഷനിലും കേസുണ്ട്. പ്രതിയെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ എൻ.ആർ. ബാബു, രാജേഷ്, ശ്യാംലാൽ സജിമോൻ, ബിനിൽ, പ്രശാന്ത്, ശാന്തിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.