കൊച്ചി: നെതർലൻഡ്സിൽനിന്ന് വിദേശ പോസ്റ്റ് ഓഫിസ് വഴി വീര്യംകൂടിയ ലഹരിമരുന്നെത്തിച്ച യുവാവ് പിടിയിൽ. വീര്യംകൂടിയ എം.ഡി.എം.എയും കൊക്കെയ്നും വാങ്ങിയ കൊടുങ്ങല്ലൂർ ലോകമലേശ്വരം വടക്കനോളിൽ വീട്ടിൽ ജാസിം നിസാമാണ് (29) അറസ്റ്റിലായത്.
രണ്ട് ദിവസം മുമ്പാണ് ഫോറിൻ പോസ്റ്റ് ഓഫിസിൽ ജാസിമിന്റെ പേരിലെത്തിയ പാർസലിൽ ഇന്‍റർനാഷനൽ മെയിൽ സെന്‍റർ ഓഫിസിന് സംശയം തോന്നിയത്. തുടർന്ന് ഉദ്യോഗസ്ഥർ എക്‌സൈസിന് ഇത് കൈമാറി.
പാർസൽ പരിശോധിച്ചപ്പോഴാണ് മൂന്ന് കവറുകളിൽ എം.ഡി.എം.എയും ഒരു കവറിൽ കൊക്കെയ്നുമാണെന്ന് തിരിച്ചറിഞ്ഞത്. ബ്രൗൺ, പിങ്ക്, വെള്ള നിറത്തിലുള്ള 2896.8 മില്ലീഗ്രാം എം.ഡി.എം.എയും 9881.8 മില്ലീഗ്രാം കൊക്കെയ്നുമാണ് കൊറിയറിലുണ്ടായിരുന്നത്.
ഇതിലെ വിലാസം നോക്കി എക്‌സൈസ് സംഘം ജാസിമിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തു. പാർസൽ തന്റേതല്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ, സമാനമായ കൊറിയറുകൾ ജാസിമിന് കൈമാറിയതായി പോസ്റ്റ്മാൻ അറിയിച്ചതോടെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ക്രഷർ, ഹുക്ക തുടങ്ങിയവയും കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുവന്നെങ്കിലും മൊഴിയിൽ ഉറച്ചുനിന്നു.
അതിനിടയിൽ 'സാധനം' ചോദിച്ചു ഫോണിലേക്ക് വന്ന വിളിയെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഡി.ജെ പാർട്ടികളിലെ സൗണ്ട് എൻജിനീയറായ ജാസിം ഹിമാചൽപ്രദേശിൽനിന്ന് പരിചയപ്പെട്ട ഇറ്റലിക്കാരൻ മുഖേനയാണ് മയക്കുമരുന്ന് വാങ്ങുന്നത്. വിനോദമേഖലയിലെ ഉന്നതർക്ക് മാത്രമാണ് മയക്കുമരുന്ന് വിറ്റിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസി. എക്‌സൈസ് കമീഷണർ ടെനിമോന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാമപ്രസാദ്, പ്രവിന്റീവ് ഓഫിസർമാരായ സത്യനാരായണൻ, രമേഷ്, ഋഷികേശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ രാജേഷ്, സൗമ്യ, ബദറുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.