കൊച്ചി: മയക്കുമരുന്നായ എൽ.എസ്.ഡിയും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വയനാട് വൈത്തിരി പുതുശ്ശേരിക്കടവ് പത്തായക്കോടൻ വീട്ടിൽ സുഹൈലാണ് (22) നാർകോട്ടിക് സെൽ അസി. കമീഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമിന്‍റെ പിടിയിലായത്. ഡാൻസാഫും കടവന്ത്ര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വൈറ്റില, പൊന്നുരുന്നി ഭാഗത്തുനിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകളും 0.4 ഗ്രാം എം.ഡി.എം.എയുമായി പ്രതിയെ പിടികൂടുകയായിരുന്നു.
സാഹസികമായി ഇയാളെ പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരിൽ ചിലർക്ക് പരിക്കേറ്റു. കൊറിയർ വഴി മയക്കുമരുന്ന് ശേഖരിക്കുകയും അത് പൊന്നുരുന്നി, വൈറ്റില, കടവന്ത്ര, ചളിക്കവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കും മറ്റും ചെറിയ അളവിൽ വിതരണം ചെയ്ത് പണം സമ്പാദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയായി ഇയാൾ ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പ്രതിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നവർ, വാങ്ങുന്നവർ എന്നിവരെക്കുറിച്ച് അറിയുന്നതിനായി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൊന്നുരുന്നിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു പ്രതി. സ്ഥാപനത്തിലെ മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.