ആസിഫ് അലി, പണ്ഡിറ്റ് രമേഷ് നാരായണൻ, അശോകൻ ചരുവിൽ

സൗഹൃദങ്ങളുടെ ആൽബം

പണ്ഡിറ്റ് രമേഷ് നാരായണനും ആസിഫ് അലിയും കണ്ണീരിലും ചിരിയിലുംവെച്ച് മനംനിറഞ്ഞ് കണ്ടുമുട്ടിയപ്പോൾ മലയാളിയുടെ സൗഹൃദത്തിന്റെ ആൽബത്തിൽനിന്ന്, മലപോലെ വന്ന സംഘർഷം മഞ്ഞുപോലെ മറഞ്ഞ് പോവാതെ; സൗഹൃദത്തിന്റെതന്നെ മറ്റൊരു മലയായി മാറിയതുകണ്ട്, ആകാശത്തിരുന്ന് മാലാഖമാരും ഭൂമിയിലിരുന്ന് മനുഷ്യരും പ്രത്യേകിച്ച് ആരുടെയും ആഹ്വാനമില്ലാതെ ആഹ്ലാദിച്ച ദിവസങ്ങളാണ് കേരളത്തിന്റെ മതനിരപേക്ഷ മാനസികാവസ്​ഥയുടെ കൊടിപറത്തി കടന്നുപോയത്.

എം.ടിയെ ആദരിക്കുന്നൊരു മഹത്തായ ചടങ്ങിൽ, അപ്രതീക്ഷിതമായി കടന്നുവന്നൊരു കരട്, അതിനേക്കാൾ വേഗത്തിൽ വിസ്മയകരമാംവിധമുള്ളൊരു സൗഹൃദക്കരുത്തായി വികസിച്ചതിന് മലയാളി ജീവിതം വേദിയായി എന്നുള്ളത് എത്രയെത്രയോ ആഹ്ലാദകരം. ആദ്യം ആസിഫ് അലി കൊടുത്ത മെമന്റോ രമേഷ് നാരായണൻ ആദരപൂർവം സ്വീകരിച്ചില്ലെന്നതിന്റെ പേരിൽ കൊച്ചി സംഘർഷത്തിന്റെ കേന്ദ്രമായെങ്കിൽ, പിന്നീട് ആ കൊച്ചിയും കോഴിക്കോടും കേരളമാകെയും മലയാളികളായ മലയാളികളൊക്കെയും സൗഹൃദത്തിന്റെ മധുരമറിഞ്ഞു. മാപ്പിന്റെ മഹത്ത്വവും പൊറുക്കലിന്റെ വിനയവും അങ്ങനെയൊന്നും നഷ്​ടമാവുകയില്ലെന്ന നിറവിൽ മലയാളി ജീവിതത്തെ നിർവൃതപ്പെടുത്തിയത്, എപ്പോഴും അതിരുകൾക്കപ്പുറങ്ങളെ അഭിവാദ്യം ചെയ്യാനുത്സുകമാവുന്ന കലയുടെ ഊർജമാണ്.

രണ്ട് കലാകാരർ കൂടിച്ചേരുമ്പോൾ ജീവിതത്തിന്റെ ആകാശത്തിൽ മൂന്നാമതൊരു നക്ഷത്രമല്ല, നക്ഷത്രശോഭയുള്ള ആർദ്രസന്ദർഭങ്ങൾ പിറക്കും! ഓരോ മനുഷ്യജീവിതത്തിലുമുണ്ട് ചുരുങ്ങിയത് ഓരോ സൗഹൃദത്തിന്റെ ആൽബം. മരവിക്കാൻ സാധ്യതയുള്ള ഏതൊരു ശരീരത്തെയും മാദകമോഹനകവിതയാക്കുന്നത് ആയൊരു ആൽബംകൂടിയാണ്. പറിഞ്ഞുപോയ ചിത്രങ്ങളുടെയും പറന്നുപോയകിനാവുകളുടെയും പാടുകളും, ചിരിയും കണ്ണീരും പുരണ്ട താളുകളും അഴിച്ചിട്ടും തീരാത്ത സങ്കടങ്ങളുടെ പൊതിക്കെട്ടുകളും, പിൻവലിയുമ്പോഴും പിൻവലിയാത്ത പ്രക്ഷോഭങ്ങളുടെ കനലുകളും സൂക്ഷിച്ച് നോക്കിയാൽ ആ ആൽബത്തിൽനിന്നും കണ്ടെടുക്കാൻ കഴിയും.

ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം എന്ന അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ ഫേസ്​ബുക്ക് പോസ്റ്റും എനിക്കുള്ള പിന്തുണ രമേഷ് നാരായണെതിരെയുള്ള വിദ്വേഷപ്രചാരണമായി മാറരുതെന്ന ആസിഫ് അലിയുടെ അപേക്ഷയും എന്റെ മനസ്സിലൊരു കറയുമില്ലെന്ന പണ്ഡിറ്റ് രമേഷ് നാരായണന്റെ ഹൃദയംതുറക്കലും ഇനി ഇതുമായി ബന്ധപ്പെട്ടൊരു സംവാദവും ആവശ്യമില്ലെന്ന മാധ്യമങ്ങളുടെ അപ്രഖ്യാപിത തീരുമാനവും നമ്മുടെ കേരളം നഷ്​ടപ്പെട്ടിട്ടില്ലെന്ന, അങ്ങനെയൊന്നും മതനിരപേക്ഷ കേരളത്തിന് സ്വയം നഷ്​ടപ്പെടാനാവുകയില്ലെന്ന ഉറപ്പാണ് പങ്കുവെക്കുന്നത്. മനസ്സ് ശരിക്കുമൊരു ഉൾപ്പൂവായി മാറിയ മലയാളിമനസ്സിന്റെ സുഗന്ധമാണ്, സൗഹൃദങ്ങളുടെ ആൽബം മറിക്കുമ്പോൾ നമുക്കനുഭവപ്പെടുന്നത്.

സത്യത്തിൽ സംഘർഷങ്ങളോടൊപ്പം കലയിൽ സന്നിഹിതമായ സൗഹൃദംതന്നെയാണ് അപ്രതീക്ഷിതമായൊരു വീഴ്ചയെ പ്രതിരോധിക്കുന്ന രക്ഷയായത്. പുകപടരാനിടയുള്ളിടത്ത്, അതോടെയാണ് പരിമളം പരത്തും പൂക്കൾ വിരിഞ്ഞത്. കലയും സാഹിത്യവും താദാത്മ്യമെന്നതിനെക്കാൾ, തിരിച്ചറിവുകൾ ഉണ്ടാക്കുമ്പോഴാണ്, പഴയ സഹൃദയർക്കു പകരം പുതിയ സുഹൃത്തുക്കളുണ്ടാവുന്നത്. അപ്പോൾ ചിരിയും കണ്ണുനീർതുള്ളിയും അനാഡംബരമായി പരസ്​പരം കണ്ടുമുട്ടും. ഏറിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പ് ഇവിടെപ്പോൽ കാണുമോ വേറെങ്ങാനും എന്ന്, അതോടെ കവിയോടൊപ്പം നമുക്കും നിർവൃതപ്പെടാനാവും.

യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടതു പോലെ മുറിവേറ്റ ഫാഷിസ്റ്റ് മൃഗം ഒരിക്കലും അടങ്ങിയിരിക്കില്ല. അത്തരമൊരു സന്ദർഭത്തിൽ അതിനോട് നേരിട്ട് ബന്ധപ്പെട്ടാലും അല്ലാതായാലും സൗഹൃദത്തിന്റെ ഒരു മിന്നൽക്കാഴ്ചപോലും എവിടെനിന്നായാലും മധുരോദാരമാണ്. നമ്മളതിനെ ധൂർത്തമായിതന്നെ കൊണ്ടാടണം. മരവിപ്പിൽ ചൂട് പകരുന്ന ആ കനൽതരിയെ ഊതിയൂതി തിളക്കണം. വിസ്​മയംപോലെ ലഭിക്കും നിമിഷങ്ങൾക്കർഥം കൊടുത്ത് പൊലിപ്പിച്ചെടുക്കുക എന്നുള്ളത് ജീവിതം എന്നുമെപ്പോഴും മറ്റൊന്നിനും വിട്ടുകൊടുക്കാതെ സ്വന്തം മുദ്രാവാക്യമായി മാറ്റണം.

സൗഹൃദത്തിന്റെ മധുരം

സംഘർഷപ്പെടുത്തുന്ന, അല്ലെങ്കിൽ കടുത്ത ശത്രുതയോളമുള്ള മാനസികാവസ്​ഥ സൃഷ്​ടിക്കുമ്പോഴും സാഹിത്യത്തിലും കലയിലും സൗഹൃദപ്പെടുത്തലിന്റെ ഒരു സമാന്തരലോകംകൂടി പ്രവർത്തിക്കുന്നുണ്ടാവും. ഏത് കൊലക്കയറിലും തലകുത്തി നിന്നിട്ടെങ്കിലും കല ഒരു ഊഞ്ഞാൽകൂടി അതിൽ കണ്ടെത്തും. നാണംകുണുങ്ങിപ്പൂവിൽനിന്ന് കമിതാക്കളെയും നീതി തേടുന്ന പോരാളികളെയും അതെന്നും നിർമിക്കും! ഓരോ ശത്രുവിനുള്ളിലും ഒരു മിത്രവുമുണ്ടെന്ന് ഏത് കീഴ്മേൽ മറിച്ചിലിനിടയിലും അതോർമിപ്പിക്കും. സൗഹൃദപ്പെടലിന്റെ ബഹുസ്വരതയിലേക്കുതന്നെ കലകളൊക്കെയും എത്ര കിതച്ചിട്ടാണെങ്കിലും ഒടുവിൽ വന്നെത്തും എന്ന് പറയുന്നത് സാഹിത്യകലാസൃഷ്​ടികളുടെ ഒടുവിൽ ശുഭം എന്ന് എഴുതികാണിക്കുന്നതു​െകാണ്ടോ; അത് ദുഃഖാന്തമല്ലാത്തതുകൊണ്ടോ അല്ല, ട്രാജഡിയിൽപോലും ആഹ്ലാദത്തിന്റെ കൊള്ളാൻ കൊതിക്കുംവിധമുള്ള അടികൾ ഉള്ളതുകൊണ്ടാണ്. മരണംപോലും കലയിലും സാഹിത്യത്തിലും ജീവിതംതന്നെയായി മാറും.

സാദാ ജീവിതത്തെ, സമസ്​ത സംഘർഷ സങ്കീർണ ശോഭയിലേക്കുയർത്തുന്നതു​െകാണ്ടാണ് കല ജീവിതംതന്നെയാവുന്നത്. സഹൃദയർ താദാത്മ്യത്തിന്റെ താഴ്ന്നപടവിലാണ്. എന്നാൽ, സുഹൃത്തുക്കൾക്കുമുന്നിൽ മേൽ-കീഴ് പടവുകളില്ല. ആധിപത്യത്തിനും വിധേയത്വത്തിനുമപ്പുറം സൗഹൃദം എന്നും അന്വേഷിക്കുന്നത്, സ്വാതന്ത്ര്യത്തിന്റെ ലോകമാണ്. ഞങ്ങൾ കൽപിക്കും, നിങ്ങൾ അനുസരിക്കണമെന്നല്ല, നമുക്ക് നമ്മളെ നന്നായി ആവിഷ്കരിക്കാമെന്നാണത് ഓരോ ചുവടുവെപ്പിലും ഉറപ്പിക്കുന്നത്. വഴുക്കാനേറെ സാധ്യതയുള്ള ഒരു ചതുപ്പുനിലമാണിതെന്നറിഞ്ഞുകൊണ്ടുതന്നെ!

മുല്ലപ്പൂവും ഉണക്കമുള്ളനും

സൗഹൃദത്തിന്റെ സാധ്യതകളെ ജീവിതത്തിൽ എവിടെയെങ്കിലുംവെച്ച് എപ്പോഴെങ്കിലും കണ്ടുമുട്ടാത്ത ഒരാളുമുണ്ടാവില്ല. കലയും സാഹിത്യവുമാവട്ടെ മറ്റു പലതിനുമൊപ്പം സൗഹൃദമിരമ്പുന്ന മഹാസാഗരമാണ്. മലയാളത്തിന്റെ പ്രിയകഥാകൃത്ത് അശോകൻ ചരുവിലിന്റെ, ‘പുഴവക്കത്തെ കവുങ്ങിൻ തോട്ടങ്ങൾ’ എന്ന കഥ ആ അർഥത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ സൗഹൃദങ്ങളുടെ ആൽബത്തിലെ അലസമായി മറിച്ചിട്ട് പോവാനാവാത്ത കനമുള്ളൊരു ഏടാണ്. 2004ൽ ആണ് പ്രസ്​തുത കഥ എഴുതിയതെങ്കിലും, 2014നു ശേഷം ഇന്ത്യയിൽ ഉണ്ടായിതീർന്ന നവഫാഷിസ്റ്റ് പശ്ചാത്തലത്തിലും ആ കഥ നിന്നുകുതറും. പതിവുകളുടെ ചങ്ങലകൾ പൊടിക്കുന്ന സൗഹൃദത്തിനൊപ്പം സ്വയമൊരു സമരംകൂടിയായി മാറുന്നതുകൊണ്ടാണ് ‘പുഴവക്കത്തെ കവുങ്ങിൻതോട്ടങ്ങൾ’ ഇന്നും ഏറെ ശ്രദ്ധേയമാവുന്നത്.

പഠനം നിർത്തേണ്ടിവന്ന കുട്ടമ്പൂരിലെ ഷൗക്കത്തലിയുടെ സഹപാഠിയും പിന്നീട് എഴുത്തുകാരനുമായി മാറിയ അശോകൻ ചരുവിലിന്റെ ബാല്യകാലസ്​മരണകളും, വർത്തമാനകാല യാഥാർഥ്യങ്ങളും അവർ പങ്കുവെക്കുന്ന സൗഹൃദത്തിന്റെ നിർവൃതികളുമാണ്, പൂവിൽസുഗന്ധമെന്നപോലെ കഥയിലുടനീളം പരക്കുന്നത്. പഴയ കേരളത്തിന്റെ ദുരിത ഇരുട്ടിൽ വെളിച്ചമായി തീർന്ന ഗൾഫാണ്, കഥയിലെ ഒരു പ്രധാന കഥാപാത്രം. പരശുരാമൻ മഴുവെറിഞ്ഞല്ല, നാനാവിധ സമരങ്ങൾക്കൊപ്പം ഗൾഫുകാർ ഒഴുക്കിയ അധ്വാനത്തിന്റെ വിയർപ്പിലുമാണ് പുതിയ കേരളമുണ്ടായതെന്ന്, ‘പുഴവക്കത്തെ കവുങ്ങിൻതോട്ടങ്ങൾ’ അനുഭവിപ്പിക്കും. ഇന്റെ വേഷോം, ഇന്റെ വർത്താനോം ഒന്നും ശര്യല്ല എന്ന കടപ്പുറക്കാരനായ കുട്ടമ്പൂരിലെ പാവപ്പെട്ട ഷൗക്കത്തലിയുടെ, ഭാഷയിൽകൊള്ളാത്ത വാക്യമാണ് കഥയുടെ പ്രധാനകേന്ദ്രങ്ങളിൽ ഒന്ന്. ഒരു ജനവിഭാഗത്തെക്കൊണ്ടുത ന്നെ തങ്ങളെന്തോ കൊള്ളരുതാത്തവരാണെന്ന് തോന്നിപ്പിക്കുന്ന ജാത്യാധിപത്യത്തിൽ നിന്നാണ്, നിരുപദ്രവകരമെന്ന് നടിക്കുന്ന അതിന്റെ തമാശകളിൽനിന്നാണ്, ആ തമാശകളെത്തന്നെ കീഴ്മേൽ മറിച്ചിട്ടുകൊണ്ട് കഥ കരുത്താർജിക്കുന്നത്.

അങ്ങാടിയിലിരുന്ന് ഉണക്കമത്സ്യം വിക്ക്ണോര്ക് കവിത മനസ്സിലാവോ? കുരങ്ങന്റെ കയ്യില് പൂമാല കൊടുത്താൽ വാര്യര്മാഷ് അർഥം വെച്ച് പറയും. ക്ലാസ് ഒന്നടങ്കം പൊട്ടിച്ചിരിക്കും. പോത്തിന് ചേറുകുളം പഥ്യം. ഈച്ചക്ക് ചീഞ്ഞ ഭക്ഷണം വേണം. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കെടന്ന ചരിത്രമുണ്ടോ? ഒരെലയിൽ കുറച്ചു മുല്ലപ്പൂവും, ഒരു കുട്ടേല് കുറച്ച് ഉണക്ക മത്സ്യവും വെച്ച് കൊടുത്താല് ചന്തപ്പിള്ളേര് ഉണക്കമ​േത്സ്യ എടുക്കൂ. അതാ അവരുടെ ജന്മവാസന. ഷൗക്കത്തലി അപ്പോൾ എന്റെ ചെവിയിൽ അടക്കം പറയും. എന്ത്ന്നാണ് വാര്യര്മാഷ് പറയണ്. മുല്ലപ്പൂവ് കിട്ടീറ്റ് എന്തിനാ? ഒരു പ്രാവശ്യം ഒന്ന് മണത്ത്നോക്കാം, ഒരുണക്കമുള്ളൻ ചുട്ടാല് ഒരുകലം ചോറുണ്ണാം. ഇനിക്കെന്തൂട്ട്ണ് സാഹിത്യം? സാഹിത്യം കഥ കവിതാന്നൊക്കെ കേൾക്കുമ്പോ ഇനിക്ക്മ്മടെ േക്രാന്തൻപല്ലൻ മൊയല് വാര്യരുമാഷാണ് ഓർമ്മവര്വാ. ആ ചൂരല് വീഴുമ്പഴത്തെ ചുട്ടുപൊള്ളല്. മനുഷന്റെ ചങ്ക് കലക്കണ കുത്തുവാക്ക്. ന്നാലും നിന്റെ കഥാപുസ്​തകമല്ലേന്ന്ച്ചട്ട് ഞാൻ വായിച്ചു. വായിച്ചപ്പൊ ഇനിക്ക് മനസ്സിലായി. എന്തു മനസ്സിലായി? നീ ഇന്നെ മറന്നിട്ടാല്ലാന്ന്. നിനക്ക് മറക്കാമ്പറ്റില്ലാന്ന്? ഇന്റെ മനസ്സില് നോക്കിട്ടാണോ നിയ്യ് എഴുത്യേത്?

അതെ, മനസ്സ് നോക്കിക്കാണലാണ്, ചങ്കിടിപ്പ് കേൾക്കലാണ് ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കലാണ്, കരുതലും കാവലുമാണ് സൗഹൃദം. ഓരോ എഴുത്തും കുഴിച്ചിറങ്ങുന്നത്, മറച്ചുവെക്കപ്പെടുന്നതടക്കം എന്തും കണ്ടെത്താനാണ്. സൗഹൃദത്തോളം വലിയൊരു മൂല്യം എത്ര കുഴിച്ചാലും കണ്ടെത്താനാവുമെന്ന് തോന്നുന്നില്ല. ഏറെ പ്രശംസിക്കപ്പെടുകയും, അതിനേക്കാളേറെ കാൽപനികത കൊഴുപ്പിക്കുകയും ചെയ്ത പ്രണയംപോലും സത്യത്തിൽ ആ മഹാസൗഹൃദത്തിന്റെ മുരട്ടിലെ ഒരു മുള മാത്രമാണ്. പ്രണയം പൊളിഞ്ഞാലും അതുകൊണ്ടാണ് സൗഹൃദം പിന്നെയും തളിർക്കുന്നത്.

ഗർവല്ല കിർവ

കുട്ടമ്പുഴയിലെ ഷൗക്കത്തലി അന്ന് അശോകൻ ചരുവിലിനെപ്പോലെ, അദ്ദേഹത്തിന്റെ മറ്റ് ആത്മമിത്രങ്ങളെപ്പോലെ ഒരു വ്യക്തി മാത്രമായിരുന്നു. ഷൗക്കത്ത് അലിയുടെ നേരെയുള്ള വാര്യർമാഷ്ടെ അസഹനീയമായ ആക്ഷേപംപോലും ഒരു നവഫാഷിസ്റ്റ്കാലത്തെപ്പോലെ തേറ്റകളും ദംഷ്ട്രകളും ഉള്ളതായിരുന്നില്ല. പ്രത്യക്ഷത്തിൽ ഒരാക്ഷേപമെന്നുപോലും തിരിച്ചറിയാത്ത, അന്ന് നിലനിന്നുപോന്ന ഒരവികസിത മാനസികാവസ്​ഥ ആഘോഷിക്കുക മാത്രമാണ് വാര്യര്മാഷും ചെയ്തത്. എന്നാലിന്ന് കാര്യങ്ങളാകെ മാറിയിരിക്കുന്നു. രണ്ട് മതത്തിൽപെട്ടവർ പ്രണയിക്കുന്നതുപോയിട്ട് സൗഹൃദപ്പെടുന്നതുപോലും കുറ്റകൃത്യ പട്ടികയിൽ പെടുത്തപ്പെട്ടിരിക്കുന്നു! ഇത്തരമൊരവസ്​ഥയോടാണ് ‘പുഴവക്കത്തെ കവുങ്ങിൻതോട്ടങ്ങൾ’ എന്ന ചരുവിൽകഥ ചെറുത്തുനിൽക്കുന്നത്.

നാട്/ഗൾഫ്, ഷൗക്കത്തലി/വാര്യർമാഷ്, വീട്/സ്​കൂൾ, സർക്കാർ ഉദ്യോഗം/ബിസിനസ്, സംസ്​കാരം/അപരിഷ്കൃതത്വം, സാമാന്യബോധം/വിമർശബോധം ഇതിനെയെല്ലാം നിർണയിക്കുന്ന സാമൂഹികാവസ്​ഥയിലെ പലനിലകളിലുള്ള മേൽ-കീഴ് ബന്ധങ്ങൾ എന്നിങ്ങനെയുള്ള ഇരട്ടകളുടെ ഇടച്ചിലിൽനിന്നാണ്, പാറക്കെട്ടിനുള്ളിൽനിന്ന് തെളിനീർ ഉറവപോലെ സർവ അതിർത്തിയും ഭേദിക്കുന്ന അശോകൻ-ഷൗക്കത്തലി സൗഹൃദമുണ്ടാവുന്നത്. എന്നാൽ, ആ സൗഹൃദവും ഒരത്ഭുതംപോലെ ആകാശത്തുനിന്ന് പൊട്ടിവീഴുകയല്ല ഉണ്ടായത്.

‘പുഴവക്കത്തെ കവുങ്ങിൻതോട്ടങ്ങൾ’ ആവിഷ്കരിക്കുന്നത് കയ്പേറിയ നിരവധി കടമ്പകൾകടന്ന് മുന്നേറുന്ന സൗഹൃദത്തിന്റെ മധുരമാണ്. സ്​മരണകളും സ്വപ്നങ്ങളും ജീവിതത്തിനു കാവൽനിൽക്കുമെങ്കിൽ, സർവഗർവുകളെയും മറികടന്ന് സൗഹൃദം സ്വന്തം സ്​നേഹക്കൊടി പറത്തും. സ്​കൂൾപഠനം പൂർത്തിയാക്കാനാവാതെ ഗൾഫിൽ പോയി പണക്കാരനായി വന്ന കുട്ടമ്പുഴയിലെ ഷൗക്കത്തലി, തന്റെ ബാല്യകാല സുഹൃത്തിനെ കണ്ട​േപ്പാൾ പറഞ്ഞത് അഗാധമായൊരു സൗഹൃദത്തിൽമാത്രം പങ്കുവെക്കാവുന്ന കാര്യങ്ങളാണ്. അവർക്കിടയിൽ കുറഞ്ഞ സൗഹൃദം മാത്രമാണുണ്ടായിരുന്നതെങ്കിൽ അതുകൂടി ഇല്ലാതായിപ്പോകാവുന്ന, വേണമെങ്കിൽ ഒരൗപചാരിക സൗഹൃദത്തിൽ ഒഴിവാക്കാവുന്ന സംഭവങ്ങളാണയാൾ കുറ്റപ്പെടുത്തലിന്റെ കറയില്ലാതെ നിർവ്യാജമായ സ്​നേഹത്തോടെ സ്വന്തം ചങ്ങാതിക്കു മുന്നിൽ ഒരു മറയുമില്ലാതെ പകുത്തത്.

സ്​കൂളീന്ന് പഠിപ്പു നിർത്തി പോന്നേന്ശേഷം മ്മള് കണ്ടിട്ടില്ല. കണ്ടിട്ടില്ലാന്ന് പറഞ്ഞൂടാ. ന്നാ മിണ്ടീട്ടില്ല. നിയ്യ് നാട്ടിക കോളേജില് പഠിക്കാൻ ആൽമാവിന്റവടെ ബെസ്സെറങ്ങി നടക്കുമ്പോ ഞാൻ സൈക്കുളുമ്മെ, പൂഹെയ് വിളിച്ച് മീൻ വിറ്റേർന്നു അന്ന്. അപ്പം നമ്മൾ കണ്ടു. അങ്ങട്ടും ഇങ്ങട്ടും മിണ്ടീല്യ. നിന്റെ വീടിന്റടുത്ത് സി.പി ഓയിൽ മില്ലില് ഞാൻ കൊപ്രച്ചാക്ക് ചൊമക്കാൻ വന്നു. മ്മളപ്പോ എല്ലാ ദെവസോം കണ്ടു. നിയ്യ് ഇന്റടുത്ത് വന്നില്ല. ഞാൻ നിന്റടുത്തും വന്നില്ല. കുരുമുളക്പൊട്ടിക്കാൻ ചാക്കുംകൊണ്ട് ഞാൻ നിന്റെ പറമ്പി വന്നു. അപ്പളും നമ്മ കണ്ടഭാവം കാണിച്ചില്ല. നിന്റെ കുറ്റല്ലാ അത്. ഇന്റെ കുറ്റോം അല്ല (പുഴവക്കത്തെ കവുങ്ങിൻ തോട്ടങ്ങൾ: അശോകൻ ചരുവിൽ).

അപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത് ഇതാരുടെ കുറ്റമാണ് എന്ന ചോദ്യം മാത്രമല്ലാത്ത കൊഴമാന്തിരം പിടിച്ചൊരവസ്​ഥയാണ്. ഏതെങ്കിലും തരത്തിലുള്ള അധികാരമുള്ളവർ പദവിയിലിരിക്കുന്നവർ പ്രശസ്​തർ, നി​േത്യനയെന്നോണം സ്വന്തം നെറ്റി ഒന്നുചുമ്മാ തടവി ഒന്ന് ചുമ്മാ നോക്കണം! അമ്പട ഞാൻ എന്ന അശ്ലീല

കൊമ്പ് മുളക്കുന്നുണ്ടോ എന്നറിയാൻ. ഉണ്ടെങ്കിൽ മറ്റാരും വരാൻ കാത്ത് നിക്കണ്ട, പിഴുതെറിഞ്ഞ് വലിച്ചെറിഞ്ഞേക്കണം ഒഴുക്കുള്ള ഓടയിലേക്ക്! ഒരധികാരവുമില്ലാത്തവരും അധികാരമുള്ളവരെപ്പോലെ നിത്യേനയല്ലെങ്കിലും മാസത്തിലൊരു തവണയെങ്കിലും നെറ്റിയിൽ ഒന്ന് തൊട്ടുനോക്കുന്നത് നന്ന്! കൊമ്പ് മുളയ്ക്കുന്നുണ്ടോ എന്നറിയാൻ. അനുരാഗത്തിന്റെപോലും സാക്ഷാൽ ശത്രു ദുരഭിമാനമാണെന്ന് ആശാന്റെ സീത. അനവസരത്തിൽ വേഷം മാറിവരുന്ന ഒരാവശ്യവുമില്ലാത്ത അധികാരത്തിന്റെ പ്രയോഗമാണ് ദുരഭിമാനം. അല്ലെങ്കിൽ ഗർവ്. ‘രതിമാർഗമടച്ചും ഹൃത്തിൽ നിൻ/ ഹതി ചെയ്യുന്നതു ഗർവമാണ് കേൾ’ എന്ന് ആശാൻ പറഞ്ഞത് കേട്ടിട്ടില്ലെങ്കിലും സീതാകാവ്യം വായിച്ചിട്ടില്ലെങ്കിലും, കിർവ വേണമെന്ന് എന്റെ ഇമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. മലയാളം എം.എക്ക് ചേർന്നതിൽ പിന്നെയാണെന്ന് തോന്നുന്നു, കൊമ്പില്ലാത്ത മധുരമേറെയുള്ള ഗർവം പൊളിക്കുന്ന ആ കിർവ എന്ന മധുരോദാരമായ വാക്ക് എനിക്ക് നഷ്​ടമായി. ഗുണപാഠം ഒന്ന്: രാജാവായാലും മന്ത്രിയായാലും ആരായാലും ആർക്കും ഒരു കാര്യത്തിലും ഗർവ് പാടില്ല. എല്ലാ കാര്യത്തിലും കിർവ വേണം. ഗുണപാഠം രണ്ട്: ഏത്, കോലോത്തെ കൊമ്പനും വീഴാം, തെറ്റ് പറ്റാം. തിരുത്തിയാൽ തീർന്നു അതോടെ എല്ലാം.

Tags:    
News Summary - Album of friendships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.