മുംബൈ: രാജാ രവിവര്‍മയുടെ ‘യശോദയും കൃഷ്ണനും’ പെയിന്റിങ് ലേലത്തിൽ വിറ്റത് റെക്കോഡ് തുകക്ക്. വ്യാഴാഴ്ച മുംബൈയിലെ പുണ്ടോള്‍ ഗാലറിയില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തിൽ 38 കോടി രൂപക്കാണ് പെയിന്റിങ് വിറ്റത്. രവി വർമയുടെ മറ്റു പെയിന്റിങ്ങുകളായ ‘ശിവഭഗവാനും കുടുംബവും’ 16 കോടിയും ‘കംസവധം, കൃഷ്ണന്റെ യുവത്വം’ നാലു കോടിയും രാവണന് ജഡായുവിനെ നേരിടുന്ന പെന്‍സിലുകൊണ്ടുള്ള രേഖാചിത്രം 2.6 കോടിയും നേടി.
യശോദയുടെ മടിയില്‍ ഉണ്ണിക്കണ്ണന് ഇരിക്കുന്ന എണ്ണഛായാചിത്രമാണ് ‘യശോദയും കൃഷ്ണനും‘. 10 കോടി മുതല്‍ 15 കോടി രൂപ വരെയായിരുന്നു 28 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള ഈ ചിത്രത്തിന്റെ അടിസ്ഥാന വില.
രവിവർമയുടെ ലോണാവാലയിലുള്ള പ്രസ് നടത്താൻ എത്തി പിന്നീടത് വാങ്ങിയ ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ലിച്ചര് കുടുംബത്തിന്റെ ശേഖരത്തിലെ ഛായാചിത്രങ്ങളാണ് ലേലത്തിൽ വിറ്റത്. പ്രസ് വാങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന ചിത്രങ്ങളും ഷ്ലിച്ചര് സ്വന്തമാക്കുകയായിരുന്നു. രേഖാചിത്രം രവിവർമ കുടുംബത്തിന്റെ കൈവശമുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.