വടകര: നാടകം പഠനത്തോടൊപ്പം നെഞ്ചേറ്റിയ അളക ബാബുവിന് അഭിമാന മുഹൂർത്തം. കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രഫഷനൽ നാടകമത്സരത്തിൽ സ്പെഷൽ ജൂറി പുരസ്കാരം നേടി പതിയാരക്കരയിലെ പരേതനായ ബാബുവിന്റെയും ലതയുടെയും മകൾ അളകയാണ് നാടിന് അഭിമാനമായത്. കോഴിക്കോട് രംഗമിത്രയുടെ ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ എന്ന നാടകത്തിൽ നയന എന്ന കരുത്തുറ്റ കഥാപാത്രത്തെ അരങ്ങിലെത്തിച്ചാണ് സംസ്ഥാന തലത്തിൽ അളക ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
രാജീവ് മമ്മള്ളിയാണ് ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ സംവിധാനം ചെയ്തത്. സ്കൂൾ നാടകങ്ങളിലൂടെയാണ് അളക അരങ്ങിലെത്തിയത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പാലയാട് നമ്പർ വൺ എൽ.പിയിൽ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് അരങ്ങേറിയ ‘പാൽപായസ’മെന്ന നാടകത്തിലായിരുന്നു അരങ്ങേറ്റം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പ്രമോദ് വേങ്ങരയുടെ ‘കാത്ത്’ എന്ന നാടകത്തിൽ മികച്ച വേഷം അവതരിപ്പിച്ചു.
തൊട്ടടുത്ത വർഷം സിദ്ധാർഥന്റെ കുറുക്കൻ സബ് ജില്ലയിലെ മികച്ച നാടകങ്ങളിലൊന്നായി. വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകനിലൂടെ സബ് ജില്ലയിൽ മികച്ച നടിയായി. രംഗമിത്രയിലെ സജീവ കലാകാരികളിലൊരാളാണ് അളക. തുടി കടത്തനാട് എം.കെ. പണിക്കോട്ടിയുടെ ‘ശിവപുരം കോട്ട’ എന്ന നാടകം അരങ്ങിലെത്തിച്ചപ്പോൾ നായികയായ ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിരുന്നു.
എം.കെ. പണിക്കോട്ടിയുടെ മകൻ എം. പത്മലോചനനാണ് നാടകം സംവിധാനം ചെയ്തത്. അമ്മ ലതയോടൊപ്പം ഒഞ്ചിയം പടിഞ്ഞാറെ മേക്കുന്നത്താണ് അളക താമസിക്കുന്നത്. തുടി ഫോക്ലോർ അക്കാദമി അളകയെ അഭിനന്ദിച്ചു. സിദ്ദീഖ് വടകര ഉപഹാരം നൽകി. എം. പത്മലോചനൻ അധ്യക്ഷത വഹിച്ചു. സി.പി. മുരളീധരൻ, അഡ്വ. ലതിക ശ്രീനിവാസൻ, വി.വി. രഗീഷ്, സി.കെ. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.