ന്യൂഡൽഹി: ചിത്രകലയും ശിൽപകലയും മുതൽ ഫോട്ടോഗ്രഫി വരെയുള്ള വിവിധ മേഖലകളിൽ പേരുകേട്ട കലാകാരൻ വിവാൻ സുന്ദരം അന്തരിച്ചു. 79 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ 9.20നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഡൽഹിയിലെ ലോദി ശ്മശാനത്തിൽ നടക്കും. കൊച്ചി ബിനാലെയിലടക്കം ലോകത്തെ പ്രമുഖ കലാപ്രദർശനങ്ങളിൽ വിവാൻ സുന്ദരത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിരുന്നു. കലാ നിരൂപകയായ ഗീത കപുറാണ് ഭാര്യ.
1943ൽ സിംലയിലാണ് വിവാൻ സുന്ദരത്തിന്റെ ജനനം. ലോ കമീഷൻ മുൻ ചെയർമാൻ കല്യാൺ സുന്ദരമാണ് പിതാവ്. പ്രശസ്ത ചിത്രകാരി അമൃത ഷേർഗിലിന്റെ സഹോദരി ഇന്ദിര ഷേർഗിലാണ് മാതാവ്. പുരോഗമന പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വിവാൻ സുന്ദരം 1968 മേയ് മാസത്തിൽ ഫ്രാൻസിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തു. 1970 വരെ ലണ്ടനിൽ കമ്യൂൺ ജീവിതം നയിച്ചു. ’71ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഇദ്ദേഹം അടിയന്തരാവസ്ഥക്കാലത്തടക്കം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.
ശിൽപം, ഫോട്ടോ, വിഡിയോ എന്നിവ ഉപയോഗിച്ച് 1990 മുതൽ ഇൻസ്റ്റലേഷനുകൾ സൃഷ്ടിച്ചിരുന്നു. മുംബൈ കലാപത്തെക്കുറിച്ചുള്ള ‘മെമ്മോറിയൽ’ ശ്രദ്ധേയമായ കലാസൃഷ്ടിയാണ്. 2012ൽ ആദ്യ കൊച്ചി ബിനാലെയിൽ വിവാൻ സുന്ദരത്തിന്റെ ‘ബ്ലാക്ക് ഗോൾഡ് ’ എന്ന ഇൻസ്റ്റലേഷൻ ഏറെ ശ്രദ്ധ നേടി. പഴയ മുസിരിസിൽ നിന്ന് ഖനനം ചെയ്ത് കിട്ടിയ മൺപാത്രങ്ങളുടെ കഷണങ്ങളും കുരുമുളകുമടക്കം ഉപയോഗിച്ചായിരുന്നു ‘ബ്ലാക്ക് ഗോൾഡ്‘ ഒരുക്കിയത്. നിലവിൽ കൊച്ചിയിൽ നടക്കുന്ന ബിനാലെയിൽ വിവാൻ സുന്ദരത്തിന്റെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.
രണ്ട് പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിയാണ്. നിര്യാണത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, ചരിത്രകാരൻ ഇർഫാൻ ഹബീബ് തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.