കോഴിക്കോട്: പിണറായി സർക്കാറിന്‍റെ രണ്ടാം വാർഷികത്തിന് സച്ചാദാനനന്ദ സ്തുതി. കേരള സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കവറിൽ, ''കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം'' എന്ന് എഴുതിയത്. ഡോ. ആസാദാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്.
ഡോ. എം. ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ അടക്കം പിണറായി സർക്കാരിന്റെ കരുത്തിന്റെ അടയാളം പതിച്ചു. സച്ചിദാനന്ദൻ നിരന്തരം ഫാഷിസ്റ്റ് പ്രവണകൾക്ക് പോരാട്ടം നടത്തുന്ന എഴുത്തുകാരനാണ്. എന്നാൽ അക്കാദമിയുടെ തലപ്പത്തിരുന്ന് ഈ സീൽ പതിക്കുന്നത് സച്ചിദാനന്ദന്റെ അനുമതിയോടെയാണ്.
മുമ്പൊരിക്കലും ഇങ്ങനെ ഒരു സർക്കാർ പ്രചാരണത്തിന് അക്കാദമിയുടെ പുസ്തകങ്ങൾ വേദിയായി കണ്ടിട്ടില്ല. ഈ തുടക്കം സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിക്ക് ഭൂഷണമാണോ എന്ന് എഴുത്തുകാരും വായനക്കാരും പൊതുസമൂഹവും ചിന്തിക്കണമെന്നാണ് ആസാദ് കുറിച്ചത്.
ആസാദിന്റെ ഫെസ് ബുക്കിന്റെ പൂർണ രൂപം
കേരള സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കവറിൽ, ''കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം'' എന്ന് എഴുതിയതു കണ്ടു. മുമ്പൊരിക്കലും ഇങ്ങനെ ഒരു സർക്കാർ പ്രചാരണത്തിന് അക്കാദമിയുടെ പുസ്തകങ്ങൾ വേദിയായി കണ്ടിട്ടില്ല. ഈ തുടക്കം
സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിക്കു ഭൂഷണമാണോ എന്ന് എഴുത്തുകാരും വായനക്കാരും പൊതു സമൂഹവും ചിന്തിക്കണം.
കോവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചു ബി ജെ പി സർക്കാർ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഏറെക്കുറെ അതേ വഴിയിലാണ് സംസ്ഥാന സർക്കാറിന്റെ പോക്ക്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ എൽ ഡി എഫ് സർക്കാർ എന്നു മാത്രമേ പറയാവു എന്നു ശാഠ്യം പുലർത്തിയ പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പേരുകൂട്ടാതെ സർക്കാറിന് നിലയില്ലെന്നു വന്നു. ആ പേരു സകലയിടത്തും സ്ഥാപിക്കാൻ മൂടുതാങ്ങികൾ മത്സരിക്കുന്നു.
രണ്ടാംവർഷം, ഇരുപത്തഞ്ചാം മാസം, മുപ്പതാംമാസം, മൂന്നാം വാർഷികം എന്നിങ്ങനെ ഇനി വരുന്ന പുസ്തകങ്ങൾക്കൊക്കെ മേൽക്കുറി പതിയാനാണ് സാദ്ധ്യത. മോദിയെപ്പോലെ ഫോട്ടോരൂപത്തിലും പതിഞ്ഞുകൂടായ്കയില്ല. വലിയ വലിയഎഴുത്തുകാരുടെ പുസ്തകപ്പുറത്ത് അട്ടപോലെ പറ്റിക്കിടക്കും ഒരു രാഷ്ട്രീയമുദ്ര. വിജയവിപ്ലവ സ്തുതി.
കേരളത്തിൽ ഒരു വലതുപക്ഷ ഭരണാധികാരിയും ഇത്രത്തോളം പോയിട്ടില്ല. അക്കാദമികളും ഇൻസ്റ്റിറ്യൂട്ടുകളും സർവ്വകലാശാലകളും മറ്റു സ്ഥാപനങ്ങളും പിന്തുടരേണ്ട വഴിയും വഴക്കവും കാണിച്ചു തരുന്നുണ്ട് സച്ചിദാനന്ദൻ. സ്വതന്ത്ര സർഗാത്മകത വിളയാടട്ടെ. വേണ്ടപ്പെട്ട കൈകളിൽ കൈ കോർത്ത് കോർത്ത് അവർ കരുത്തു നേടട്ടെ. അനുഗ്രഹം നേടട്ടെ.
നമോ നമസ്തേ ...
ആസാദ്
02 ജൂലായ് 2023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.