തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2023ലെ സംസ്ഥാന പ്രഫഷനല്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മേയ് 25 മുതല്‍ 29 വരെ അക്കാദമി കെ.ടി. മുഹമ്മദ് തിയറ്ററില്‍ അവതരിപ്പിച്ച 10 നാടകങ്ങളില്‍നിന്നാണ് അവാര്‍ഡിന് അര്‍ഹമായവ തെരഞ്ഞെടുത്തത്. സൗപർണിക തിരുവനന്തപുരത്തിന്റെ ‘മണികർണിക’ മികച്ച ഒന്നാമത്തെ നാടകമായും കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘പറന്നുയരാനൊരു ചിറക്’ രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു.
മികച്ച നാടകത്തിന് ശില്പവും പ്രശംസപത്രവും അര ലക്ഷം രൂപയും രണ്ടാമത്തെ നാടകത്തിന് ശിൽപവും പ്രശംസപത്രവും 30,000 രൂപയും ലഭിക്കും. കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ‘ശാന്തം’ എന്ന നാടകത്തിന്റെ സംവിധായകന് രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ. ‘പറന്നുയരാനൊരു ചിറക്’ സംവിധാനം ചെയ്ത രാജീവന് മമ്മിളി രണ്ടാമത്തെ സംവിധായകനായി. നാടകരചനയിൽ കായകുളം ദേവ കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ‘ചന്ദ്രികാവസന്തം’ രചിച്ച കെ.സി. ജോര്‍ജും ‘ശാന്തം’ രചിച്ച ഹേമന്ത്കുമാറും ഒന്നും രണ്ടും സ്ഥാനം നേടി. മികച്ച സംവിധായകനും നാടകകൃത്തിനും ശില്പവും പ്രശംസപത്രവും 30,000 രൂപയും രണ്ടാം സ്ഥാനത്തിന് ശില്പവും പ്രശംസപത്രവും 20,000 രൂപയുമാണ് അവാർഡ്.
‘ശാന്ത’ത്തില്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗിരീഷ് രവിയാണ് മികച്ച നടൻ. തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘വാണവരുടെയും വീണവരുടെയും ഇടം’ എന്ന നാടകത്തിലെ തോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെയ്യാറ്റിന്‍കര സനൽ മികച്ച രണ്ടാമത്തെ നടനായി. ‘പറന്നുയരാനൊരു ചിറകി’ൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മീനാക്ഷി ആദിത്യയാണ് മികച്ച നടി. ‘മണികർണിക’യിൽ ഝാന്‍സി റാണിയെ അവതരിപ്പിച്ച ഗ്രീഷ്മ ഉദയ് ആണ് രണ്ടാമത്തെ നടി. മികച്ച നടനും നടിക്കും ശില്പവും പ്രശംസപത്രവും 25,000 രൂപയും രണ്ടാമത്തെ നടനും നടിക്കും ശില്പവും പ്രശംസപത്രവും 15,000 രൂപയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.