കാസർകോട്: ആധുനിക ചിത്രകലയിലേക്ക് മാറ്റത്തിന്റെ വർണങ്ങൾ കൊണ്ടെത്തിക്കുകയും വരകൾക്കും വർണങ്ങൾക്കും മുന്നിൽ സഞ്ചരിക്കുകയും ചെയ്ത ചിത്രകാരനാണ് കഴിഞ്ഞദിവസം നിര്യാതനായ വത്സരാജ്. കേരളത്തിലെ നവോത്ഥാന ചിത്രകല പ്രസ്ഥാനമായിരുന്ന റാഡിക്കൽ പെയിന്റേഴ്സ് ആന്റ് സ്കൾപ്ച്ചേഴ്സ് അസോസിയേഷന്റെ (റാഡിക്കൽ ഗ്രൂപ്) തുടക്കക്കാരിൽ ഒരാളായിരുന്നു. അക്കാലത്ത് കോഴിക്കോട് വെച്ച് രാജ്യത്തുടനീളമുള്ള പ്രമുഖരും വേറിട്ട ചിന്താഗതിയുമുള്ള ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് റാഡിക്കൽ ഗ്രൂപ് നടത്തിയ ചിത്രപ്രദർശനം ഏറെ ശ്രദ്ധേയവും ചർച്ചാവിഷയവുമായി.
റാഡിക്കൽ ഗ്രൂപ് പിൽക്കാലത്ത് പ്രവർത്തന രഹിതമായപ്പോൾ വത്സരാജ് ചെന്നൈയിലെത്തി. ചോളമണ്ഡൽ ആർട്ടിസ്റ്റ് വില്ലേജിനു സമീപം താമസിച്ച് കലാസപര്യ തുടർന്നു. ചെന്നൈയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തനിച്ചും കൂട്ടായ്മയിലും വത്സരാജ് ചിത്ര പ്രദർശനങ്ങൾ നടത്തി. ഇന്ത്യാ ടുഡെ, മലയാളം വാരിക, കലാകൗമുദി തുടങ്ങിയ ആനുകാലികങ്ങളിൽ രേഖാ ചിത്രങ്ങളിലൂടെയും വത്സരാജ് സാന്നിധ്യം അറിയിച്ചു. മികച്ച അധ്യാപകനെന്നനിലയിലും വത്സരാജ് കുട്ടികളുടെ പ്രിയങ്കരനായി.
മാഹി മലയാള കലാഗ്രാമത്തിൽ ജോലി ചെയ്യവെ ഒരുപാട് ശിഷ്യസമ്പത്തുണ്ടാക്കി. മാഹി മലയാള കലാഗ്രാമം മുൻ പ്രിൻസിപ്പലുമായിരുന്നു. ചെന്നൈയിലെ ചെട്ടിനാട് വിദ്യാശ്രമം സ്കൂളിൽ ആർട്ട് ആൻഡ് സ്കൾപ്ചർ വിഭാഗം മേധാവിയായി 15 വർഷത്തോളം ജോലി ചെയ്തു. ചിത്രരചനയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ ഏതാനും മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ചിത്രകാരനും റിട്ട. അധ്യാപകനുമാണ് പിതാവ് സി. കുഞ്ഞമ്പു നായർ. ഷാജി എൻ. കരുൺ, പവിത്രൻ തുടങ്ങി പ്രശസ്തരായ സംവിധായകരുടെ സഹസംവിധായകനാണ്. ദേവനർത്തകൻ എന്ന ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ മുളിയാർ കാനത്തൂർ പുതുക്കുടി കുടുംബാംഗമാണ്. കാസർകോട് ഗവ. കോളജിൽനിന്ന് പ്രീഡിഗ്രി പഠന ശേഷം തിരുവനന്തപുരം ഗവ. ഫൈൻ ആർട്സ് കോളജ്, എം.എസ് യൂനിവേഴ്സിറ്റി, ബറോഡ എന്നിവിടങ്ങളിൽ പഠിച്ച് ബിരുദം നേടി. കൊൽക്കത്ത ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിൽനിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.