കരയും കടലും ആകാശവും. നമ്മുടെ പൗരാണിക ചരിത്രത്തെയും മധ്യകാലത്തെയും ആധുനികതയെയും അടയാളപ്പെടുത്താൻ ഇതുപോലെ അർഥവത്തായ രൂപകങ്ങൾ മറ്റൊന്നില്ല. സംസ്കാരനിർമിതിയുടെയും വ്യാപാരബന്ധങ്ങളുടെയും സാർവദേശീയ തീരുമാനങ്ങൾ രൂപപ്പെടുത്തിയതിൽ, കരയും കടലും ആകാശവും നിമിത്തമായിത്തീർന്ന കഥയാണ് റിയാസ് കോമു മട്ടാഞ്ചേരി ജ്യൂസ്ട്രീറ്റിലെ ഹല്ലേഗുവാ ഹൗസിലും മുഹമ്മദ് അലി വെയർഹൗസിലുമായി ക്യൂറേറ്റ് ചെയ്ത മൾട്ടിമീഡിയ എക്സിബിഷൻ ‘ആഴി ആർക്കൈവ്സ്’ പറയുന്നത്.
തങ്ങളുടെ ബാബിലോണിയൻ വിപ്രവാസ കാലത്ത് ഏതാനും ജൂതഗോത്രങ്ങൾ പലായനംചെയ്ത കഥ ബൈബ്ൾ പറയുന്നുണ്ടല്ലോ. ‘നഷ്ടപ്പെട്ട കുഞ്ഞാടുകളെ തേടാൻ’ യേശു ശിഷ്യന്മാർക്ക് നൽകിയ ഉപദേശവും കിഴക്കിലേക്ക് പലായനം ചെയ്ത നഷ്ടപ്പെട്ട 12 ജൂതഗോത്രങ്ങളെ തിരയാനുള്ള ആഹ്വാനമായിരുന്നുവത്രെ. ബാബിലോണിയൻ വിപ്രവാസ കാലഘട്ടത്തിൽ പുറപ്പെട്ടുപോന്ന ജൂത ഗോത്രങ്ങൾ, നടന്നുതീർത്ത പാതയാണ് സിൽക്ക് റൂട്ട്. ഒട്ടകക്കാരവനുകൾ മരുഭൂമികൾ താണ്ടുന്ന, പൗരാണിക ചരിത്രത്തിൻെറ ഭാവനാഭൂമികൾ.
ബി.സി ആയിരാമാണ്ടിനോടടുപ്പിച്ച് പശ്ചിമേഷ്യയിൽ, ഇരുമ്പ് ഉരുക്കാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ കണ്ടെത്തുന്നതോടെയാണ് കടൽമാർഗമുള്ള കപ്പൽയാത്രകൾ സുഗമമായത്. ഫിനീഷ്യക്കാരും പാർമീനിയക്കാരും യമനികളും സിറിയക്കാരും അടങ്ങുന്ന അറേബ്യൻ, പേർഷ്യൻ ഗോത്രങ്ങൾ, മൺസൂൺ കാറ്റിന്റെ രഹസ്യങ്ങൾ സ്വന്തമാക്കിെവച്ച്, കിഴക്കിൽനിന്ന് സുഗന്ധ വ്യഞ്ജനങ്ങൾ, ഈജിപ്‌തിലെ ബെർണിക്ക തുറമുഖം വഴി, അലക്സാൻഡ്രിയയിൽ എത്തിച്ചുകൊടുത്ത്, കടൽ വ്യാപാര കുത്തകയുടെ ആദ്യകാലങ്ങൾ പുലർന്ന നാളുകൾ. മൺസൂൺ കാറ്റിന്റെ ഈ അറേബ്യൻ രഹസ്യം, ബി.സി മുന്നൂറോടെ, ഹിപ്പാലസ് എന്ന ഗ്രീക് നാവികൻ കൈവശപ്പെടുത്തിയതോടെയാണ്, റോം ചിത്രത്തിൽ മുൻപന്തി നേടുന്നത്. റോമൻ വ്യാപാരത്തിന്റെ സമൃദ്ധി പുകൾപെറ്റ കാലം. മുച്ചിരി പട്ടണത്തിൽ യവനക്കപ്പലുകൾ പൊൻപണവുമായെത്തി പകരം സുഗന്ധവ്യഞ്ജനങ്ങൾ കടത്തിക്കൊണ്ടുപോയ കഥ സംഘകാല കവിത പാടിയ നാളുകൾ. ഈ യവനസമൃദ്ധി എ.ഡി 500 വരെ തുടർന്നു. മധ്യകാലം എന്ന് നാം ആഘോഷിക്കുന്നത് ‘കടൽ തിളച്ചുമറിഞ്ഞ’ ഈ കാലമാണ്. കടൽ, തിളയ്ക്കുന്ന ചെമ്പായിത്തീർന്ന മധ്യകാലം.
മട്ടാഞ്ചേരി ജൂതത്തെരുവിൽ, കേരളത്തിൽ അക്കാലത്ത് അവസാനമായി പാർത്ത്, 1948നു ശേഷം, ഒടുവിൽ ഒട്ടും മനസ്സുറക്കാതെ ജന്മനാട് ഉപേക്ഷിച്ച് ഇസ്രായേലിലേക്കു പോയ ജൂത വയോധിക ജൂലിയറ്റ് പാർത്ത, ഹല്ലേഗുവ വീട് ഗാലറി സ്‌പേസാക്കി മാറ്റി, റിയാസ് കോമു ക്യൂറേറ്റ് ചെയ്ത പ്രദർശനം, നമ്മുടെ ചരിത്രാതീതംതൊട്ട് ആധുനികതവരെ പറയുന്ന, ഒരു മൾട്ടിമീഡിയ നരേറ്റിവാണ്. അതിലുപരി പോർചുഗീസ് കാലം തൊട്ടുള്ള കൊളോണിയൽ സംഘർഷഭൂമികയുടെ കലാചരിത്രത്തിൽ ഊന്നുന്നതും.
പുരാവസ്തു ശാസ്ത്രവും കേരള ചരിത്രവും കലയും കണ്ണിചേരുന്ന പ്രദർശനം റിയാസ് കോമുവിന്റെ കലയുടെ ചരിത്രബോധവും നാഗരികഭാവിയെ സംബന്ധിച്ച ഭയങ്ങളും അതിജീവനത്തിന്റെ ജൈവിക നിർബന്ധങ്ങളും ഉത്തരംകിട്ടാത്ത രാഷ്ട്രീയമായ നിലവിളികളും ഉൾച്ചേർന്നതാണ്. ഹല്ലേഗ ഹൗസിൽനിന്ന് ജൂലിയറ്റ് എന്ന ജൂത വയോധിക താൻ ജനിച്ചുവളർന്ന നാടും വീടും ഉപേക്ഷിച്ച് മകളുടെ കൂടെ ഇസ്രായേലിലേക്കു മടങ്ങുന്ന നാളുകളുടെ ദൃശ്യങ്ങൾ കെ.ആർ. സുനിൽ പകർത്തിയത് ദുഃഖത്തിന്റെ നിഴൽനാടകമായിത്തീർന്നിരിക്കുന്നു.
എ. മുഹമ്മദിന്റെ ഫോട്ടോഗ്രഫി പുരാവസ്തു വിജ്ഞാനീയത്തിന്റെയും കേരളത്തിന്റെ പൗരാണിക ചരിത്രത്തിന്റെയും സൂക്ഷ്മതരമായ നിമിഷങ്ങളെ പിടിച്ചെടുക്കുന്നതാണ്. മുഹമ്മദിന്റെ ഫോട്ടോഗ്രഫിയുടെ തെളിച്ചവും വെളിച്ചവും വ്യക്തതയും പുരാവസ്തു ഗവേഷണ മേഖലയിൽ ദീർഘാനുഭവമുള്ള ഒരന്വേഷകന്റെ ഫോട്ടോഗ്രഫിയുടെ ഈടുവെപ്പാണ്. കേരളത്തിന്റെ പുരാവസ്തു ഗവേഷണത്തിന്റെ ചരിത്രം പറയുന്നു മുഹമ്മദിന്റെ ഫോട്ടോഗ്രഫി. സിറിയൻ ക്രിസ്ത്യൻ ജീവിതത്തിന്റെ ലിറ്റർജിക്കൽ ഭാഷണങ്ങളും അനുഷ്ഠാനങ്ങളും മിത്തോളജിയും വരച്ചിട്ട, പള്ളി അൾത്താരകളിലെയും കുർബാനസ്ഥലികളിലെയും ചുമർചിത്രങ്ങൾ, ബിജു ഇബ്രാഹിം പകർത്തിയത്, ചരിത്രവും സാമൂഹികശാസ്ത്രവും വിശുദ്ധിയുടെ ദർശനകോണുകളും പകരുന്നതാണ്.
ഫോട്ടോഗ്രഫി അസാധ്യമായ, ശിലായുഗ മനുഷ്യന്റെ ജീവിതചിത്രീകരണം ആവശ്യമുള്ളിടത്ത്, ചിത്രത്തിന്റെയും പെയിന്റിങ്ങിന്റെയും സഹായം തേടുന്നു. പി.കെ. സദാനന്ദന്റെ പെയിന്റിങ്ങുകൾ ഇന്ത്യൻ മനുഷ്യവംശങ്ങളുടെ ആഫ്രിക്കൻ പൂർവികതയെ തേടുന്ന ധൈഷണിക രേഖയാണ്. ശരീരത്തെ ജാതിയും ഗോത്രവും വംശങ്ങളുമായി വർഗീകരിക്കുന്ന കൊളോണിയൽ നരവംശശാസ്ത്രത്തിന്റെ പ്രതിനിധാനങ്ങളെ പരിശോധിക്കുന്നതാണ്.
ഇവിടെ നരേറ്റ് ചെയ്യാൻ ശ്രമിച്ച കഥയെയാകെ, കെ.പി. കൃഷ്ണകുമാറിന്റെ ‘ബോട്മാൻ’ എന്ന ഉത്തരാധുനിക ശിൽപം ആധുനികതയിലേക്ക് ഉപഹസിക്കുന്നു. അരികുമാറ്റിവെച്ച ഒരു ജനതയോടുള്ള ചരിത്രത്തിന്റെയും കലയുടെയും വരേണ്യാഭിരുചികളെ കളിയാക്കുന്നു. കൃഷ്ണകുമാറിന്റെ മാച്ചോ നിർമിതികളും വയലന്റായ സ്ട്രോക്കുകളും തീർത്ത കലയുടെ കൊള്ളിമീൻ ദർശനം. ബറോഡാ കലക്കു മുമ്പേ പറന്ന പക്ഷി. അതേസമയം, കല, ബുനുവലിന്റെ ഒരു സിനിമ ഉപസംഹരിക്കുന്നപോലെ, തീന്മേശ പരേഡിന്റെ വിഭവമാകുന്ന വൈപരീത്യം. ഒരു അശ്ലീലമുദ്രയിലൂടെ ഈ ശിൽപം നമ്മുടെ രാഷ്ട്രീയ വൈകൃതത്തെയും വികസന വിപ്ലവത്തെയുമാകെ കൊഞ്ഞനംകുത്തുന്നു. ക്യൂറേറ്റർ തീർത്ത ചരിത്രത്തിന്റെ കാലിഡോസ്കോപ്, ആധുനികത കണ്ടെത്തുന്ന സമകാലമാണ് ഗൾഫ് പ്രവാസത്തിന്റെ എഴുപതുകൾ തൊട്ടുള്ള ഫോട്ടോ എക്സിബിഷനിൽ മിഥുൻ മോഹൻ പറയുന്നത്. സ്റ്റുഡിയോ ഫോട്ടോഗ്രഫിയുടെ പ്രതിനിധാനങ്ങളിലൂടെ അക്കാലത്തെ സ്വപ്നങ്ങളും യാഥാർഥ്യവും നമ്മെ കാണിച്ചുതരുന്നു, കോഴിക്കോട് ഡിസൈൻ ആശ്രമത്തിൽ ഒരുക്കിയ ഈ പ്രദർശനം. പകർത്താൻ ഇമേജുകൾ ഇല്ലാതെ പകർത്തേണ്ടിവരുന്ന ഫോട്ടോഗ്രഫിയുടെ ഒരു സവിശേഷ ഴോണർ ഇവിടെ കണ്ടുമുട്ടും. കടൽകാലത്തിന്റെ വിപ്രവാസം.
കടലിന്റെ ചരിത്രമാണ് നമ്മുടെ ദേശത്തിന്റെ ചരിത്രം. ഇപ്പോൾ അത് ആകാശത്തോളം എത്തിയിരിക്കുന്നു. വൈമാനിക ജീവിതത്തിന്റെ പോസ്റ്റ് മോഡേൺ സന്ദർഭത്തിൽ, കടലും കരയും, ഗൃഹാതുരമായിത്തീർന്ന ഭൂതകാലമാണ്. ആ നിലയിലാണ്, കടൽ ‘ഒരു തിളയ്ക്കുന്ന ചെമ്പായി’ കലാകാരൻ ഭാവന ചെയ്യുന്നത്. കടൽ കലയുടെ വിഷയമായത്, ഭൂതകാലം രാഷ്ട്രീയ ഭാവനയിൽനിന്ന് മാഞ്ഞുപോയി, പോസിറ്റിവിസത്തിന്റെയും പ്രയോജനവാദത്തിന്റെയും നോട്ടം മാത്രമായി, ടേക്ഓഫുകൾ നടക്കുന്ന സന്ദർഭത്തിലുമാണ്. മട്ടാഞ്ചേരിയുടെ വികസനത്തെ സംബന്ധിച്ച് അർബൻ ഡിസൈനിങ് കലക്ടിവിന്റെ വികസനവിമർശനം ഈ പ്രദർശനത്തിന്റെ ഭാഗമാകുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല.
ടി.വി. സന്തോഷ്, സുനിൽ നമ്പു, സുമേദ് രാജേന്ദ്രൻ, സുമംഗല ദാമോദരൻ, സിജി കൃഷ്ണൻ, രാജീവൻ അയ്യപ്പൻ, ഡോ. എം.ആർ. രമേശ്‌കുമാർ, പരാഗ് സോനാർഖരെ, മാർക് അറാൻഹ, രശ്മി സതീഷ്, കെ.കെ. മുരളീധരൻ, കെ.ജെ. ബേബി, ഗുരുപ്രിയ ആത്രേയ, വേദാന്ത് ഭരദ്വാജ്, ഡി. അനിൽ കുമാർ, അപ്പൂപ്പൻ തുടങ്ങിയ കലാകാരന്മാരും സംഗീതകാരന്മാരും ശാസ്ത്രകാരന്മാരും എഴുത്തുകാരും ഡിസൈനർമാരും മൾട്ടിമീഡിയ ആർട്ടിസ്റ്റുകളും സ്റ്റാമ്പ് കലക്ടറും പ്രദർശനത്തിൽ നിർമിതികളുമായി പങ്കുകൊള്ളുന്നു. ക്യൂററ്റോറിയൽ ഉപദേശങ്ങൾക്കുപിന്നിൽ സി.എസ്. വെങ്കിടേശ്വരനാണ്. എക്സിബിഷൻ മാനേജർ ക്ഷേമ ശാന്തി വർഗീസ്. കലാവ്യാഖ്യാനം അനുശ്രീ അശോക്. ഏപ്രിൽ 30 വരെയാണ് എക്സിബിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.