തിരൂര്‍: തുഞ്ചൻപറമ്പിൽ നടക്കുന്ന ‘സാദരം എം.ടി’ ഉത്സവത്തിന്റെ മൂന്നാംദിനം നടന്ന ‘എം.ടിയുടെ ചലച്ചിത്രകാലം’ സെമിനാർ വേദി സാക്ഷിയായത് വൈകാരിക നിമിഷങ്ങള്‍ക്ക്. എം.ടി. വാസുദേവന്‍ നായരെന്ന പ്രിയ ഗുരുവിന് മുന്നില്‍ നടന്‍ വിനീതും നടി സീമയും വിതുമ്പിയപ്പോള്‍ വേദിയിലും സദസ്സിലുമുള്ളവര്‍ ഒരു നിമിഷം ആ വികാരമേറ്റുവാങ്ങി.
തന്നെ ക്ഷണിച്ചതില്‍ നന്ദി പറഞ്ഞ ശേഷമാണ് സീമ കണ്ഠമിടറി ഏതാനും വാക്കുകള്‍ സംസാരിച്ചത്- ‘‘എന്നിലെ നടിയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി എന്നെ മറ്റൊരു ജീവിതത്തിലേക്ക് മാറ്റിമറിച്ച വാസുവേട്ടനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.’’ എം.ടിയും വിടപറഞ്ഞ തന്റെ ഭര്‍ത്താവ് ഐ.വി. ശശിയുമായുള്ള വൈകാരിക സന്ദര്‍ഭങ്ങള്‍ പറഞ്ഞ് പൂര്‍ത്തിയാക്കും മുമ്പുതന്നെ കണ്ണീര്‍വാര്‍ത്ത സീമ ഏതാനും വാക്കുകള്‍കൂടി ഇടറി സംസാരിച്ച് അവസാനിപ്പിച്ചു. പിന്നാലെയെത്തിയ നടന്‍ വിനീത്, വേദിക്കു മുന്നില്‍ പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിലിരുന്ന എം.ടിയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങുകയും പൊന്നാട അണിയിക്കുകയും ചെയ്ത ശേഷമാണ് സംസാരം ആരംഭിച്ചത്.
സംസാരത്തിനിടെ പലതവണ ഇടറിയ വിനീതും സെമിനാര്‍ വീക്ഷിക്കാനെത്തിയവരെയും വേദിയിലുള്ളവരെയും ഒരു നിമിഷം വികാരാധീനരാക്കി. എം.ടി എഴുതിയ എട്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണെന്ന് വിനീത് പറഞ്ഞു. നൃത്തം പഠിക്കാൻ പോയപ്പോള്‍ മനസ്സിലധികവും എം.ടിയെ ഒരു നോക്ക് കാണാനുള്ള മോഹമായിരുന്നു. തന്റെ കലാജീവിതത്തിന് എം.ടിയുടെ അനുഗ്രഹമുണ്ടായതിൽ താന്‍ കൃതജ്ഞനാണെന്ന് അദ്ദേഹം പറഞ്ഞു. എം.ടിയോടും ഹരിഹരനോടും താന്‍ എന്നും കടപ്പെട്ടവനാണെന്നും വിനീത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.