``ഈ സമാഹാരത്തിലെ രചനകൾ കവിത എന്ന ഗണത്തിൽപെടുമോ എന്ന് വ്യക്തമായി പറയാനാവില്ല. കാരണം കവിതയുടെ പല ഗുണങ്ങളും അതിൽ കാണണമെന്നില്ല. എന്നാൽ, ഗദ്യകവിതയ്ക്കും പദ്യത്തിനും ഇടയിൽ എവിടെയോ ഉൾക്കൊള്ളിക്കാമെന്ന് തോന്നുന്നു. പ്രാസമുള്ള പദങ്ങളുടെ ഈ കൂടിച്ചേരലിലെ ആധ്യാത്മികതയും ആശയവും അനുവാചകന്റെ അവബോധം വികസിപ്പിക്കാൻ ഉപകാരപ്പെടുമെന്ന് മാത്രമേ പറയാനുള്ളൂ'' മുഖക്കുറിപ്പിൽ കവി എം. സുരേഷ് കുമാറെഴുതിയതാണിത്. എഴുത്തുകാരന്റെ ഈ വിനയത്തിന് കൊച്ചു കഥകളുടെ തമ്പുരാൻ പി.കെ. പാറക്കടവ് ഈ സമാഹാരത്തിന്റെ അവതാരികയിൽ തിരുത്തുന്നുണ്ട്. അതിങ്ങനെയാണ്, ``നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന കവിതകളാണ് എം. സുരേഷ് കുമാറിന്റെത്. വരപ്രസാദത്തിലെ കവിതകൾ നമ്മെ പ്രത്യാശയിലേക്ക് നയിക്കുന്നു. കഴിഞ്ഞ കാലത്ത് നാം നട്ടവ കനിയായി വിളഞ്ഞിടും എന്ന് കവി നമ്മോട് പറയുന്നു. ഈ കവിതകളിൽ പ്രാർത്ഥനകളും ദു:ഖമൊഴിഞ്ഞ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമുണ്ട്''.
സാമൂഹിക മാധ്യമങ്ങളിലൂടെ സുഹൃത്തിക്കളിലേക്കെത്തിയ വരികൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത്തരമൊരു പുസ്തകത്തിന്റെ പിറവിയിലേക്ക് നയിച്ചതെന്ന് സുരേഷ് കുമാർ പറയുന്നു. ദീർഘകാലത്തെ പത്രപ്രവർത്തനത്തിനിടയിലും കവിത കൂടെക്കൊണ്ടുനടന്ന എഴുത്തുകാരനാണ് സുരേഷ് കുമാർ. ജീവിതത്തെയും പ്രകൃതിയെയും നിരന്തരം നിരീക്ഷിക്കുന്ന വരികൾകൊണ്ട് സമ്പന്നമാണീ സമാഹാരം.
പ്രദക്ഷിണമെന്ന കവിതയിലെ ചിലവരികൾ:`` പതിവ് തെറ്റിക്കാതെ, പ്രദക്ഷിണം ചെയ്യുന്നു ഭൂമി, പക്ഷെ ധരിത്രിക്കു ചുറ്റും പകലോൻ കറങ്ങുന്നതായി പ്രതീതമാകുന്നു നമുക്ക്, പ്രത്യക്ഷത്തിലുള്ളതെല്ലാം, പൂർണ സത്യമാകണമെന്നില്ല, പലതും സ്വയമറിഞ്ഞിടേണ്ടതുണ്ട്...'' പലപ്പോഴും ആത്മീയതയുടെ വെളിച്ചം വീശുന്ന ആശ്യങ്ങളാണ് കവിത മുന്നോട്ട് വെക്കുന്നത്. മെലിൻഡ ബുക്സാണ് സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.