നൗഷാദ് വടകര `വിസമ്മതം' എന്ന ചെറുകവിതകളുടെ സമാഹാരത്തെ ചെറുതിലൊളിപ്പിച്ച വലിയ `വിസമ്മത'മെന്ന് വിശേഷിപ്പിക്കാം. ചിന്താശകലങ്ങളായി മാറുന്ന ഈ കവിതകൾ കവി കുഞ്ഞുണ്ണിമാഷിന്റെ പാരമ്പര്യവഴിയിലാണ് സഞ്ചരിക്കുന്നത്. തനിക്ക് ചുറ്റുമുള്ള ലോകം സമ്മാനിക്കുന്ന ചിന്തകളാണ് നൗഷാദിന്റെ കവിതകൾക്ക് വിഷയം. അതാകട്ടെ, ദൂർഗ്രഹമാകാതെ എളുപ്പം വായനക്കാരന്റെ ഹൃദയത്തിൽ ഇടം പിടിക്കുന്നവയാണ്. പുതിയ കാലത്തെ കാവ്യരചനാവഴികളിൽ നിന്നുമാറി നടക്കുകയാണ് കവി. പഴംഞ്ചൊല്ലുകളും സാരോപദേശ കഥകളും സാഹിത്യത്തിന്റെ ഭാഗമാണ്.ആവഴിയിലാണ് നൗഷാദ് വടകരയുടെ സഞ്ചാരം.
`പേരിട്ട് വിളിക്കാൻ കഴിയുന്ന ഏതെങ്കിലും സാഹിത്യപ്രസ്ഥാനത്തിൽ ഉൾക്കൊള്ളിൽക്കാൻ കഴിയാതെ കുതറിപ്പോകുന്ന രചനകളാണിവയെന്ന്' പുസ്തകത്തിന്റെ അവതാരികയിൽ പ്രഫ. എ.പി. ശശിധരൻ എഴുതുന്നു. ശരിക്കും പറഞ്ഞാൽ, സാഹിത്യശാഖകളിൽ ഇരിപ്പുറപ്പിക്കാതെ തന്റെതായ വഴികളിലൂടെ സഞ്ചരിക്കുന്നവയാണ് നൗഷാദ് വടകരയുടെ രചനകൾ.
`അമ്മ' എന്ന കവിതയിങ്ങനെ:-`കഴിച്ചിരുന്നോ?
സുഖമില്ലേ?
നിനക്കൊന്നും പറ്റിയില്ലല്ലോ?
അങ്ങോട്ടൊരു കേൾ
എത്തിയില്ലെങ്കിലും
സദാജാരൂഗയായിരിക്കുന്നു
സ്പന്ദിച്ചുകൊണ്ടിരിക്കുന്നു
ആദിയോടൊരു ഹൃദയം.
`ജയം' എന്ന കവിത-: തോൽക്കുന്നതിലുമുണ്ട്
ഒരു സുഖം
ജയിക്കാൻ മറ്റൊരാളെ
ശീലിപ്പിക്കലാണ്.
ജയത്തിൽ കുറത്തതൊന്നും
കാണാത്ത യാത്രകളിൽ
പിന്തിരിഞ്ഞു നോക്കിയാൽ മതി.
ഈ രണ്ട് കവിതകൾ മതി, നൗഷാദ് വടകരയുടെ കവിതകളുടെ വഴി മനസിലാക്കാൻ. തന്റെ ചിന്തകൾക്ക് നൽകുന്ന എഴുത്തുരൂപമാണ് ഇതിലെ ഓരോ രചനയും. സമകാലിക രാഷ്ട്രീയവും തന്റെ വിഷയമാക്കുന്നുണ്ട്. ഫാഷിസം എന്ന കവിതയിൽ:-കെടാതെ പകരുന്നു
പകയുടെ കനൽ.
ജാതി,
മതം,
ലിംഗം
ശത്രുവിനെ കുറിക്കാൻ
ഇത്രമാത്രം മതി.
ചൂട്ടയിലേ ശീലിച്ചതല്ലേ,
പിന്നെയെങ്ങനെ തെറ്റാകും?
ഒറ്റവായനയിൽ തന്നെ എങ്ങനെ നമുക്കിടയിൽ ഫാഷിസം വളരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. ഇത്ര ലളിതമായി എങ്ങനെ ഫാഷിസത്തെ വരച്ചിടാൻ കഴിയും. അതാണ് ഈ സമാഹാരത്തിലെ നുറുങ്ങ് കവിതകൾ ഓരോന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. വിസമ്മതമെന്നാണ് സമാഹാരത്തിന്റെ പേരെങ്കിലും ഈ സമാഹാരത്തിലെ ഒാരോ രചനയും വിസമ്മതമേതുമില്ലാതെ കൂടെപ്പോരുന്നവയാണ്.
വാചക കസർത്തുകളില്ലാതെ, അലങ്കാരത്തിന്റെ മേലാപ്പുകളില്ലാതെ, വിസമ്മതമേതുമില്ലാതെ ഈ രചനകൾ വായനക്കാരന്റെ കൂടെപ്പോരുന്നവയാണ്.
എങ്ങനെ തന്റെ രചനകൾ വായിക്കണമെന്ന് പറഞ്ഞുവെക്കുന്ന ഒരു കവിതകൂടിയുണ്ട്. ഈ വരികൾ ഈ കവിതകളിലേക്കുള്ള വാതിലാണ്.
വായന:-
``വരികൾക്കിടയിൽ വായിക്കണം.
ആഴമറിയാൻ, അർത്ഥമറിയാൻ.
ഇല്ലേൽ വായന വെറുതെയാകും.
ആഴമുള്ളവർ ആഴത്തിൽ നേടും.
ആഴമില്ലാത്തവർ
ആഴത്തിൽ മുങ്ങും''.
പഴംഞ്ചൊല്ലിന്റെ കുഞ്ഞുണ്ണിമാഷിന്റെ കാച്ചിക്കുറുക്കിയ കാവ്യവഴിയിൽ വിസമ്മതമേതുമില്ലാതെ നൗഷാദ് വടകരയുടെ കാവ്യസഞ്ചാരം തുടരുമെന്ന് ഈ സമാഹാരം ഉറപ്പ് നൽകുന്നു. ലിറ്റാർട്ട് ബുക്സ് പുറത്തിറക്കിയ സമഹാരത്തിലെ വരകൾ ഫിറോസ് ഹസ്സന്റെതാണ്. 110രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.