സ്വീഡിഷ് ചലച്ചിത്രകാരൻ ഇൻഗമർ ബെർഗ്മാനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ 89ാം വയസ്സിൽ മരണത്തിന് കീഴടങ്ങുമ്പോൾ ബെർഗ്മാൻ ലോകത്തിനായി ബാക്കിയാക്കിയത് നാൽപ്പത്തിയഞ്ച് ചലച്ചിത്ര വിസ്മയങ്ങളാണ്. ബെർഗ്മാന്റെ സിനിമകൾ കാഴ്ചക്കപ്പുറം അനുഭവിച്ചറിയാൻകൂടിയുള്ളതാണ്. എക്കാലത്തെയും മികച്ച സംവിധായകരിലൊരാളെന്ന് ലോകം വിശേഷിപ്പിക്കുന്ന ഇൻഗമർ ബെർഗ്മാനെന്ന പ്രതിഭയെ ആഴത്തിൽ അടയാളപ്പെടുത്തുകയാണ് എസ്. ജയചന്ദ്രൻ നായരുടെ 'ഇൻഗമർ ബെർഗ്മാന്റെ ജീവിത കഥ, ആത്മഭാഷണങ്ങളും ജീവിത നിരാസങ്ങളും' എന്ന പുസ്തകം. ബെർഗ്മാന്റെ ക്ലാസിക് സിനിമകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തെയും പുസ്തകത്തിൽ ജയചന്ദ്രൻ നായർ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
സ്വീഡനിൽ സാമ്പത്തികമായി ഉയർന്ന കുടുംബത്തിലാണ് ബർഗ്മാന്റെ ജനനം. നാടകത്തിനോടും അടങ്ങാത്ത അഭിനിവേശമായിരുന്നു ബെർഗ്മാന്. നാൽപതുകളിൽ നാടകത്തിലും സിനിമയിലും ഒരുപോലെ മികച്ച സംഭാവനകൾ അദ്ദേഹം നൽകി. തിരക്കഥ രചയിതാവായായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. ടോർമെൻറാണ് ആദ്യ ചിത്രം. 2003ൽ 'സാറാബാൻഡ്' സംവിധാനം ചെയ്തതോടെ അദ്ദേഹം ചലച്ചിത്ര രംഗത്തോട് വിട പറയുകയായിരുന്നു.
പ്രണയവും മരണവും ദാമ്പത്യവും വിശ്വാസവും ഏകാന്തതയുമെല്ലാം ബെർഗ്മാൻ സിനിമകളിലെ പ്രധാന വിഷയങ്ങളായി. മടുപ്പിക്കുന്നതും വിഷാദം നിറഞ്ഞതുമാണ് ബെർഗ്മാന്റെ ചിത്രങ്ങൾ എന്ന വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള ശ്രമവും പുസ്തകത്തിൽ കാണാം. അതേസമയം, ആത്മകഥാംശമുള്ളവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലധികവുമെന്ന് എഴുത്തുകാരൻ ചൂണ്ടിക്കാട്ടുന്നു. തന്റെ സ്വപ്നങ്ങളെയും വികാരവിചാരങ്ങളെയും സിനിമയിലേക്ക് ആവാഹിക്കുകയാണ് ബെർഗ്മാൻ. അദ്ദേഹത്തിന്റെ സൃഷ്ടികളിലെ ഫ്രോയിഡിന്റെ സ്വാധീനവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിന്റർ ലൈറ്റ്, ആട്ടം സൊണാറ്റ, പേഴ്സണ, ദ സൈലൻസ്, ത്രൂ എ ഗ്ലാസ് ഡാർക്ലി, ക്രൈസ് ആൻഡ് വിസ്പേഴ്സ്, സെവൻത് സീൽ എന്നീ ചിത്രങ്ങളെയും വിശദമായി പുസ്തകത്തിൽ വിശകലനം ചെയ്യുന്നുണ്ട്. രംഗങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പംതന്നെ ആ സിനിമയുടെ പിന്നാമ്പുറങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും നൽകുന്നു. വൈൽഡ് സ്ട്രോബറീസിനെക്കുറിച്ചും സെവൻത്ത് സീലിനെക്കുറിച്ചുമുള്ള വിശകലനം എടുത്തുപറയേണ്ടതാണ്. സമൂഹത്തിലെ ഉയർന്ന കുലത്തിൽപ്പെട്ടവർക്കുള്ളതാണ് ബെർഗ്മാന്റെ ചിത്രങ്ങളെന്ന വിമർശനത്തെ പ്രതിരോധിച്ചുകൊണ്ട് പൗരോഹിത്യ രാഷ്ട്രീയ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് എഴുത്തുകാരൻ ഓർമപ്പെടുത്തുന്നു. സെവൻത്ത് സീൽ അതിനുദാഹരണമായി ഉയർത്തിക്കാട്ടുന്നുണ്ട്.
ബെർഗ്മാനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ചലച്ചിത്ര പഠനവിദ്യാർഥികൾക്കും ഈ പുസ്തകം ഉപകാരപ്പെടുമെന്നത് തീർച്ചയാണ്. പ്രണത ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെർഗ്മാന്റെ സിനിമകൾ ഒരേസമയം ജീവിതത്തിലെ ജീർണതകളെയും മനുഷ്യമനസ്സിന്റെ നിഗൂഢതകളെയും ദൃശ്യാവിഷ്കരിക്കുന്നുണ്ട്. കാലത്തിനതീതമായ കലയുടെ അതിജീവന ശേഷിക്ക് ഉത്തമ ഉദാഹരണമാണ് ബെർഗ്മാന്റെ ക്ലാസിക്കുകൾ. സിനിമകളെക്കുറിച്ച് മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തെയും ഓരോ സിനിമയും രൂപംകൊണ്ട കാലഘട്ടത്തെയും നമുക്ക് ഈ പുസ്തകത്തിലൂടെ വായിച്ചറിയാം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.