തെക്കൻ കൊൽക്കത്തയിലെ പടൂലി ടൗൺഷിപ്പിന് സമീപം ആ രാത്രിയിൽ രജത് ലാഹിരിയും അമ്പതോളം സഖാക്കളും ഒത്തുകൂടി. 2010 ജനുവരിയിലെ തണുത്ത ദിവസങ്ങളിലൊന്നാണ്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 1987 മുതൽ പ്രതിനിധീകരിക്കുന്ന ജാദവ്പൂർ മണ്ഡത്തിലാണ് പടൂലി. ഭഗജതിൻ, ഗാംഗുലി ബാഗൻ, രബീന്ദ്രപള്ളി, ഗരിയ, രാംഗഡ് തുടങ്ങി സമീപത്തെ പാർട്ടിക്കോട്ടകളിൽ നിന്നുള്ളവരാണ് ആ അമ്പതുപേരും. അവർക്കും അങ്ങേത്തലയ്ക്കൽ അഭിമുഖമായി നിൽക്കുന്ന ചേരിനിവാസികൾക്കും ഇടയിൽ സതേൺ സബർബൻ റെയിൽവേയുടെ ട്രാക്ക്, ഇരു സാമ്രാജ്യങ്ങളുടെ അതിരുപോലെ നിവർന്നുകിടക്കുന്നു. ഇരുപക്ഷവും യുദ്ധസജ്ജരാണ്. സി.പി.എം സർക്കാരിെൻറ മെട്രോ വികസന പദ്ധതിയെ എതിർക്കുന്ന ചേരിനിവാസികളെ ഒരുപാഠം പഠിപ്പിക്കാൻ വന്നതാണ് പാർട്ടിയുടെ സായുധ സംഘം. ഇടതുബംഗാളിൽ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്. പൊലീസല്ല, പാർട്ടിയാണ് തീരുമാനിക്കുന്നത്; എവിടെ സമാധാനം വേണം, എവിടെ കയ്യൂക്ക് കാട്ടണമെന്ന്.രജതിനും സംഘത്തിനും മുന്നിൽ റെയിൽവേ ലൈനിന് അപ്പുറത്ത് ചേരി പ്രദേശത്ത് നല്ല ഇരുട്ടാണ്. നൂറുമീറ്റർ അകലെ നിരവധി ചേരിഭവനങ്ങളുെണ്ടങ്കിലും ഇരുട്ടുകാരണം അവിടെ തടിച്ചുകൂടിയിരിക്കുന്ന ചേരിനിവാസികളെ പാർട്ടിക്കാർക്ക് വ്യക്തമായി കാണാനാകുന്നില്ല. മൂന്നരപതിറ്റാണ്ടു നീണ്ട സി.പി.എം ഭരണത്തിെൻറ ബാക്കിപത്രം പോലെ, പാർട്ടിക്ക് ഇപ്പോൾ സാധാരണക്കാരെയും ചേരിനിവാസികളെയും കണ്ണിന്പിടിക്കുന്നില്ല. മെട്രോ വികസന പണികൾക്കായി നാട്ടിയ വിളക്കുകാലുകൾക്ക് അരികിൽ നിൽക്കുന്ന തങ്ങളെ ദൂരം കാരണം ചേരിക്കാർക്കും കാണാൻ കഴിയുന്നുണ്ടാകില്ലെന്ന് രജതും സംഘവും പ്രതീക്ഷിച്ചു. നിശബ്ദരായി, അവരവിടെ കാത്തുനിന്നു. പൊടുന്നനെ, സൗത്ത് 24 പർഗാനാസ് മേഖലയിലേക്കുള്ള ഒരു ഒഴിഞ്ഞ ലോക്കൽ ട്രെയിൻ പാളത്തിലൂടെ പാഞ്ഞുപോയി. അതിെൻറ ഹോൺ നിശബ്ദതയെ ഭേദിച്ചു. ട്രെയിനിെൻറ ഹെഡ്ലൈറ്റ് വെട്ടത്തിൽ ആ ഭയപ്പെടുത്തുന്ന കാഴ്ച രജത് കണ്ടു. നൂറുകണക്കിന് ചേരിക്കാർ അപ്പുറത്ത് തടിച്ചുകൂടിയിരിക്കുന്നു. മുളവടികളും ഇരുമ്പുകമ്പികളും കല്ലുകളുമായി. അവർക്കൊപ്പം വലിയ വെട്ടുകത്തികളുമായി പെണ്ണുങ്ങളുമുണ്ട്. ട്രെയിൻ കടന്ന് പോയി 30 സെക്കൻറ് കഴിഞ്ഞില്ല. അവിടെ നിന്ന് വലിയൊരു ഇഷ്ടിക പാർട്ടിക്കാർക്ക് നേരെ പാഞ്ഞുവന്നു. ഒരുസഖാവിെൻറ നെറുകയിൽ തന്നെ അത് പതിച്ചു. അലർച്ചയോടെ അയാൾ നിലംപതിച്ചു. ചേരിനിവാസികളെ പാഠം പഠിപ്പിക്കാൻ വന്ന പാർട്ടി സംഘം എതിർപക്ഷത്തിെൻറ ആൾബലത്തിന് മുന്നിൽ കീഴടങ്ങി. വലിയ സംഘർഷത്തിന് നിൽക്കാതെ പാർട്ടി സംഘം സ്ഥലം വിട്ടു. ആ രാത്രിയിൽ ബംഗാൾ രാഷ്ട്രീയത്തിെൻറ ചുവരെഴുത്ത് കൂടുതൽ വ്യക്തമായി: ഒന്നുമില്ലാത്തവനും ദരിദ്രനും ഇനി പാർട്ടിയെ ഭയക്കുന്നില്ല.
ലുങ്കിയുടുത്ത കാന്തി ഗാംഗുലി
നാലുമാസം കഴിഞ്ഞിരിക്കുന്നു. 2010 ഏപ്രിൽ 30. കൊൽക്കത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പ് ദിനം. രാവിലെ മുതൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ അൽപം വിശ്രമിക്കാൻ പാർട്ടി ക്ലബിൽ എത്തിയതാണ് രജത്. പാർട്ടിയുടെ നില അപകടത്തിലാണെന്ന ബോധ്യം എല്ലാവർക്കുമുണ്ട്. അതിനാൽ തന്നെ അവസാന മണിക്കൂറുകളിലെ 'ഇടപെടലി'ന് തൊട്ടുമുമ്പ് ഇത്തിരി ശ്വാസമെടുക്കാൻ വന്നതാണ് രജതും സംഘവും. പെട്ടെന്ന് പുറത്തുനിന്ന് വലിയൊരു വെടിപൊട്ടുന്ന േപാലെയുള്ള ശബ്ദം. ആരെങ്കിലും പോളിങ് ബൂത്തിലേക്ക് പടക്കം എറിഞ്ഞതാണോ. തൃണമൂലുകാർക്ക് അത്രയും ധൈര്യം ആയോ. രജതും ക്ലബിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ ബബ്ലുവും മറ്റുള്ളവരും പോളിങ് ബൂത്തിലേക്ക് പാഞ്ഞു. ചൂടനാണ് ബബ്ലു. അടിപിടിയിൽ ഇടപെടാനും വഷളാക്കാനും ബഹുകേമൻ. അതുകൊണ്ട് തന്നെ മനപ്പൂർവം ബബ്ലുവിന് കുറച്ചു പിന്നിലായാണ് രജത് ഒാടുന്നത്. തെരുവ് കഴിഞ്ഞ് ഒരു വളവിലാണ് ബൂത്ത്. ബബ്ലു ആ വളവ് കഴിഞ്ഞ് പോകുന്നത് രജത് കണ്ടു. പെട്ടന്നതാ, ബബ്ലു ഭയചകിതനായി തിരിച്ചോടി വരുന്നു: 'ആർക്കോ വെടിയേറ്റിരിക്കുന്നു'. 'ആര് ആരെ വെടിവെച്ചു. തൃണമൂലുകാർ ജാദവ്പൂരിൽ വന്ന് വെടിവെക്കാനോ.' - രജത് സ്വയം ചോദിച്ചു. ബൂത്തിലെത്തുേമ്പാൾ മുറ്റത്ത് ഒരാൾ വെടിയേറ്റ് രക്തത്തിൽ കുളിച്ച് കമിഴ്ന്ന് കിടക്കുന്നുണ്ട്. ചെറുപ്പക്കാരായ പ്രവർത്തകർ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. ചോരച്ചാലുകൾ ഏറെ കണ്ട സീനിയർ പാർട്ടിക്കാരിലൊരാൾ ഒാടിവന്ന് വെടിയേറ്റയാളെ പരിശോധിച്ചു. 'ഇത് നമ്മുടെ സുബോധ് ദത്ത'യാണ്' -അയാൾ അലറി. 45 വയസുള്ള സോഫ്റ്റ്ഡ്രിങ്സ് വിതരണക്കാരനായ ദത്ത മേഖലയിൽ അറിയപ്പെടുന്ന പാർട്ടി കാലാളാണ്. ബൂത്തിലെ പാർട്ടിക്കാർ മൊത്തം ഒാടിവന്നു. പൊലീസ് ജീപ്പിൽ അടുത്തുള്ള പീയർലെസ് ഹോസ്പിറ്റലിലേക്ക് സുബോധ് ദത്തയെ കൊണ്ടുപോയി. രജതും ബബ്ലുവും യമഹ ആർ.എക്സ് 100 ബൈക്കിൽ ജീപ്പിനെ പിന്തുടർന്നു. സംഭവിച്ചതെന്താണെന്ന് പിന്നീടാണ് വ്യക്തമായത്. പാർട്ടിയുടെ സ്ഥിരം ഏർപ്പാടായ ബൂത്തുപിടിത്തത്തിെൻറ ഇരയായിരുന്നു ദത്ത. തന്ത്രപരമായാണ് പാർട്ടി ബംഗാൾ തെരഞ്ഞെടുപ്പുകളിൽ ബൂത്ത്പിടിക്കുന്നത്. അതിനുള്ള കളമൊരുക്കൽ വോട്ടർ പട്ടിക തയാറാക്കുന്നത് മുതൽ തുടങ്ങും. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേര് ആദ്യം തന്നെ മാർക്ക്ചെയ്തുവെക്കും. എതിർപാർട്ടിക്കാരുടെ വോട്ടുകളും പാർട്ടിക്ക് നന്നായി അറിയാം. പരമാവധി അത് വെട്ടിക്കാൻ ശ്രമിക്കും. കഴിഞ്ഞില്ലെങ്കിൽ ചില്ലറ ഭീഷണികൾ. മിക്കവരും പാർട്ടികോട്ടകളിൽ അതിന്വഴങ്ങും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്ന സുരക്ഷ ഉദ്യോഗസ്ഥരെ ചാക്കിടുകയാണ് അടുത്ത ഘട്ടം. തലേദിവസം തന്നെ അവർക്ക് വേണ്ട 'സൗകര്യങ്ങൾ' ഒരുക്കികൊടുത്ത് സൗഹൃദം സ്ഥാപിക്കും. ബാക്കി പറയേണ്ടേല്ലാ.
തിരഞ്ഞെടുപ്പ് ദിവസമാണ് യഥാർഥ ഷോ. ഇല്ലാത്ത തിരക്കും അതിനെ തുടർന്നുള്ള ബഹളവും ഉണ്ടാക്കുകയാണ് ഒരുരീതി. 10-12 പാർട്ടിക്കാർ കൂട്ടമായി വോട്ട് ചെയ്യാൻ വരും. ''എന്താണ് ഇത്ര വലിയ ക്യൂ. ഇതെന്താ ക്യൂ നീങ്ങാത്തത്. ഇന്നുമുഴുവനും ഇവിടെ നിൽക്കണോ. എല്ലാവരുടെയും െഎഡി കാർഡ് പരിശോധിക്കുന്നതെന്തിനാ. ഇൗ അമ്മാവനെയും അമ്മായിയെയുമൊക്കെ ഇവിടെ ആർക്കാ അറിഞ്ഞുകൂടാത്തത്. എന്താണിത്.'' അതോടെ ബൂത്തിൽ ബഹളമാകും. സംഘർഷമാകും. മൂപ്പിക്കാൻ പാർട്ടിക്കാർ പല തരത്തിലും ഇടപെടുകയും ചെയ്യും. അതോടെ പോളിങ് ഉദ്യോഗസ്ഥരും സമ്മർദത്തിലാകും. ക്യൂ വേഗത്തിലാക്കാൻ അവർ കഷ്ടപ്പെടും. 'ഇൗ സുരക്ഷാഉദ്യോഗസ്ഥർ ഞങ്ങളുടെ വോട്ടർമാരോട് അപമര്യാദയായി പെരുമാറുകയാണ്. ഇവരെ ബൂത്തിൽ നിന്ന് മാറ്റണം'. ന്യായമില്ലാത്ത തർക്കത്തിന് ഇന്ധനം ബഹളം വെക്കലാണല്ലോ. ഇൗ ബഹളം കൂടിയാകുേമ്പാൾ ബംഗാളി അപ്പർ ക്ലാസ് കുടുംബങ്ങൾ വോട്ട് ഉപേക്ഷിച്ച് പിന്തിരിയും. പിന്നീട് പാർട്ടിക്കാരുടെ കൈയിലെ തിരക്കഥക്ക് അനുസരിച്ചാകും കാര്യങ്ങൾ. അങ്ങനെയൊരു നാടകത്തിനൊടുവിലാണ് സുബോധ് ദത്തക്ക് വെടിയേറ്റത്. പല തവണ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയ ദത്തയെ ത്രിപുരക്കാരനായ സുരക്ഷഭടൻ തടഞ്ഞു. ഒാരോ തവണയും അയാളെ പരിഹസിച്ചുകൊണ്ട് ദത്ത ബൂത്തിലേക്ക് കയറി. ഒടുവിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സുരക്ഷാഭടൻ ദത്തക്ക് അന്ത്യശാസനം നൽകി. അതും വകവെക്കാതെ അകത്ത് കയറി വോട്ട് ചെയ്ത് തിരികെ വന്ന ദത്ത ഭടനോട് ചോദിച്ചു. 'എന്തുപറ്റി നിെൻറ ദാദാഗിരിക്ക്? എന്നെതൊടാൻ നിനക്കാവില്ല'. ചെറുപ്പക്കാരനായ ഭടെൻറ ചോരതിളച്ചു. ദേഷ്യവും അപമാനവും സഹിക്കാനാകാതെ അയാൾ തോക്കെടുത്ത് ദത്തയെ വെടിവെച്ചിട്ടു. ദത്തയെ പീയർലെസ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ കാന്തി ഗാംഗുലി എത്തി. സി.പി.എം മന്ത്രിസഭയിലെ പ്രമുഖനും പ്രദേശവാസിയുമാണ് കാന്തി ഗാംഗുലി. ഉച്ചയുറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നതുപോലെ ലുങ്കി ധരിച്ചാണ് മന്ത്രി വന്നിരിക്കുന്നത്. വന്നപാടെ, പരിഭ്രാന്തരായി നിൽക്കുന്ന സഖാക്കൻമാരുടെ തോളിൽ തട്ടി ആരാഞ്ഞു. 'എന്താണ് സംഭവിച്ചതെന്ന് പറയൂ. പേടിക്കണ്ട. ഞാനുണ്ട്, നിങ്ങൾക്കൊപ്പം'. കൊൽക്കത്തയിലെ പാർട്ടിയുടെ പ്രധാനികളിലൊരാളാണ് എന്തിനും പോന്ന കാന്തി ഗാംഗുലി. പാർട്ടിയിലെ ചെറുപ്പക്കാരുമായി ഇടപെടാൻ വലിയ മികവുള്ളയാളുമാണ്. നഗരത്തിലെ ഇൗസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസ് പ്രദേശത്തെ മെഡിക്കൽ ബിസിനസ് ഹബ് ആക്കി മാറ്റിയതിന് പിന്നിലുള്ള ബുദ്ധികേന്ദ്രവും കാന്തിയാണ്. സ്ഥലങ്ങൾ ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചെടുത്തതിലും വലിയ ആശുപത്രികൾ സ്ഥാപിക്കാൻ വഴിവിട്ട് സഹായം ചെയ്തതിലും അദ്ദേഹത്തിെൻറ കൈയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോൾ അവിടെ ഉയർന്നിരിക്കുന്ന പല ആശുപത്രികളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും പാർട്ടി ശത്രുക്കൾ പറയുന്നു. 1982 ൽ ആനന്ദമാർഗി സന്യാസികളെ കത്തിച്ചുകൊന്ന ബിജൻ സേതു കേസിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് മാധ്യമറിപ്പോർട്ടുകളുണ്ടായിരുന്നു. കുറച്ചുനേരം അവിടെ നിന്ന് പാർട്ടി പ്രവർത്തകരെയും സുബോധ് ദത്തയുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ച കാന്തിഗാംഗുലി എല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് മടങ്ങി. മൂന്നുദിവസത്തിന് ശേഷം സുബോധ് ദത്ത മരണത്തിന് കീഴടങ്ങി. പാർട്ടിക്ക് അയാൾ രക്തസാക്ഷിയായി. തൃണമൂലിന് അയാൾ വോട്ടിങ് അട്ടിമറിക്കാൻ ശ്രമിച്ച ഗുണ്ടയും. സുബോധിെൻറ മരണം രജത് ലഹിരിയെ ആഴത്തിൽ സ്പർശിച്ചു. സുബോധ് ഒരു ഗുണ്ടയാണോ. രജതിന് അറിയില്ല. പാർട്ടിയെ ജീവന്തുല്യം സ്നേഹിച്ചയാളാണ് സുബോധ് എന്ന് രജതിന് അറിയാം. ഇനി അയാൾ ഒരു ഗുണ്ടയാണെങ്കിൽ അയാളെ അങ്ങനെ ആക്കിയതിെൻറ ഉത്തരവാദിത്തത്തിൽ നിന്ന്പാർട്ടിക്ക് ഒഴിയാനാകില്ല.
സുബോധിെൻറ മരണത്തിന് അധികം കഴിയുംമുേമ്പ ബബ്ലു തൃണമൂലിൽ ചേർന്നു. ബംഗാൾ രാഷ്ട്രീയത്തിെൻറ കാറ്റുമാറുന്നത് തെരുവിലുള്ളവർക്ക് വേഗം മനസിലായി. നിരവധി കേസുകൾ ഉള്ള ബബ്ലുവിന് അധികാരത്തിനൊപ്പം നിൽക്കേണ്ടത് അയാളുടെ ആവശ്യമായിരുന്നു. 2011ൽ വീട്ടിൽ മദ്യപിച്ച് വന്ന അയാൾ ഭാര്യയെ കൊന്ന് അടുത്തുള്ള കുളത്തിൽ തള്ളി. പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. ആരും അയാളെ രക്ഷിക്കാനെത്തിയില്ല. മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ ബബ്ലു തെൻറ പ്രദേശത്ത് താൻ എത്രമാത്രം തിരസ്കൃതനായിരിക്കുന്നുെവന്ന് തിരിച്ചറിഞ്ഞു. ജീവിതം മടുത്ത് അയാൾ ഒരു മുഴം കയറിൽ ജീവനൊടുക്കി. തെൻറ ആയുസിെൻറ നല്ലൊരുഭാഗവും പാർട്ടിക്ക് വേണ്ടി തല്ലുണ്ടാക്കാൻ നടന്ന ബബ്ലു അങ്ങനെ ആർക്കും വേണ്ടാതെ മരണത്തിേലക്ക് നടന്നുപോയി...
ബംഗാൾ സി.പി.എമ്മിെൻറ പതനത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ സൂർജ്യ ഭൗമിക് എഴുതിയ Gangster State: The Rise And Fall Of The CPM In West Bengal എന്ന ഏറ്റവും പുതിയ പുസ്തകത്തിൽ നിന്നുള്ള വിവരങ്ങളാണ് മുകളിൽ വായിച്ചത്. മൂന്നരപതിറ്റാണ്ടിലേറെ ബംഗാളിനെ ഭരിച്ച സി.പി.എം എങ്ങനെ നിലംപരിശായെന്നതും അതിെൻറ കാരണങ്ങളുമാണ് ഭൗമിക് തേടുന്നത്. കൊൽക്കത്ത പ്രസിഡൻസി കോളജിലെ എസ്.എഫ്.െഎ നേതാവും പിന്നീട് കൊൽക്കത്ത യൂനിവേഴ്സിറ്റിയിലെ ഡി.വൈ.എഫ്.െഎ നേതാവുമായിരുന്ന രജത്ലാഹിരിയുടെ അനുഭവങ്ങളിലൂടെയാണ് പുസ്തകം പുരോഗമിക്കുന്നത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ തട്ടകമായ ജാദവ്പൂരിലെ പ്രമുഖ പാർട്ടി സംഘാടകനും ഡി.വൈ.എഫ്.െഎ നേതാവുമായിരുന്നു രജത്.
2011 ൽ പാർട്ടി മമതാബാനർജിക്ക് മുന്നിൽ ഒൗദ്യോഗികമായി കീഴടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഒരുദശകത്തിൽ പാർട്ടിയുടെ പതനം അടുത്തുനിന്ന് കണ്ടയാളാണ് രജത്. പ്രസിഡൻസി കോളജിൽ എസ്.എഫ്.െഎയുടെ കോട്ട പൊളിയുന്നതും നന്ദിഗ്രാം, സിംഗൂർ തുടങ്ങി പാർട്ടിയുടെ അടിത്തറ മാന്തിയ സംഭവങ്ങളും വിശദമായി ഇൗ പുസ്തകത്തിൽ വായിക്കാം. അധികാര തുടർച്ച സാധ്യമാക്കിയ കേരളത്തിലെ പാർട്ടിക്കും പാർട്ടിക്കാർക്കും വായിച്ചു പഠിക്കാനുള്ള നിരവധി പാഠങ്ങളും ഇതിലുണ്ട്. ഇന്ത്യയിലെ സി.പി.എമ്മിെൻറ അവസാന തുരുത്തായ കേരളമാണ് ഇൗ പുസ്തകം വായിക്കേണ്ടത്. തിരുത്താനുണ്ടെങ്കിൽ തിരുത്തേണ്ടത് പാർട്ടിയുമാണ്. പുസ്തകത്തിലെ അത്തരം ചില വിശേഷങ്ങളിലേക്ക്....
1977 മുതൽ ബംഗാളിെൻറ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു 23 വർഷത്തിന് ശേഷം 2000ലാണ് സ്ഥാനമൊഴിയുന്നത്. ആരോഗ്യകാരണങ്ങളാണ് അതിനായി പാർട്ടി ചൂണ്ടിക്കാട്ടിയത്. ശക്തിപ്പെട്ടുവരുന്ന പ്രതിപക്ഷത്തിന് മുന്നിേലക്ക്, തൊട്ടടുത്ത വർഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ബസുവിനെ വിടുന്നത് ബുദ്ധിയല്ലെന്ന് പാർട്ടി കരുതിയെന്ന് ദോഷൈകദൃക്കുകൾ പറഞ്ഞുപരത്തി. കഞ്ഞിമുക്കി വടിപോെലയാക്കിയ ധോത്തിയും കുർത്തയും ധരിക്കുന്ന, സ്കോച്ച് വിസ്കി ഇഷ്ടപ്പെടുന്ന ബസു ഒരു യഥാർഥ ബംഗാളി ഭദ്രലോകിെൻറ പ്രതിനിധിയായിരുന്നു. വൈരുധ്യങ്ങളുടെ ആകെത്തുകയായിരുന്നു ബസുവിെൻറ 23 വർഷത്തെ ഭരണം. ഇൗ കാലത്ത് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആഴ്ന്നുമുങ്ങുേമ്പാൾ മുഖ്യമന്ത്രിയുടെ മകെൻറ ആസ്തികൾക്ക് കനംകൂടി വന്നു. ഇംഗ്ലീഷ് സിഗരറ്റ് വലിക്കുന്ന, ഗോൾഫ് കളിക്കുന്ന, സ്കോച്ച് നുണയുന്ന ചന്ദൻ ബസുവിെൻറ ഭ്രമിപ്പിക്കുന്ന കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞു. സംസ്ഥാനം കടക്കെണിയിലും അഴിമതിയിലും പെട്ടുഴലുന്ന കഥകളും പത്രങ്ങളിൽ വെണ്ടക്കയായി. ഇൗ വ്യാഖ്യാനത്തിലൂന്നിയാണ് മമതാ ബാനർജി 2001 ലെ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങിയത്. ബസുവിനെ ഒറ്റയടിക്ക് വേദിയിൽ നിന്ന് മാറ്റുക വഴി സി.പി.എം മമതയെ നിരായുധയാക്കുകയായിരുന്നു. ബുദ്ധദേവിെൻറ രംഗപ്രവേശത്തോടെ ചുരുക്കത്തിൽ ആ തവണ മമതയുടെ കഥകഴിഞ്ഞു. മാർക്വേസിനെ വിവർത്തനം ചെയ്യുന്ന, ദിനവും ടാഗോറിനെ വായിക്കുന്ന ബുദ്ധദേവ് ബംഗാളി മധ്യവർഗത്തിെൻറ ഇഷ്ടക്കാരനായി. ആദ്യ തെരഞ്ഞെടുപ്പിന് ഇറങ്ങിയ മമതയുടെ തൃണമൂൽ 2001 ൽ 30 ശതമാനം വോട്ടുനേടി.
വ്യാവസായികവത്കരണത്തിലൂടെയേ സംസ്ഥാനത്തെ കരകയറ്റാനാകൂ എന്ന് തിരിച്ചറിഞ്ഞ ഭട്ടാചാര്യ അതിനുള്ള നീക്കങ്ങളാണ് പിന്നീട് നടത്തിയത്. 'കൃഷിയാണ് നമ്മുടെ അടിത്തറ, വ്യവസായം നമ്മുടെ ഭാവി' അതായിരുന്നു മുദ്രാവാക്യം. സംസ്ഥാനത്തിെൻറ ഭാവിയെ കുറിച്ച് ബംഗാളി മധ്യവർഗം സ്വപ്നങ്ങൾ കണ്ടു. കലയിലും സാഹിത്യത്തിലുമുള്ള താൽപര്യത്തിനപ്പുറം സത്യസന്ധനായ, പിടിവാശിക്കാരനായി മാധ്യമങ്ങൾ ബുദ്ധേദവിനെ വായിച്ചു. 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം ചരിത്രത്തിലെ അതിെൻറഏറ്റവും വലിയ നേട്ടം കൈവരിച്ചു. 43 എം.പിമാർ. പാർട്ടി പിന്തുണയോടെ ദൽഹിയിൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായി. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ബുദ്ധദേവെന്ന് മൻമോഹൻസിങും വ്യവസായി അസിം പ്രേംജിയും വാഴ്ത്തി. എല്ലാം നല്ലനിലയിൽ പുരോഗമിക്കുകയായിരുന്നു. പക്ഷേ, അതിനും ഏതാനും വർഷം മുമ്പ് പാർട്ടിയുടെ കോട്ടയിൽ ചെറിയൊരു പൊട്ടൽ വീണത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ബംഗാൾ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന, ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങൾ എല്ലാക്കാലവും സി.പി.എമ്മിനാണ് വോട്ട് ചെയ്തുവന്നിരുന്നത്. അവരെ പിണക്കുന്ന ഒരു പ്രസ്താവന 2002 ൽ ബുദ്ധദേവിൽ നിന്നുണ്ടായി. 'സംസ്ഥാനത്തെ മദ്രസകളും മറ്റ് മതപഠനശാലകളും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നാ'യിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പാർട്ടിയിൽ നിന്ന് വിമർശനം ഉയർന്നെങ്കിലും ബുദ്ധദേവ് കുലുങ്ങിയില്ല. ജ്യോതി ബസു ഇടപെട്ടു: ' നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു. അത് അംഗീകരിക്കുക'. മറ്റുനേതാക്കളും േജ്യാതിബസുവിനൊപ്പം നിന്നു. ജംഇയ്യത്തുൽ ഉലമ കൊൽക്കത്തയിൽ മുഖ്യമന്ത്രിക്കെതിരെ പടുകൂറ്റൻ റാലി നടത്തി.
ഒറ്റപ്പെട്ട ബുദ്ധദേവിന് അപ്രതീക്ഷിത കോണിൽ നിന്ന് പിന്തുണയെത്തി. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ബുദ്ധദേവിെന പ്രകീർത്തിക്കുകയും കേന്ദ്ര ഗവൺമെൻറിെൻറ ഇത്തരം നയങ്ങളിൽ സഹകരിക്കുന്നതിന് അഭിനന്ദിക്കുകയും ചെയ്തു.
ഇൗ സംഭവത്തിന് വർഷങ്ങൾക്ക് ശേഷമാണ് സിംഗൂർ, നന്ദിഗ്രാം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇന്തോനേഷ്യയിലെ കോർപറേറ്റ് ഭീമനായ സലിം ഗ്രൂപ്പിന് അവരുടെ കെമിക്കൽ ഹബിനായി നന്ദിഗ്രാമിലെ 4000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമം തുടങ്ങി. നാനോ കാർ ഫാക്ടറിക്കായി സിംഗൂരിലെ 997 ഏക്കർ ടാറ്റാഗ്രൂപ്പിനും നൽകാൻ കരാറായി. പിന്നാലെ സൽബോനിയിൽ സ്റ്റീൽ പ്ലാൻറിനായി ജിൻഡാൽ ഗ്രൂപ്പിന് 5,000 ഏക്കറും. ഇൗ മൂന്നു ഭീമൻ പദ്ധതികളുടെയും െമാത്തം മൂല്യം 50,000 കോടി രൂപയായിരുന്നു. സംസ്ഥാനത്തിെൻറ മുഖഛായ തന്നെ ഇത് മാറ്റുമെന്ന് സർക്കാർ പ്രതീക്ഷിച്ചു. പക്ഷേ, സ്ഥലം ഏറ്റെടുക്കലിെൻറ പ്രായോഗിക പ്രശ്നങ്ങൾ സർക്കാർ ഒാർത്തില്ല. ഫലഭൂയിഷ്ടമായ ബഹുവിള നിലമായിരുന്നു സിംഗൂരിലേത്. പല തലമുറകളായി കൃഷി ചെയ്തുവരുന്ന കർഷകരുടെ ഭൂമി. ഇത്രയും കാർഷിക പ്രധാനമായ ഭൂമി വ്യവസായത്തിന് നൽകുന്നതിലെ യുക്തിരാഹിത്യം സംസ്ഥാനത്തെ പകുതി പേർക്കും മനസിലായില്ല. ബാക്കി പകുതി വ്യവസായിക വിപ്ലവം കൊണ്ടുവരുന്ന സ്വർഗീയ ജീവിതം സ്വപ്നം കണ്ടു. സിംഗൂർ പ്രശ്നം സംസ്ഥാനത്തിെൻറ ജനവികാരത്തെ നെടുകെ പിളർത്തി. സർക്കാരിെൻറ എതിർവശത്തുണ്ടായിരുന്നത് എന്നും സി.പി.എമ്മിനൊപ്പം നിന്ന കർഷകരും സാധാരണക്കാരും. ഒപ്പം കൂടിയതാകെട്ട, അത്രയധികം പാർട്ടി ആഭിമുഖ്യം കാണിക്കാത്ത മധ്യവർഗവും ഉപരിവർഗവും. ഇൗ ഭിന്നതയുടെ സാധ്യത മമത ബാനർജിയെന്ന കുശാഗ്രബുദ്ധിക്കാരിയുടെ മസ്തിഷ്കത്തെ ഉണർത്തി. സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെന്ന് അവരെ ആരും പഠിപ്പിക്കേണ്ടതില്ല. ഉരുണ്ടുകൂടുന്ന ആശങ്കയുടെ കാർമേഘങ്ങളെ ബുദ്ധദേവും വ്യവസായ മന്ത്രി നിരുപം സെന്നും അവഗണിച്ചുതള്ളി. സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തെ കർഷകർ എതിർത്തു. സംഘർഷമായി. പരിസ്ഥിതി പ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും കലാകാരൻമാരും കർഷകർക്ക് പിന്തുണയുമായി എത്തി. ദേശീയ ചാനലുകൾ ബംഗാളിലേക്ക് കുതിച്ചു. പ്രൈംടൈമിൽ സിംഗൂർ തിളച്ചു.
ആദ്യഘട്ട പൊലീസ് ലാത്തിചാർജോടെ തന്നെ സി.പി.എമ്മിനും പാർട്ടിക്കും പ്രാദേശിക പിന്തുണ നഷ്ടമായി. പാർട്ടിയുടെ രാവണൻ കോട്ടയിൽ വിള്ളലുകൾ വീഴാൻ തുടങ്ങി. ലാത്തിചാർജിെൻറ ദൃശ്യങ്ങൾ ബംഗാളി വാർത്താചാനലുകൾ തൽസമയം സംപ്രേഷണം ചെയ്തു. കൊൽക്കത്ത നഗര ഹൃദയത്തിലെ ശീതീകരിച്ച സ്വീകരണ മുറികളിലിരുന്ന് ബംഗാളി ഭദ്രലോക് പൊലീസ് ക്രൂരത കണ്ട് ഞെട്ടി. സ്ത്രീകളെയും കുട്ടികളെയും നിർദാക്ഷിണ്യം തല്ലിച്ചതക്കുന്ന പൊലീസ് പുരുഷൻമാരെ അടിച്ചൊതുക്കി. നൂറുകണക്കിന് കർഷകർ ആശുപത്രികളിലായി. മമത ബാനർജി കൊൽക്കത്തയിലെ എസ്പ്ലനേഡ് ജങ്ഷനിൽ സർക്കാരിനെതിരെ അനിശ്ചിതകാല നിരാഹാരമിരുന്നു. ഇൗ വിവാദം കൊഴുക്കുന്നതിനിടെയാണ് നന്ദിഗ്രാം സ്ഥലമേറ്റെടുപ്പ് ഉത്തരവ് വരുന്നത്. ഇൗ പ്രദേശങ്ങളിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളും പിന്നോക്ക ജനവിഭാഗങ്ങളുമാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയായ നന്ദിഗ്രാമും തൊട്ടടുത്ത ഹിന്ദുസ്വാധീനമേഖലയായ ഖെജൂരിയെയും ബന്ധിപ്പിക്കുന്നത് തെഖാലി പാലമാണ്. ഖെജൂരി അപ്പോഴും സി.പി.എം നിയന്ത്രണത്തിൽ തന്നെതുടർന്നു. നന്ദിഗ്രാം ആകെട്ട, സി.പി.എം വിരുദ്ധ ഗ്രൂപ്പുകളുടെ പിടിയിലായി കഴിഞ്ഞിരുന്നു. സമരം കൊടുമ്പിരികൊള്ളുന്ന ഘട്ടത്തിൽ ഖെജൂരിയിൽ വിപുലമായൊരു പൊതുപരിപാടി സി.പി.എം സംഘടിപ്പിച്ചു. പ്രതിഷേധത്തിലൊന്നും കുലുങ്ങാത്ത ബുദ്ധദേവ് അവിടെയെത്തി വെല്ലുവിളിച്ചു. അദ്ദേഹത്തിെൻറ ഉറച്ച ശബ്ദം അസംഖ്യം മൈക്രോഫോണുകളിലൂടെ മേഖലയിൽ അലയടിച്ചു: 'ഫാക്ടറി, ഫാക്ടറി, ഫാക്ടറി. തൊഴിൽ, തൊഴിൽ, തൊഴിൽ'. ഏതാനും ദിവസങ്ങൾക്കപ്പുറം സ്റ്റാലിനിസ്റ്റ് സ്റ്റേറ്റ് എന്നാൽ എന്താണെന്ന് രജത് തിരിച്ചറിഞ്ഞു.
സായുധരായ പാർട്ടി കേഡറുകൾ നന്ദിഗ്രാമിലേക്കുള്ള പാതകളിൽ വന്നിറങ്ങാൻ തുടങ്ങി. രാവിെൻറ മറവിൽ നാടൻ ബോംബുകളും തോക്കുകളുമായി അവർ ഗ്രാമം ആക്രമിച്ചു. ഗ്രാമവാസികളുടെ പ്രതിരോധം ശിഥിലമായി. അവർ എറിഞ്ഞ കല്ലുകൾ ലക്ഷ്യംതെറ്റി വീണു. ആക്രമണത്തിൽ മൂന്നുഗ്രാമവാസികൾ കൊല്ലപ്പെട്ടു. കുപിതരായ അവർ അടുത്തദിവസം സമീപത്തെ സി.പി.എം ഒാഫിസിന് തീയിട്ടു. പാർട്ടി കേഡറുകൾ തങ്ങിയ പ്രാദേശികനേതാവിെൻറ വീട് ആക്രമിച്ചു. നേതാവ് കൊല്ലപ്പെട്ടു. നന്ദിഗ്രാമിനെ സ്വതന്ത്രമേഖലയായി കർഷകർ പ്രഖ്യാപിച്ചു. ഗ്രാമത്തിന് മേൽ സർക്കാരിെൻറ നിയന്ത്രണം നഷ്ടമായി. ബംഗാളിെൻറയും സി.പി.എമ്മിെൻറയും വർത്തമാനത്തേയും ഭാവിയേയും എന്നെന്നേക്കുമായി മാറ്റിമറിച്ച ദിവസങ്ങൾ ആയിരുന്നു അത്. ദിവസങ്ങൾക്ക് ശേഷം 2007 മാർച്ച് 14 ന് ബംഗാൾ പൊലീസിെൻറ വൻ സേന നന്ദിഗ്രാമിന് സമീപം വന്നിറങ്ങി. പൊലീസിനും ഗ്രാമവാസികൾക്കുമിടയിൽ വിശാലമായ വയൽ പ്രദേശം അതിർത്തി തീർത്തു. ഏത് ആക്രമണവും നേരിടാൻ തന്നെയാണ് ഗ്രാമവാസികളുടെ തീരുമാനം. മുകളിൽ നിന്നുള്ള ഉത്തരവ് എന്തായിരുന്നുവെന്നോ, എന്തായിരുന്നു പ്രകോപനമെന്നോ ഇന്നും ആർക്കുമറിയില്ല. പക്ഷേ, പിന്നീടുള്ള മണിക്കൂറുകളിൽ രാജ്യം ടി.വിയിൽ കണ്ടത് നരനായാട്ടായിരുന്നു. ഒൗദ്യോഗിക കണക്കുകളിൽ 14 ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്. പക്ഷേ, അതിലുമെത്രയോ ശവശരീരങ്ങൾ പൊലീസ് എടുത്തുകൊണ്ടുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാക്കി ധരിച്ച സി.പി.എം കേഡറുകളും ആക്രമണത്തിന് ഉണ്ടായിരുന്നുവെന്ന് ആരോപണമുയർന്നു. ആറുമാസം കൊണ്ട് ബുദ്ധദേവ് നായകനിൽ നിന്ന് വില്ലനിലേക്ക് പരകായ പ്രവേശം നടത്തി. മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നു. ബംഗാളിലെ ഞെട്ടിക്കുന്ന സംഭവങ്ങൾ കണ്ട് രാജ്യവും ലോകവും അമ്പരന്നു. തൊഴിലാളി വർഗ പാർട്ടിയെന്ന നിലയിൽ നിന്ന് മുതലാളിത്ത പാർട്ടിയായി മാറിയ സി.പി.എമ്മിെൻറ പതനത്തെ കുറിച്ച് രാഷ്ട്രീയ ശത്രുക്കൾ ലേഖനമെഴുതി. രാജ്യത്തെ ബുദ്ധിജീവികളും എഴുത്തുകാരും തങ്ങളുടെ ഇടത് ആഭിമുഖ്യം മാറ്റിവെച്ച് സി.പി.എമ്മിനെതിരെ രംഗത്തുവന്നു. കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേവ് തിരുത്തി: 'ജനങ്ങളുടെ കണ്ണീരിന് മുകളിലൂടെ വ്യവസായവത്കരണം ഇല്ല'. സ്ഥലം ഏറ്റെടുപ്പ് ഉത്തരവും റദ്ദാക്കി. പക്ഷേ, ൈവകിപ്പോയിരുന്നു. സി.പി.എമ്മിെൻറ വിധി ജനങ്ങൾ മനസിൽ കുറിച്ചുകഴിഞ്ഞിരുന്നു, അപ്പോഴേക്കും. ജനങ്ങൾ പാർട്ടിയുടെ കരാള വാഴ്ചയിൽ നിന്നുള്ള വിമോചനത്തിനായി ഒരു മിശിഹയെ കണ്ടെത്തിക്കഴിഞ്ഞിരുന്നു: നീലക്കരയുള്ള തൂവെള്ളസാരിയുടുക്കുന്ന, റബർ ചെരിപ്പിടുന്ന ഒരു ഒറ്റയാൾപോരാളി. മമതാ ബാനർജി.
അതിസമ്പന്നനായ ലക്സ് ഇൻഡസ്ട്രീസ് ഉടമ അശോക് ടോഡിയുടെ മകൾ പ്രിയങ്കയെ പ്രണയിച്ച റിസ്വാനുറഹ്മാെൻറ മൃതദേഹം കൊൽക്കത്തയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയതും ഇക്കാലയളവിലാണ്. പാർട്ടിയും സർക്കാരും സർക്കാർ സംവിധാനങ്ങളും ഇവിടെയും പ്രതിസ്ഥാനത്തായിരുന്നു. റിസ്വാെൻറ വീട്ടിൽ ഒാടിയെത്തിയ മമത കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അവർക്കൊപ്പം ചായ കുടിച്ചു. റിസ്വാന് നീതി തേടി കൊൽക്കത്തയിൽ അതിഗംഭീരമായ റാലി നടത്തി.
യു.എസ് ആണവ കരാറിൽ അതൃപ്തരായി ഇടതുപക്ഷം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നത് 2008 ജൂൺ എട്ടിനാണ്. ആണവകരാറിെൻറ ദോഷവശങ്ങളെ കുറിച്ച് രാജ്യമെങ്ങും ഇടതുനേതാക്കൾ പ്രസംഗിച്ചുനടന്നു. പക്ഷേ, ബംഗാളിലെ സാധാരണക്കാർക്ക് ആണവകരാറിെല സങ്കീർണതകളേക്കാൾ കുതിച്ചുയരുന്ന വിലക്കയറ്റത്തിലും ജീവിതചെലവിലുമായിരുന്നു നോട്ടം. ചുവരെഴുത്ത് തിരിച്ചറിയാതെ ബംഗാൾ സി.പി.എം നേതാക്കൾ കവലകൾ തോറും അമേരിക്കൻ ഗൂഡാലോചനയെകുറിച്ച് വാചാലരായി. അവർക്ക്പോലും മനസിലാകാത്ത വ്യവസ്ഥകളെ കുറിച്ചുള്ള വാചകമടിയിൽ മടുത്ത് കേൾവിക്കാർ കൊഴിഞ്ഞുപോകാൻ തുടങ്ങി. സോമനാഥ്ചാറ്റർജിയുടെ പുറത്താക്കലും വിശ്വാസവോട്ടിൽ യു.പി.എ സർക്കാരിനെതിരെ ബി.ജെ.പിക്കൊപ്പം വോട്ടുചെയ്യലും പിന്നാലെ വന്നു.
ഇൗ പ്രതിസന്ധികൾക്ക്ശേഷം സി.പി.എം നേരിട്ട ആദ്യ അഗ്നിപരീക്ഷയായിരുന്നു 2009 ലോക്സഭ തെരഞ്ഞെടുപ്പ്. ബുദ്ധദേവിെൻറയും രജതിെൻറയും തട്ടകം ഉൾപ്പെടുന്ന ജാദവ്പൂർ ലോക്സഭ സീറ്റിൽ ജനപ്രിയ ഗായകൻ കബീർ സുമൻ ആയിരുന്നു തൃണമൂൽ സ്ഥാനാർഥി. പാർട്ടിക്ക് ഒരിക്കലും തോൽക്കാനാകാത്ത സീറ്റായിരുന്നു ജാദവ്പൂർ. വിവാദവ്യക്തിത്വമാണ് സുമേൻറത്. ഉയർന്ന ജാതിയിലുള്ള ഹിന്ദുവായിരുന്ന സുമൻ പിന്നീട് ഇസ്ലാം സ്വീകരിച്ചു. അഞ്ചുതവണ വിവാഹവും കഴിച്ചു. പ്രചരണം തുടങ്ങി അധികം കഴിയുംമുമ്പ് കബീർ സുമെനതിരെ വർഗീയ പരാമർശങ്ങളുള്ള പോസ്റ്ററുകൾ ജാദവ്പൂരിൽ പടർന്നു. ആരാണ് പിന്നിലെന്ന് എല്ലാവർക്കും അറിയാം. സുമെൻറ പരിപാടികൾക്ക് ജനം ഒഴുകിയെത്താൻ തുടങ്ങി. എല്ലാവരും സെലിബ്രിറ്റിയെ കാണാൻ പോകുകയാണെന്നും വോട്ടുചെയ്യുന്നത് പക്ഷേ, പാർട്ടി സ്ഥാനാർഥിക്ക് തന്നെയായിരിക്കുമെന്നും സി.പി.എം ആത്മവിശ്വാസം കൊണ്ടു. എല്ലാം തെറ്റായിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ പാർട്ടി കോട്ട തകർന്നു. ജാദവ്പൂരിൽ 54,000 വോട്ടിന് സുമന് വിജയം. സംസ്ഥാനത്ത് സി.പി.എമ്മിെൻറ സീറ്റുകൾ 2004 ലെ 26ൽ നിന്ന് ഒമ്പതിലേക്ക് ഇടിഞ്ഞു. ബംഗാൾ പാർട്ടി ഉടൻ തന്നെ ബലിയാടുകളെയും ന്യായങ്ങളെയും കണ്ടെത്തി. ജനറൽ സെക്രട്ടറി കാരാട്ടിെൻറ നയങ്ങൾ, തൃണമൂൽ-മാവോയിസ്റ്റ് കൂട്ടുകെട്ട്, തൃണമൂലിന് കേന്ദ്രസർക്കാർ നൽകിയ പിന്തുണ അങ്ങെന പോയി ന്യായങ്ങൾ.
പിന്നീടാണ് നമ്മൾ നേരത്തെ വായിച്ച സുബോധ് ദത്ത വെടിയേറ്റ് മരിച്ച 2010 ലെ കൊൽക്കത്ത മുൻസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്. അതിൽ 141ൽ 95 സീറ്റും നേടി തൃണമൂൽ അധികാരത്തിലെത്തി. സി.പി.എം ആകെട്ട, 33 സീറ്റിലേക്ക് നിലംപറ്റി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് അങ്ങനെ വന്നെത്തി. എത്ര താഴ്ന്നുപോയാലും 150 സീറ്റ് നേടി അധികാരം നിലനിർത്തുമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. ബുദ്ധദേവിനെതിരെ മുൻ ചീഫ്സെക്രട്ടറി മനീഷ്ഗുപ്തയെയാണ് തൃണമൂൽ നിർത്തിയത്. റിസ്വാനുറഹ്മാെൻറ സഹോദരനും മമത ടിക്കറ്റ് നൽകിയിരുന്നു. നന്ദിഗ്രാമിൽ കൊല്ലപ്പട്ട ബാലെൻറ മാതാവ് ഫിറോസബീവിയും തൃണമൂൽ ടിക്കറ്റിൽ മത്സരിച്ചു. സി.പി.എമ്മിന് ഒഴികെ എല്ലാവർക്കും ഫലം എന്താകുമെന്ന് ഉറപ്പായിരുന്നു. രാവിലെ 10.30 ഒാടെ എല്ലാം വ്യക്തമായി. ഇന്ത്യ കണ്ട എക്കാലത്തെയും കരുത്തുറ്റ ഭരണകൂടങ്ങളിലൊന്ന് 34 വർഷത്തിന് ശേഷം നിലംപതിച്ചിരിക്കുന്നു. '72 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചുപോന്ന ഭൂപരിഷ്കരണ വകുപ്പ് മന്ത്രി അബ്ദുറസാഖ് മുല്ല ഉച്ചയോടെ ബുദ്ധദേവിനെതിരെ ആഞ്ഞടിച്ചു. പതിറ്റാണ്ടൊന്ന് കടന്നും തുടരുന്ന കുറ്റപ്പെടുത്തലുകൾക്കും പഴിചാരലുകൾക്കും അങ്ങനെ സി.പി.എമ്മിൽ ഒൗദ്യോഗികമായി കൊടി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.