കരയിലും കടലിലും മണിക്ഫാൻ വിസ്മയം

ഈ പ്രതിഭാശാലി കൈവെച്ച മേഖലകൾ, ആവിഷ്കരിച്ച ശാസ്ത്രീയ സപര്യകൾ, കണ്ടെത്തിയ വിസ്മയങ്ങൾ, എത്തിപ്പിടിച്ച വിതാനങ്ങൾ, ഏറ്റു മേടിച്ച പീഡാനുഭവങ്ങൾ, അപ്പോഴും ബാക്കിയാകുന്ന സ്വപ്ന പദ്ധതികൾ...

തനിക്കറിയാത്തതിൽ ഇടപെട്ടും ആവതില്ലാത്തതിന് ഒരുമ്പെട്ടും ഞാനിവിടെ ഉണ്ടേ എന്ന് മാലോകരെ ബോധ്യപ്പെടുത്താൻ ഉത്സാഹിക്കുന്നവരാണ് പൊതുവെ മനുഷ്യർ. അഹം എന്നത് അത്രയേറെ നിലീനമാണ് ആ വ്യക്തിസത്തകളിൽ. എന്നാൽ, ഇത്തരമൊരു സ്വയം പ്രദർശന ഭാരവും ഏറ്റെടുക്കാതെ തന്റെ നിയോഗപർവം ധ്യാനാത്മകതയോടെ പൂർത്തിയാക്കി ഭൂമിയിൽനിന്നു മടങ്ങുന്ന വിനമ്ര ജന്മങ്ങളും നമുക്കിടയിലുണ്ടാവും. ഇത്തരമൊരു അപൂർവ സാഫല്യമാണ് പത്മശ്രീ അലി മണിക്ഫാൻ. വർത്തമാന ലോകത്തിന്റെ പ്രകടനപരതയിലേക്ക് തിക്കിത്തിരക്കി എത്താതിരിക്കാൻ സ്വയം തീർക്കുന്ന അദൃശ്യപ്പെടലിൽ രമിച്ച് കഴിയുന്ന മഹാപ്രതിഭ! വൈവിധ്യമാർന്ന നിരവധി കണ്ടെത്തലുകൾ വിജയിപ്പിച്ച്, നവതിയിലേക്കെത്തിയിട്ടും ഊർജസ്വലനായി തിരക്കാർന്നു നിൽക്കുന്ന ഈ പ്രതിഭാശാലി കൈവെച്ച മേഖലകൾ, ആവിഷ്കരിച്ച ശാസ്ത്രീയ സപര്യകൾ, കണ്ടെത്തിയ വിസ്മയങ്ങൾ, എത്തിപ്പിടിച്ച വിതാനങ്ങൾ, ഏറ്റു മേടിച്ച പീഡാനുഭവങ്ങൾ, അപ്പോഴും ബാക്കിയാകുന്ന സ്വപ്ന പദ്ധതികൾ... ഇതൊക്കെയും വിസ്താരത്തിൽ പറയുന്നൊരു മണിക് ഫാൻ ചരിത്രം മലയാളത്തിൽ പ്രസാധിതമായിരിക്കുന്നു; 'പത്മശ്രീ അലി മണിക് ഫാൻ: കണ്ടുപിടിത്തങ്ങളുടെ കപ്പിത്താൻ'.

ലക്ഷദ്വീപിലെ മിനിക്കോയിയിലാണ് 1938ൽ ഗണ്ടവറു അലി മണിക്ഫാൻ ജനിക്കുന്നത്. ഭാഷകൊണ്ടും വേഷഭൂഷകൊണ്ടും ശീലാചാരങ്ങൾകൊണ്ടും മിനിക്കോയിക്കാർക്ക് മാത്രമായൊരു ഭാഷയുണ്ട്‌. അതിൽ കഥയും കവിതയും കിനാക്കളുമുണ്ട്, അതാണ് മഹൽ! ഇങ്ങനെ മഹലും നുണഞ്ഞ് ആകാശനീലിമയിൽ നക്ഷത്രക്കണ്ണുകൾ വിരുത്തി കടലാഴങ്ങളിലേക്ക് പ്രകൃതിയുടെ ഗൂഢ നിക്ഷേപങ്ങളും തിരക്കി ബാല്യകൗമാരങ്ങൾ പിന്നിട്ട ഗണ്ടവറു അലി മണിക്ഫാൻ എന്ന സ്വപ്നാടകൻ ഔപചാരിക വിദ്യാഭ്യാസവും തേടി എത്തുന്നത് കണ്ണൂരിൽ.

അതോടെ ഈ യുവാവ് കുതികുത്തിപ്പറന്നത് ഗവേഷണപ്പെരുക്കങ്ങളുടെ ചക്രവാളപ്പൊയ്കയിലേക്ക്. അന്വേഷണ സഞ്ചാരങ്ങളൊക്കെയും ഒന്നിനൊന്ന് വ്യത്യസ്തവും അനന്യവുമായിരുന്നു. കടൽ മണിക്ഫാന് വീടിറമ്പിലെ കൈത്തോടുപോലെ മെരുങ്ങിനിന്നു. അതിലെ ചുഴികളും മലരികളും അയാളോട് സല്ലാപത്തിനെത്തി.

അതുകൊണ്ടാണ് പ്രശസ്ത മത്സ്യഗവേഷകനായ ഡോ. ജോൺസ് തന്റെ പഠനപ്രവർത്തനത്തിൽ മണിക് ഫാനെ പങ്കാളിയാക്കിയത്. കടലിന്റെ നിഗൂഢ ഗിരി കന്ദരങ്ങളിൽപോലും ആ വാസവ്യവസ്ഥ നെയ്തെടുത്ത അപൂർവ മത്സ്യജാല പെരുമകളെ ഡോ. ജോൺസിന് വേണ്ടി കണ്ടെടുത്തത് അലി മണിക്ഫാനാണ്. ഇതിലൊരു ജനുസ്സിന് ഡോ. ജോൺസൻ പേരുറപ്പിച്ചത്, അബൂദഫ്ദഫ് മണിക്ഫാനി എന്നായത് വെറുതേയല്ല. ഇത് 1968ൽ.

അതിൽ പിന്നെ മണിക്ഫാന്റെ ശാസ്ത്രകൗതുകം കാറ്റുപായ കെട്ടിയത് സിന്ദ്ബാദിന്റെ കപ്പലോട്ടത്തിലേക്കാണ്. എട്ടാം നൂറ്റാണ്ടിലെ ബാഗ്ദാദിയൻ രാക്കഥകളിലെ മാന്ത്രിക കടൽസഞ്ചാരിയാണ് സിന്ദ്ബാദ്. ഏഷ്യനാഫ്രിക്കൻ സമുദ്രപാതകളിലൂടെ തന്റെ മരക്കലം കേറി വിദൂരദേശങ്ങളിലേക്ക് നിധി തേടിപ്പോയ വിശ്രുത നാവികനാണയാൾ. അക്കാല കഥകളിൽ സിന്ദ്ബാദിന്റെ കപ്പൽ വിവരണങ്ങളുണ്ട്. ഇതേപോലൊരു യാനം തീർത്ത് സിന്ദ്ബാദിനെപ്പോലെ സമുദ്ര സഞ്ചാരം പോകാൻ കൗതുകപ്പെട്ടവരായിരുന്നു ബ്രിട്ടീഷുകാരനായിരുന്ന ടിം സെവറിനും സംഘവും. രാക്കഥകളിലെ കപ്പൽ വിസ്താരങ്ങളുമായി സംഘം ഒരു കപ്പൽ ശിൽപിയേയും തേടിയലഞ്ഞു നടക്കും കാലം. ആ അന്വേഷണ സഞ്ചാരം പക്ഷേ, തീരം തൊട്ടത് മിനിക്കോയിയിലെ ഈ മണിക്ഫാനിൽ. അയാൾ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ജഡികമായൊരു മാതൃകയും തന്റെ മുന്നിലില്ല. മണിക്ഫാൻ എട്ടാം നൂറ്റാണ്ടിലെ മധ്യധരണി തീരങ്ങളിലേക്കൊരു പരകായം പോയി. എൺപതടി നീളവും ഇരുപത്തിരണ്ടടി വീതിയും തികഞ്ഞൊരു സിന്ദ്ബാദിയൻ കടൽയാനം. 1980 നവംബർ 21ന് ഒമാനിലെ സൂർ തുറമുഖ നഗരിയിൽനിന്നു സർവറിന്റെ പായക്കപ്പൽ അലമാലകൾ വകഞ്ഞ് അരയന്നത്തെപ്പോലെ തുടിച്ചു നീന്താൻ തുടങ്ങി.

ആ ഉദ്വേഗയാത്ര അവസാനിച്ചത് 1981 ജൂലൈയിൽ ചൈനയിലെ ഗാങ്ചോവിൽ. ഇതൊക്കെയും ചെയ്ത് തീർത്തത് ഏതെങ്കിലും വിശ്വോത്തര നാവിക അക്കാദമികളിൽനിന്നും ബിരുദാനന്തര യോഗ്യതകൾ മേടിച്ച സാങ്കേതിക വിദഗ് ദനല്ല. മറിച്ച്, ഔപചാരിക വിദ്യാഭ്യാസം ഒട്ടുമേ മുന്നോട്ട് പോയിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ഭാവനയും വൈഭവവും. ഇങ്ങനെ എത്രയെത്ര കണ്ടെത്തലുകൾ, നിർമിതികൾ. വേതാളയിലെ കാറ്റ്മില്ല്, ഇന്ധനക്ഷമതയുള്ള കാറും മോട്ടോർ സൈക്കിളും, ആകാശ നിരീക്ഷണവും ലൂനാർ കലണ്ടറും... അങ്ങനെ അപൂർവ കണ്ടുപിടിത്തങ്ങളുടെ എഞ്ചുവടി നീളമാർന്നേ പോകുന്നു.

ലളിതമാണ് മണിക് ഫാന്റെ ജീവിതം. സ്വാർഥ കാമനകളൊന്നുമേ ആ മനസ്സിലും വപുസ്സിലുമില്ല. ഇത്തിരിമാത്രം ഭക്ഷണം. മാറിയുടുക്കാനൊരു വസ്ത്രം. അതുമതി, ആ ജീവിതം പഞ്ചാമൃതമാവാൻ. പ്രതിഭ തിളയ്ക്കുന്ന ഈ ജീവിതം പക്ഷേ, മലയാളികൾക്ക് പോലും അലഭ്യമായിരുന്നു. ഇന്നിപ്പോൾ ഈ കണ്ടുപിടിത്തങ്ങളുടെ തമ്പുരാൻ നമുക്ക് മുന്നിലേക്ക് ഈ ബൃഹത്തായ ജീവചരിത്രത്തിലൂടെ അനാവൃതനാകുന്നു.

യുവ എഴുത്തുകാരൻ സദ്റുദ്ദീൻ വാഴക്കാടിന്റെ രചനയും തലശ്ശേരി ബി.എസ്.എം ട്രസ്റ്റിന്റെ പ്രസാധനവും പുസ്തകത്തെ മികച്ചൊരു വായനാനുഭവമാക്കുന്നു. ഇരുനൂറ്റി എഴുപതിലേറെ പുറങ്ങളിലേക്ക് നീളുന്ന പുസ്തകം വായിച്ചു തീരുമ്പോൾ നാം ഒരു നിമിഷം സ്തബ്ധരായി നിന്നുപോകും. പുസ്തകത്തിന്റെ ആദ്യഭാഗം പക്ഷേ, മിനിക്കോയി ദ്വീപിലെ ആദി മനുഷ്യ ജീവിതം പറയുന്നതാണ്. അത് ഹൃദ്യത മുറ്റിയ വിവരണമാണ്. സഞ്ചാരമാർഗങ്ങളറ്റ് അറബിക്കടലിന്റെ വിദൂരതയിൽ തീർത്തും ഒറ്റപ്പെട്ടു മാത്രം ജീവിച്ച ഒരു സമൂഹത്തിന്റെ ഇന്നലെകളാണാ ഭാഗം. അവസാന പർവമാകട്ടേ മണിക്ഫാൻ നടത്തുന്ന ആകാശ നിരീക്ഷണങ്ങളും അതിന്റെ ഗണിത ശാസ്ത്ര ഉപലബ്ധങ്ങളുമാണ്. അതൊക്കെയും നാം മലയാളികൾക്ക് അറിവനുഭൂതികൾതന്നെ. എന്നും ഒരു മലയാളിയായി നമുക്കിടയിൽ കഴിയുന്ന മണിക്ഫാന് വെറുതേയല്ല കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചത്. ഗവേഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.കെ. സുഹൈലിന്റെ പ്രൗഢമായ അവതാരിക ഈ പുസ്തകത്തിനൊരു മകുടം തന്നെയാണ്.

Tags:    
News Summary - Manikfan on land and sea Amazement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT