ഫാഷിസമെന്നാൽ വെറും വർഗീയതയല്ലെന്നും ഫിനാൻസ്മൂലധനത്തിന്റെ നഗ്നമായ ഏകാധിപത്യമാണെന്നും സങ്കുചിത ദേശീയവാദമാണെന്നും വെറുപ്പുൽപ്പാദന ഫാക്ടറിയാണെന്നും മറ്റും ഇടതുപക്ഷക്കാർ പറഞ്ഞ് തീരുന്നതിനുമുമ്പേതന്നെ, മുമ്പേ വ്യക്തമാക്കിയതരം വലതുപക്ഷ ആശയങ്ങൾ അവരുടെയടക്കം വീടുകളിൽ കയറിയിരുന്ന് കഴിഞ്ഞിട്ടുണ്ടാവും! സംഘപരിവാർ ആശയങ്ങൾ സംഘപരിവാറുകാരല്ലാത്തവരിലൂടെ ശക്തമായി പ്രചരിക്കപ്പെടുമ്പോൾ, ജനായത്ത ആശയങ്ങൾ ജനായത്തവാദികളിലൂടെപോലും അത്ര ശക്തമായി അവതരിപ്പിക്കപ്പെടുന്നില്ല.
ഇന്ത്യയിൽ പലയിടങ്ങളിലും ജനങ്ങളിൽ വലിയൊരു വിഭാഗം ഒന്നുകിൽ ഫാഷിസ്റ്റുകൾ, അല്ലെങ്കിൽ ഫാഷിസ്റ്റ് വിരുദ്ധർ എന്നിങ്ങനെ കൃത്യം വിഭജിതമാവുകയാണ്. എന്നാൽ, കേരളത്തിൽ ഫാഷിസ്റ്റുകൾക്കും ഫാഷിസ്റ്റ് വിരുദ്ധർക്കുമിടയിൽ, ഫാഷിസ്റ്റുകളല്ലാത്ത ഫാഷിസ്റ്റുകൾ എന്ന് വിളിക്കാവുന്ന ഒരു വിഭാഗംകൂടി ഏറക്കുറെ ശക്തിപ്പെട്ടു കഴിഞ്ഞിട്ടുണ്ട്! ലിബറൽ സെക്കുലറിസത്തിന്റെയും നിഷ്പക്ഷതയുടെയും ഭാഗമഭിനയിച്ചുകൊണ്ടാണ് അവരിൽ ചിലർ പ്രവർത്തിക്കുന്നതെങ്കിൽ; തങ്ങൾ എന്താണ് പ്രവർത്തിക്കുന്നതെന്നറിയാതെ, പ്രവർത്തിക്കുന്നവരാണ് അവരിൽ മറ്റൊരു വിഭാഗം. രണ്ടുകൂട്ടരും വലിയ വ്യത്യാസമൊന്നും കൂടാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്, മുഖ്യധാരക്ക് പ്രിയങ്കരമായ സമവാക്യ ഭാഷയിലാണ്. ഫാഷിസ്റ്റ്-വർഗീയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരു വിഭാഗത്തെമാത്രം കുറ്റപ്പെടുത്തിയാൽ മതിയോ എന്ന ന്യായമെന്ന് തോന്നിപ്പിക്കുന്ന ചോദ്യമാണവരുടെ പ്രധാന ബുള്ളറ്റ്! അത് കൊണ്ടാൽ ഒരുവിധക്കാരൊക്കെ വീണുപോവും! തങ്ങൾ നമ്പർവൺ നിഷ്പക്ഷരും നിഷ്കളങ്കരുമാണെന്ന് സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും ഇവർ കുറച്ചുകാലംകൂടി സാമാന്യബോധത്തിന്റെ ശീതളഛായയിലും മുഖ്യധാരാ മാധ്യമങ്ങളൊരുക്കുന്ന സുഖവാസകേന്ദ്രങ്ങളിലും നവഫാഷിസ്റ്റ് അധികാരകേന്ദ്രങ്ങളുടെ പരോക്ഷ പിന്തുണയിലും സസുഖം കഴിഞ്ഞുകൂടും! കാര്യങ്ങളിങ്ങനെയൊക്കെയാണ് പോവുന്നതെങ്കിൽ മാത്രം! അക്കാര്യം മറ്റുള്ളവരേക്കാൾ നന്നായി അനുഭവത്തിൽനിന്നും ഇവർ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണവർ ബാധകയറിയതുപോലെ ഇടക്കിടെ പ്രസിദ്ധീകരണങ്ങളിൽ ഇളകിമറിയുന്നത്.
എല്ലാം കണക്ക്, ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്, ഇത് പറയുമ്പോൾ അതും പറയണം, ആ അഫ്ഗാനിസ്താനിലൊക്കെ എന്തൊക്കെയാണ് നടക്കുന്നത്? ഇങ്ങനെയൊക്കെയാണവർ ഇന്ത്യയിലിരുന്ന് ആവേശപൂർവം ചോദിക്കുന്നത്. മുസ്‍ലിം ലീഗിന് കേരളത്തിൽ രണ്ട് സീറ്റ് കിട്ടിയതിനെക്കുറിച്ച് മിണ്ടാതിരിക്കുകയും, ഭാരതീയ ജനതാ പാർട്ടിക്ക് ഒരു സീറ്റ് കിട്ടിയതിനെതിരെ ഇത്രമാത്രം ബഹളം വെക്കുകയും ചെയ്യുന്നത് എന്തിനാണ് എന്നുവരെ ചോദിക്കാൻമാത്രം ഇപ്പോളവർ വളർന്നുകഴിഞ്ഞിരിക്കുന്നു! ‘ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർ അവർ മതമുള്ളവരോ ഇല്ലാത്തവരോ ആരായാലും ആദ്യം സ്വന്തം മതവർഗീയത ഇല്ലാതാക്കിയിട്ട് പോരെ മറ്റേ വർഗീയതകൾക്കെതിരെ തിരിയാൻ. അതിനു പകരം സ്വന്തം മതത്തിന്റെ കൊള്ളരുതായ്മകളെക്കുറിച്ച് മൗനം പുലർത്തുകയും, ഹിന്ദുമതത്തെ മാത്രം അപകീർത്തിപ്പെടുത്തുകയുമല്ലേ ഈ മതേതരക്കാർ ചെയ്യുന്നത്? മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും വേണ്ടിവന്നാൽ ഇവിടെനിന്നും പോവാൻ എത്രയോ രാഷ്ട്രങ്ങളുണ്ട്. ഹിന്ദുക്കൾക്ക് ഈയൊരു പവിത്രഭാരതഭൂമി മാത്രമല്ലേ ഉള്ളൂ. ന്യൂനപക്ഷങ്ങളുടെ സംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്, അതിനൊപ്പമാണ് അവർ നടത്തുന്ന മതപരിവർത്തനവും ലവ് ജിഹാദും! പ്രണയം നടിച്ച് യുവതികളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനം കേരളത്തിൽപ്പോലും സജീവമായി നടക്കുന്നുണ്ടെന്നുള്ളത് കാണാതിരിക്കാനാവുമോ? കള്ളക്കടത്തുകാരൊക്കെ പൊതുവിൽ അധികവും ഇവരിൽപെട്ടവരല്ലേ. എത്ര പള്ളികളും ചർച്ചുകളുമാണ് ഇവർ ഇവിടെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇവരിങ്ങനെ പെറ്റുകൂട്ടിയാൽ ഒടുവിൽ ഈ രാജ്യംതന്നെ ഇവരുടെ കൈപ്പിടിയിലാവില്ലേ. ഇവരിലാർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ കാക്കാമാർ കാക്കക്കൂട്ടം പോലെ എവിടെനിന്നെങ്കിലും എത്തിപ്പെടും. നസ്രാണികളും! അതാണ് ഒത്തൊരുമ. ഇമ്പക്ക് ഇടയിൽ ഇങ്ങനെയുള്ള വല്ല ഒത്തൊരുമയുണ്ടോ. ഇമ്പടെ രാജ്യമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, നാണമില്ലാത്ത ആ മതേതറക്കാർ ന്യൂനപച്ച പ്രീണനം നടത്തി നമ്മളെയൊക്കെ പാപ്പരാക്കിയില്ലേ. ആ മോദി വന്നപ്പോഴല്ലേ ഇവർ പേടിക്കാൻ തുടങ്ങിയത്? പാർട്ടി ഏതായാലും വേണ്ടില്ല ഇവന്മാരുടെ നെഗളിപ്പ് കുറഞ്ഞല്ലോ. അടിയും പിടിയുമൊന്നും വേണ്ട. പക്കേങ്കില് ആരും ഇമ്പളെ മേലെക്കേറാൻ പാടില്ല. പറഞ്ഞിട്ടെന്ത്, മലപ്പുറം ജില്ലയിൽ ചിലയിടങ്ങളിൽ ഇസ്‍ലാമിക ഭരണമാണ് നടക്കുന്നത്. 1921ലെ ജിഹാദിന്റെ തുടർച്ചയിലാണ്, അതിനെതിരെ കവിതയെഴുതിയ മലയാളത്തിന്റെ മഹാകവി കുമാരനാശാനെ ആ ജിഹാദികൾ ചളിയിൽ ചവിട്ടിത്താഴ്ത്തി കൊന്നത്. ഇടതുപക്ഷം കേരളത്തിൽ തോറ്റത് ധാർഷ്ട്യംകൊണ്ടും ന്യൂനപച്ച സംരക്ഷണംകൊണ്ടും ഹിന്ദുവിരുദ്ധതകൊണ്ടുമാണ്.’ ഇതുപോലുള്ള ഒരടിസ്ഥാനവുമില്ലാത്ത നിരവധി ആശയങ്ങളാണ് ഒരേസമയം പല േസ്രാതസ്സുകളിൽനിന്ന് കേരളത്തിലിപ്പോൾ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്.
ഫാഷിസമെന്നാൽ വെറും വർഗീയതയല്ലെന്നും ഫിനാൻസ്മൂലധനത്തിന്റെ നഗ്നമായ ഏകാധിപത്യമാണെന്നും സങ്കുചിത ദേശീയവാദമാണെന്നും വെറുപ്പുൽപാദന ഫാക്ടറിയാണെന്നും മറ്റും ഇടതുപക്ഷക്കാർ പറഞ്ഞ് തീരുന്നതിനുമുമ്പേതന്നെ, മുമ്പേ വ്യക്തമാക്കിയ തരം വലതുപക്ഷ ആശയങ്ങൾ അവരുടെയടക്കം വീടുകളിൽ കയറിയിരുന്ന് കഴിഞ്ഞിട്ടുണ്ടാവും! സംഘ്പരിവാർ ആശയങ്ങൾ സംഘ്പരിവാറുകാരല്ലാത്തവരിലൂടെ ശക്തമായി പ്രചരിക്കപ്പെടുമ്പോൾ, ജനായത്ത ആശയങ്ങൾ ജനായത്തവാദികളിലൂടെപോലും അത്ര ശക്തമായി അവതരിപ്പിക്കപ്പെടുന്നില്ല. ക്ലാസിക്കൽ ഫാഷിസം കൊടിപറത്തിയ കാലത്ത് ജർമനിയെക്കുറിച്ച് പറഞ്ഞുപോന്ന ഒരു ചൊല്ല് ചെറിയ ഭേദഗതികളിലൂടെ ഇന്ന് കേരളത്തിനും ബാധകമാണ്. ഒമ്പതുപേർ ഒരുമിച്ചിരിക്കുകയാണ്, പലതും പറഞ്ഞുകൊണ്ട്. അങ്ങനെയിരിക്കെ അവരുടെയിടയിലേക്ക് പത്താമനായി ഒരു ഫാഷിസ്റ്റ്കൂടി വന്നുചേരുന്നു. അയാളും പലതും പറയുന്നു. അതിനെ ആരും എതിർക്കുന്നില്ല. അങ്ങനെയെങ്കിൽ ആ ബെഞ്ചിലിപ്പോൾ പത്തു ഫാഷിസ്റ്റുകളാണുള്ളത്! അവരിൽ ചിലർ പിന്നീട് മാറുമായിരിക്കാം. പക്ഷേ, അപ്പോഴേക്കും സമയം ഏറെ വൈകി കഴിഞ്ഞിരിക്കും.
സമ്മേളനങ്ങളിലും സെമിനാറുകളിലുമല്ല, തീവണ്ടിയിലും ബസ് സ്റ്റോപ്പിലും തൊഴിലിടങ്ങളിലും വീടിന്റെ അകത്തളങ്ങളിലും കല്യാണ-മരണ സന്ദർഭങ്ങളിലും തമാശയും സൊറ പറച്ചിലും ധാർമികരോഷവും അയ്യോപാവം മട്ടിലുള്ള അവതരണങ്ങളുമായാണ് നവഫാഷിസ്റ്റാശയങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് ഇപ്പോൾ കിട്ടിയ വോട്ടിനേക്കാൾ എത്രയോ അധികം വരും ഇത്തരം ആശയങ്ങൾക്ക് കേരള സമൂഹത്തിലുള്ള സ്വാധീനം. ആശയസംവാദമില്ലാതെതന്നെ രൂപംകൊള്ളുന്ന ആശയഐക്യത്തിലൂടെ, ഒരു വസ്തുതയുടെയും അടിസ്ഥാനമില്ലാത്ത വൈകാരികതയിലൂടെ വലതുപക്ഷത്തിന് വളരാൻ കഴിയും. അവർ അങ്ങനെയാണ് വളർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, ജനായത്തത്തിന് നിരന്തര ആശയസംവാദത്തിലൂടെ രൂപംകൊള്ളുന്ന ആശയ ഐക്യത്തിലൂടെ മാത്രമേ നിലനിൽക്കാനാവൂ. അതും മുമ്പേ സൂചിപ്പിച്ച നിഷ്കളങ്കമെന്ന നിലയിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സംഘ്പരിവാർ ആശയത്തോട് നിരന്തരം എതിരിട്ടുകൊണ്ടുമാത്രം. അതിനുപകരം, സാമാന്യബോധത്തിന്റെ മാതൃഭാഷയായി മാറിക്കഴിഞ്ഞ, അസമമായതിനെ സമമാക്കുന്ന, സമവാക്യത്തോട് ശൃംഗരിക്കാനാണ് ഭാവമെങ്കിൽ, ജനായത്ത ശക്തികൾ തെരഞ്ഞെടുപ്പിൽ ജയിച്ചാലും, സെക്കുലറിസത്തിൽ തോൽക്കും. ഭയപ്പെടുത്തേണ്ട ആ വിധമുള്ള തോൽവികൂടിയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സമവാക്യമൊപ്പിക്കാനുള്ള തിരക്കിൽ പലരും മറക്കുന്നത് ഫാഷിസവും മതമൗലികവാദവും വർഗീയതയും തമ്മിലുള്ള മൗലികവ്യത്യാസമാണ്. ഒന്നും ചക്കരയും കൊപ്പരയുമല്ല. എന്നാൽ, അധികാരത്തിലിരിക്കുന്ന ഫാഷിസ്റ്റ് പാർട്ടിക്ക് മറ്റേത് വർഗീയതകളേയും നിയന്ത്രിക്കാനും ആവശ്യമെങ്കിൽ നിരോധിക്കാനും കഴിയും. എന്നാൽ, ഒരു ഫാഷിസവും ആ ഫാഷിസത്തെ സ്വയം നിരോധിക്കുകയില്ല. മറ്റാർക്കും ഒരു വിധത്തിലും അതിനെ നിരോധിക്കാനും കഴിയില്ല. ലിബറൽ സെക്കുലറിസ്റ്റുകളിൽ ചിലരെയെങ്കിലും മത്തുപിടിപ്പിക്കുന്ന സമവാക്യഭ്രമം ഭൂമിയിലിറങ്ങാൻ കഴിയാതെ ഉയരത്തിൽ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനംപോലെയാണ്. ആ വിധമുള്ള വിമാന കാഴ്ചയിൽ ഒന്നിനും കൃത്യം ഒരാകൃതിയും ഉണ്ടാവില്ല. എല്ലാം ഒരുപോലെ തോന്നും! ഭൂബന്ധവും ചരിത്രബോധവും അറ്റുപോവുന്നതോടെയാണ് സമൂർത്തകാഴ്ചകൾ അസാധ്യമാവുന്നത്. ഗാന്ധിജിയും ഗോഡ്സെയും ആ വിമാനത്തിൽ നിന്ന് നോക്കുമ്പോൾ കാണാനാവും; ഉയരത്തിൽവെച്ച് രണ്ട് ബിന്ദുക്കൾ മാത്രമാവും! പിന്നെയും വിമാനം ഉയരത്തിലേക്കുയർന്നാൽ ഒന്നും കാണാതാവും! പിന്നെ ഗാന്ധിയുമില്ല, കൊലയാളി ഗോഡ്സെയുമില്ല. അതോടെ ഉച്ചത്തിലുള്ള മൂക്കുചീറ്റൽ മുതൽ ഉന്തും തള്ളും കണ്ണുരുട്ടലും വരെ എന്തും ഏതും ഫാഷിസമാവും.
ചിലിക്കാർ ഓരോരുത്തരും ഓരോ ഉരുളക്കിഴങ്ങുചെടി നടണമെത്ര. ഓരോ ചെടിയും ഉൽപാദിപ്പിക്കുന്ന ഉരുളക്കിഴങ്ങുകൾക്ക് ചിലിയുടെ ഭക്ഷ്യപ്രശ്നം പരിഹരിക്കാനാവുമെത്ര. മനുഷ്യരാശി മുഴുവൻ ഇങ്ങനെ രക്ഷപ്പെടുമെന്ന് അന്ധമായി അയാൾ വിശ്വസിച്ചു. ഞങ്ങൾക്ക് ഒരിക്കലും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്കിടയിൽ അതിനുള്ള തടസ്സം ഈ ഉരുളക്കിഴങ്ങുതന്നെയായിരുന്നു (നെരൂദ). ചിലിയിലെ സർവ പ്രശ്നങ്ങളും പരിഹരിക്കാൻ എല്ലാവരും ഉടൻ ഉരുളക്കിഴങ്ങ് കൃഷി നടത്തിയാൽ മതിയെന്ന് ആത്മാർഥമായി കരുതിയ ഒരു സുഹൃത്തിനെക്കുറിച്ച് പാേബ്ലാ നെരൂദ എഴുതിയതാണിത്. അതുകൊണ്ടുതന്നെ അദ്ദേഹം ആത്മകഥയിൽ ഒരമ്പരപ്പോടെ പറഞ്ഞത് അത്രമേൽ അടുത്ത സുഹൃത്തുക്കളായിട്ടും ഞങ്ങൾക്ക് ഒരിക്കലും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നെത്ര! ഞങ്ങൾക്കിടയിൽ അതിനുള്ള ഏക തടസ്സം ഈ ഉരുളക്കിഴങ്ങുതന്നെയായിരുന്നു എന്ന് നെരൂദ! നെരൂദക്കും സുഹൃത്തിനുമിടയിൽ അന്ന് വഴിമുടക്കിനിന്ന അതേ ഉരുളക്കിഴങ്ങാണ് ഇന്ന് കേരളത്തിലും ഉരുളുന്നത്. മധ്യവർഗ മലയാളികളുടെ ഫാഷിസ്റ്റല്ലാത്ത ഫാഷിസ്റ്റ് മാനസികാവസ്ഥയെ എളുപ്പം മനസ്സിലാക്കാൻ ആ ഉരുളക്കിഴങ്ങിനെ സമവാക്യഭ്രമം എന്ന് തിരുത്തി വായിച്ചാൽ മതിയാവും!
രണ്ടാമതായി എന്ന് തുടങ്ങുന്നതിൽനിന്നാണ് സമവാക്യ വിശകലനരീതി ശക്തിസംഭരിക്കുന്നത്. ഫലസ്തീനിയൻ പശ്ചാത്തലത്തിൽനിന്നുകൊണ്ട് പ്രശസ്ത കവി മുറീദബർഗൂത്തി ഇതേക്കുറിച്ച് എഴുതിയത്, ഇന്ത്യനവസ്ഥയിലും പ്രസക്തമാണ്. ലളിതമായ ഭാഷാകൗശലംകൊണ്ട് സത്യത്തെ മറയ്ക്കാൻ എളുപ്പമാണ്: നിങ്ങൾ രണ്ടാമത് സംഭവിച്ചത് പറഞ്ഞുതുടങ്ങുക, രണ്ടാമതായ് എന്ന് കഥ തുടങ്ങുക, ലോകം കീഴ്മേൽ മറിയും. രണ്ടാമതായി എന്ന് കഥ തുടങ്ങുക, റെഡിന്ത്യക്കാരുടെ അമ്പുകളാവും ആദ്യത്തെ കുറ്റവാളികൾ, വെള്ളക്കാരുടെ തോക്കുകൾ മുഴുവൻ ഇരകളായി മാറും. രണ്ടാമതായി എന്ന് തുടങ്ങേണ്ട കാര്യമേയുള്ളൂ, വെള്ളക്കാരോടുള്ള കറുത്തവർഗക്കാരന്റെ േക്രാധം കിരാതമായി മാറാൻ. രണ്ടാമത് എന്ന് തുടങ്ങിയാൽ, ബ്രിട്ടീഷുകാരുടെ ദുരന്തങ്ങൾക്ക് കാരണക്കാരൻ ഗാന്ധിയായിത്തീരും. രണ്ടാമത് എന്ന് കഥ തുടങ്ങേണ്ട കാര്യമേയുള്ളൂ, കരിഞ്ഞുപോയ വിയറ്റ്നാംകാർ നാപാം ബോംബു
കൊണ്ട് മനുഷ്യരാശിയെ മുറിവേൽപിക്കുകയായി (റാമല്ല ഞാൻ കണ്ടു: മുറീദ്ബർഗൂതി. വിവ: അനിത തമ്പി). സമവാക്യസമർഥരൊക്കെയും രണ്ടാമതായി എന്ന് തുടങ്ങുന്നതിൽ ഒന്നാമതാണ്! സമമല്ല സമരമെന്നവർ വിസ്മരിക്കുന്നു. രണ്ടുകൈയും കൂട്ടിയടിച്ചാലല്ലാതെ ഒച്ചയുണ്ടാവുമോ? ആ ഭീകരവാദമുള്ളതുകൊണ്ടല്ലേ ഈ ഭീകരവാദമുണ്ടാകുന്നത്, മേശക്ക് കാല് നാലല്ലേ എന്നിപ്രകാരമുള്ള സാമാന്യനിഗമനങ്ങൾ സാധാരണഗതിയിൽ ശരിയാണ്. എന്നാൽ ഒരു നവഫാഷിസ്റ്റ് അധികാരക്രമം നിലനിൽക്കുന്ന സമൂഹത്തിൽ അതെപ്പോഴും ആവിധം ശരിയായിരിക്കണമെന്നില്ല.
സർവസമവാക്യങ്ങളും സർവ സമയങ്ങളിലും ഒരുപോലെയാവണമെന്നില്ല, എന്നാൽ ചില പ്രത്യേകസന്ദർഭങ്ങളിൽ അതേറെ അപകടമായി തീരുമെന്ന് രണ്ട് പോസ്റ്റർ കവിതകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാവും.
ഉച്ചയൂണിന് അമ്പലത്തിൽ കയറിയപ്പോൾ
മമ്മദ് രാമനായി, നേർച്ചചോറിന് പള്ളിയിൽ
കയറിയപ്പോൾ രാമൻ മമ്മദായി
ഇടവഴിയിൽ ഏമ്പക്കങ്ങൾ കൂട്ടിമുട്ടി
ദൈവങ്ങൾക്കു പരിക്കുപറ്റി
(ഏമ്പക്കം: കരീം മലപ്പട്ടം).
സാധാരണഗതിയിൽ ഇതൊരു നിരുപദ്രവ സമവാക്യ പോസ്റ്റർ കവിതയാണ്. യാഥാസ്ഥിതിക വിരുദ്ധം എന്ന അർഥത്തിൽ പുരോഗമനപരമാണ്. വിശക്കുന്നവർക്ക് ഭക്ഷണം നൽകലാണ് മറ്റെന്തിലും പ്രധാനമെന്ന മത-മതരഹിത കാഴ്ചപ്പാടുകൾക്ക് സ്വീകാര്യമായ മാനവിക തത്ത്വത്തിന്റെ ഹൃദ്യവും ഹ്രസ്വവുമായ ഒരാവിഷ്കാരമാണ് പ്രസ്തുത കവിത ആഘോഷിക്കുന്നത്. അതുപോലെ റഷീദ് പാവറട്ടിയുടെ വിലപിക്കുന്ന ദൈവങ്ങൾ എന്ന പോസ്റ്റർ കവിതയും പ്രാഥമിക തലത്തിൽ സമസ്ത വർഗീയതകൾക്കുമെതിരെയുള്ള ഒരൊന്നാന്തരം പ്രതിരോധമാണ്.
വിളിക്കെടാ പട്ടീ ജയ് ശ്രീറാം/ വിളിക്കെടാ പന്നീ അല്ലാഹു അക്ബർ/വിളിക്കെടാ കഴുതേ ജയ് യേശുക്രിസ്തു/...ശക്തി ക്ഷയിച്ച ദൈവങ്ങൾ തങ്ങളുടെ ഭരണത്തിലെ ക്രിമിനലുകൾക്ക് ഒന്നൊന്നായി ക്വട്ടേഷൻ കൊടുത്തിരിക്കുന്നു, നഷ്ടപ്പെടുന്ന ആധിപത്യം തിരിച്ചുപിടിക്കാൻ. എന്നാൽ, ഇന്നത്തെ നവഫാഷിസ്റ്റ് ഇന്ത്യനവസ്ഥയിൽ ഇതേ കവിത ഫാഷിസ്റ്റല്ലാത്ത ഫാഷിസ്റ്റ് കവിതകൂടിയായി മാറും. ഇന്ത്യക്കാർ ഇന്നനുഭവിക്കുന്ന പ്രശ്നം ശക്തിക്ഷയിച്ച ദൈവങ്ങൾ അല്ല, ഫാഷിസ്റ്റ് നേതൃത്വത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജാതിമേൽ
ക്കോയ്മയാണ്. ജയ്ശ്രീറാമിന്റെ പേരിൽ അവർ അഴിച്ചുവിടുന്ന ആക്രമണങ്ങളാണ്. സമവാക്യപ്രിയർക്കൊഴിച്ച് മറ്റുള്ളവർക്കൊക്കെ മനസ്സിലാവും വിധം അലർച്ചയായി മാറിയ ആ ജയ്ശ്രീറാമിന് ഭക്തിയുമായോ ദൈവവുമായോ ജയ് യേശുക്രിസ്തുവുമായോ ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് ‘സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല’ എന്ന് ഞാൻ മുമ്പെഴുതിയത്. നവഫാഷിസം അധികാരമേൽക്കുന്നതിന്റെ മുമ്പുള്ള ജയ്ശ്രീറാമല്ല ഇന്നുള്ള ജയ്ശ്രീറാം എന്ന് മനസ്സിലാക്കാൻ സാഹിത്യവിമർശന ഗ്രന്ഥങ്ങൾ വായിക്കണ്ട, ആത്മീയഗ്രന്ഥങ്ങൾ പരതണ്ട, പത്രംമാത്രം നോക്കിയാൽ മതി, അതുമല്ലെങ്കിൽ ആ പേരിൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ നിലവിളികൾ കേട്ടാൽ മതി. അതിനൊന്നിനും മിനക്കെടാതെ പഴയ പതിവനുസരിച്ചുള്ള ഏത് സമവാക്യ എഴുത്തും, എഴുത്തുകാർ എന്തുതന്നെ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നവഫാഷിസത്തിന് സഹായകമാവും.
ഫലസ്തീൻ, പൗരത്വ, മതപരിവർത്തന, ലവ് ജിഹാദ്, ഘർവാപസി നാംവാപസി, പശു, ജനസംഖ്യ, സിവിൽകോഡാദി പ്രശ്നങ്ങൾ, ഏതെങ്കിലുമൊരു മതക്കാരുടെ മാത്രം സ്വകാര്യപ്രശ്നമാണെന്ന് കരുതുന്നവർ, ജനായത്തത്തിനും മതനിരപേക്ഷതക്കും ഭാരമാകും. ബാലൻസ് ഒപ്പിക്കാൻ മറ്റു പലതിനുമൊപ്പം അവരുടെകൂടെ ഭാരംചുമക്കേണ്ട ഒരുത്തരവാദിത്തവും സമരോത്സുക മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്നവർക്കില്ല. മറ്റുള്ളവർ എന്തുചെയ്താലും ഏതു ബ്രാൻഡിൽപെട്ട മതേതരവാദികളും ബാലൻസ് ഒപ്പിക്കാനുള്ള ശ്രമത്തിൽ സ്വയം മറിഞ്ഞുവീഴാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണം. എളുപ്പമായതിന്റെ പിറകെ പോകുന്നതാണല്ലോ ബുദ്ധി എന്ന കടമ്മനിട്ടയുടെ പഴയ കാവ്യപരിഹാസം ഇന്ത്യനവസ്ഥയിൽ സമവാക്യസമർഥരെ സംബന്ധിച്ചിടത്തോളം ഇന്നും എത്ര പ്രസക്തം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.