കോട്ടക്കൽ: തട്ടിൽ രംഗഭാഷ രചിച്ച കലാകാരന് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം. തൊട്ടതെല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ, നാട്ടുകാർ മുരളി മാഷെന്ന് വിളിക്കുന്ന കോട്ടക്കൽ മുരളിക്ക് സംഗീതനാടക അക്കാദമി പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തെരുവുനാടകങ്ങളിലൂടെയായിരുന്നു മുരളി അരങ്ങിൽ തുടക്കമിട്ടത്. സി സോൺ കലോത്സവത്തിലൂടെയാണ് നാടകസംവിധായകന്റെ കുപ്പായമണിയുന്നത്.1984ൽ പി.എൻ. താജിന്റെ രചനയിൽ സംവിധാനം ചെയ്ത ‘കുടുക്ക’യായിരുന്നു ആദ്യ നാടകം. തൊഴിലാളി മുന്നേറ്റത്തിന്റെ കഥ പറഞ്ഞ ഇബ്രാഹിം വേങ്ങരയുടെ ‘പെരുന്തി’പ്രഫഷനൽ നാടകത്തോടെ സജീവമായി.
ആയുർവേദാചാര്യൻ പി.എസ്. വാര്യരുടെ പരമശിവം വിലാസം നാടകക്കമ്പനിയുടെ നാടകങ്ങളായ നല്ല തങ്കാൾ ചരിതം, സംഗീതശാകുന്തളം സംവിധാനം ചെയ്തതോടെ കുറഞ്ഞ കാലംകൊണ്ട് പുരാണ സംഗീതനാടകങ്ങൾ വേദിയിൽ എത്തിക്കാൻ കഴിഞ്ഞതാണ് പ്രധാനനേട്ടം. ഭാര്യയും അധ്യാപികയുമായ ഡോ. ബിജിയുടെ കേരളീയ ദൃശ്യവേദിയും പി.എസ്. വാര്യരുടെ നാടകങ്ങളും വായിച്ചതോടെയാണ് പുതിയ അവതരണത്തിലേക്ക് നീങ്ങുന്നത്.
ഇതിനകം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മാല ദ്വീപ്, യു.എ.ഇ രാജ്യങ്ങളിലും നാടകങ്ങൾ ഒരുക്കി. ഇടശ്ശേരിയുടെ കൂട്ടുകൃഷി, യു.എ. ഖാദറിന്റെ വായേപാതാളം, റിയാസിന്റെ ആടുപുലിയാട്ടം, ഇ.സി. ദിനേശന്റെ കാളഭൈരവൻ എന്നിവയിലൂടെ സംഗീതസംവിധായകനുമായി.
പുതിയ രംഗഭാഷ ഒരുക്കിയ ചെറുകാടിന്റെ ‘നമ്മളൊന്ന്’നാടകമാണ് കോവിഡിന് ശേഷം തട്ടിലെത്തിയ പുതിയ നാടകം. രചനയും സംഗീതവും ആലാപനവും നിർവഹിച്ച് നിരവധി പാട്ടുകളും അക്കാലത്ത് ഓഡിയോ കാസറ്റുകളിലൂടെ പുറത്തിറക്കിയിരുന്നു. എം.ബി.ബി.എസ് വിദ്യാർഥിനിയായ സാരംഗി, പി.ജി വിദ്യാർഥിയായ സായുജ്യ എന്നിവരാണ് മക്കൾ.
കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസ് അടക്കം വിവിധ സ്കൂളുകളിൽ അധ്യാപകനായിരുന്നു. പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപകനായി വിരമിച്ചു. നാടകപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എല്ലാവർക്കും നന്ദി പറയുെന്നന്നും മുരളി മാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.