സാഹിത്യനഗര പദവിയുടെ പ്രഖ്യാപനച്ചടങ്ങിൽ മധുരവിതരണവും മാജിക് പ്രദർശനവും. വിശിഷ്ടാതിഥികൾ ചേർന്ന് വലിയ കേക്ക് മുറിച്ചാണ് ചടങ്ങ് ആരംഭിച്ചത്. വലിയ കേക്കുണ്ടാക്കി ഗിന്നസ് റിക്കോഡിട്ട കൊച്ചിൻ ബേക്കറിയുടമ എം.പി. രമേശിന്റെ നേതൃത്വത്തിലാണ് കേക്കുണ്ടാക്കിയത്. അധ്യാപകൻ കൂടിയായ ശ്രീജിത് വിയ്യൂരിന്റെ നേതൃത്വത്തിൽ മാജിക് പ്രദർശനവുമുണ്ടായി. ചടങ്ങിൽ എത്താനാവാത്ത എം.ടിയുടെ ചിത്രം ഫ്രെയിമിൽ വരുത്തിയ മാജിക്കിൽ മന്ത്രിമാരും പങ്കാളികളായി
കോഴിക്കോട്: സാഹിത്യ നഗരമായി പ്രഖ്യാപനം നടന്ന ജൂൺ 23 എല്ലാ വർഷവും കോഴിക്കോടിന്റെ സാഹിത്യ നഗരദിനമായി ആഘോഷിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ് ചടങ്ങിൽ പ്രഖ്യാപിച്ചു. എല്ലാവർഷവും സാഹിത്യനഗര പുരസ്കാരം അന്നേദിവസം പ്രഖ്യാപിക്കും. നഗരത്തിൽ സാംസ്കാരികോത്സവം നടത്തി അവാർഡുകൾ സമ്മാനിക്കും. ആറ് വിഭാഗങ്ങളിലാവും പുരസ്കാരങ്ങൾ നൽകുക. സമഗ്ര സംഭാവന, സ്ത്രീ എഴുത്തിൽ പ്രമുഖർ, യുവ എഴുത്തുകാരിൽ പ്രമുഖർ, മലയാളത്തിലേക്കുള്ള പരിഭാഷകർ, മലയാളത്തിൽനിന്ന് മറ്റ് ഭാഷകളിലേക്കുള്ള പരിഭാഷകർ, കുട്ടിയെഴുത്തുകാർ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുക.
സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ പങ്കെടുത്തില്ല. ശാരീരികാസ്വാസ്ഥ്യം കൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കാത്തതിനെതിരെ യു.ഡി.എഫ് വിമർശനമുയർത്തിയിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വേദിയിൽ മുഖ്യമന്ത്രിയെ ഇരുത്തി എം.ടി വിമർശിച്ചിരുന്നു. എം.ടി സാഹിത്യനഗരം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് യു.ഡി.എഫ് വിമർശനം ഉന്നയിച്ചത്. വിവാദം വന്നപ്പോൾ എം.ടി വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ, യു.ഡി.എഫിന് എന്തും പറയാമെന്നും എം.ടിയെ വെച്ച് സങ്കുചിത രാഷ്ട്രീയം കാണിക്കരുതെന്നും അത്രയും മര്യാദയെങ്കിലും യു.ഡി.എഫിൽനിന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.ടിയുടെ വസതിയിലെത്തി കോർപറേഷൻ വജ്ര ജൂബിലി പുരസ്കാരം നൽകിയശേഷം മന്ത്രി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കോർപറേഷൻ വജ്ര ജൂബിലി പുരസ്കാരം എം.ടി. വാസുദേവൻ നായർ ഏറ്റുവാങ്ങി. എം.ടിയുടെ കൊട്ടാരം റോഡിലെ സിതാരയിലെത്തി മന്ത്രി എം.ബി. രാജേഷ് പുരസ്കാരവും പ്രശസ്തിപത്രവും അവാർഡ് തുകയും കൈമാറി. മേയർ ഡോ. ബീന ഫിലിപ്, മുൻ എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കോഴിക്കോട്: വലിയ നഗരങ്ങളുടെ കൂട്ടത്തിൽ കോഴിക്കോട് വരില്ലെങ്കിലും ആത്മാവുള്ള നഗരമെന്നതാണ് പ്രത്യേകതയെന്ന് മന്ത്രി എം.ബി. രാജേഷ്. സാഹിത്യ നഗരം പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേട്ടം നമുക്ക് കാത്തുസൂക്ഷിക്കാനും പദവി ക്രിയാത്മകമായി ഉപയോഗിക്കാനുമാവും. ലോകത്തിലെ ചിന്തകർക്കും വിപ്ലവകാരികൾക്കും ലണ്ടൻ പോലെയാണ് കേരളത്തിന് കോഴിക്കോട്. ചളിയും ചുഴിയുമില്ലാത്ത മാനവികതയുടെ ആത്മാവിൽനിന്നാണ് കോഴിക്കോടിന്റെ സാഹിത്യവും കലയും സംഗീതവും സംസ്കാരവും പിറവിയെടുത്തത്. ഈ പദവിക്ക് അർഹമാകുന്ന ഒട്ടേറെ ഘടകങ്ങളുണ്ടെങ്കിലും അതുകൊണ്ട് മാത്രം പദവി കിട്ടില്ല.
മികച്ച ഗൃഹപാഠവും പഴുതടച്ച പ്രവർത്തനവും നേട്ടമായി. കൽക്കത്തപോലുള്ള വിഖ്യാത നഗരത്തെ പിന്തള്ളി കോഴിക്കോടിന് പദവി കിട്ടാൻ കാരണം അതാണ്. ഇക്കാര്യത്തിൽ ഭരണസമിതിയെയും കിലയെയും അനുമോദിക്കുന്നു. കോഴിക്കോട് ജനിച്ചവരും പിന്നീട് വന്നവരും നഗരത്തെ ധന്യരാക്കി. പി. ഭാസ്കരൻ മാഷുടെ സിനിമാപ്പാട്ട് പോലെ പിരിയാൻ വിടാത്ത കാമുകിയായി കോഴിക്കോട് മാറുന്നു.
എം.ടിയടക്കം അനവധിയാളുകൾ അങ്ങനെ തങ്ങിയവരാണ്. കോഴിക്കോട്ടെ മനുഷ്യരുടെ നന്മ, നൈർമല്യം, നീതിബോധം, മാനവികത, ഹൃദയ വിശുദ്ധി എന്നിവയൊക്കെയാണ് അതിന് കാരണം. നഗരം നാട്യ പ്രധാന്യമെന്ന് പറയാറുണ്ടെങ്കിലും അത് ബാധകമല്ലാത്ത നാട്യങ്ങളും പുറം മോടിയുമില്ലാത്ത, പുറം പൂച്ചില്ലാത്ത മനുഷ്യരുള്ള നഗരമാണ് കോഴിക്കോട്. നഗരങ്ങൾക്കൊപ്പം പത്രങ്ങളും വളർന്നു. എല്ലാവരെയും കോഴിക്കോട് ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നും എം.ബി. രാജേഷ് പറഞ്ഞു.
സാഹിത്യനഗരമായതിൽ കേരളമാകെ സന്തോഷിക്കുന്നതായും ബേപ്പൂരിൽ മലബാർ ലിറ്റററി സർക്യൂട്ട് പ്രാവർത്തികമാവുന്നതോടെ സാഹിത്യ നഗരത്തിന് തുണയായി മാറുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സാഹിത്യ നഗര പ്രഖ്യാപനം നിറംമങ്ങിയതിന് ഉത്തരവാദി കോഴിക്കോട് കോർപറേഷൻ ഭരണകൂടവും മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനവുമാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി കുറ്റപ്പെടുത്തി. പ്രഖ്യാപനം നടത്താൻ തയാറാകാതെ കോഴിക്കോട്ടുനിന്ന് തിരിച്ചുപോയ മുഖ്യമന്ത്രിയുടെ സമീപനം ധിക്കാരപരമാണ്.
വജ്ര ജൂബിലി പുരസ്കാരത്തിന് അർഹത നേടിയ വിശ്വ പ്രശസ്തനായ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ അപമാനിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം കോഴിക്കോട് നഗരത്തോടും സാംസ്കാരിക സമൂഹത്തോടും കാണിച്ച ധിക്കാരമാണ്. കോഴിക്കോട് കോർപറേഷന്റെ നിരവധി പദ്ധതികൾ ഇനിയും അംഗീകരിക്കാൻ തയാറാകാത്ത മന്ത്രിമാരുമായി വേദി പങ്കിടേണ്ടതില്ലെന്നാണ് യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ തീരുമാനം. അത് പ്രകാരം പരിപാടിയിൽ കൗൺസിലർമാർ സന്നിഹിതരായിരുന്നെങ്കിലും വേദിയിൽ കയറിയില്ല.
വജ്രജൂബിലി പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് സമ്മാനിക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയുടെ പ്രതികാര ചിന്ത കേരളീയ സമൂഹം തിരിച്ചറിയണം. പരിപാടിയുമായും പ്രഖ്യാപന സമ്മേളനവുമായും സഹകരിക്കാൻ പ്രതിപക്ഷം തയാറായിട്ടുണ്ടെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻ കോയയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.