ദേശീയ ബാലസാഹിത്യ പുരസ്കാരം നേടിയ ‘അൽഗോരിതങ്ങളുടെ നാട്’ എന്ന കൃതിയുടെ ആസ്വാദനം
യന്ത്രസമാനമായ ജീവിതത്തിൽ നമുക്ക് നഷ്ടപ്പെടുന്നത് പലതുമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഒരു പരിധിവരെ യാന്ത്രികമായ ഏതോ നിയന്ത്രണത്തിൽ അടിമപ്പെട്ട് മാനുഷികമൂല്യങ്ങൾ ഇല്ലാത്ത പാഴ്വസ്തുക്കളായി മാറിയിരിക്കുന്നെന്ന വർത്തമാനകാല യാഥാർഥ്യത്തെയും അതിന്റെ ഭവിഷ്യത്തുകളെയും തനിമയോടെ വരച്ചുകാട്ടുന്ന, ഭാവനയുടെ അതിർവരമ്പുകൾക്കപ്പുറം ഭാവികാല വീക്ഷണമുള്ള, ചിന്തനീയമായ ഒരു രചനയാണ് ഉണ്ണി അമ്മയമ്പലത്തിന്റെ ‘അൽഗോരിതങ്ങളുടെ നാട്’. കാലാന്തരങ്ങളായി സമ്പന്നതയും ദാരിദ്യ്രവും ജീവിതത്തിന്റെ മുഖമുദ്രകളായി ചിത്രീകരിച്ചുവരുന്നെങ്കിലും അൽഗോരിതങ്ങളുടെ നാട്ടിൽ യന്ത്രമുരൾച്ചയുടെ അകമ്പടിയോടെ, സാധുക്കളിൽ അടിച്ചേൽപിക്കുന്ന ദൈന്യത അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ വാക്കുകളിലൂടെ പ്രതിപാദിക്കാൻ എഴുത്തുകാരന് കഴിയുന്നു.
സിലിക്കൺ ഏജിലെ പാവങ്ങളായി നിസ്സഹായത തളംകെട്ടിയ ജീവിതം പേറാൻ വിധിക്കപ്പെട്ട അച്ഛനും മകനും-കുചേലസാധുവും സമ്പത്തും മനുഷ്യകുലത്തിന്റെ മുഖമുദ്രകളായി. കാലാതീതമായി വാഴ്ത്തപ്പെട്ട സമ്പത്ത്, ദാരിദ്യ്രം എന്നീ രണ്ടു പദങ്ങളുടെ പ്രതിബിംബങ്ങളായി ഇവർ. യന്ത്രസഹായമില്ലാതെ മനുഷ്യജീവിതത്തിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവില്ലെന്ന യാഥാർഥ്യവും ജീവിതത്തെ തന്നെ നിയന്ത്രിക്കുന്നത് ചില യന്ത്രങ്ങളാണെന്ന തിരിച്ചറിവും അവരുടെ പ്രതീക്ഷകളിലും സ്വപ്നങ്ങളിലും നിരാശയുടെ നിഴൽബിംബമായി മാറുന്നുണ്ട്. മകന് ഒരു ജോലി എന്ന ദരിദ്രനായ പിതാവിന്റെ സ്വപ്നം, അവിടെയെല്ലാം സാധുവാണ് എന്നതിനാൽ മാത്രം ഒറ്റപ്പെട്ടു പോകുമ്പോൾ സ്വന്തം ജീവിതത്തെപ്പോലും നിയന്ത്രിക്കുന്ന കമ്പനിയെയും അയാൾ വെറുക്കുന്നുണ്ട്.
സ്വന്തം പ്രതിരൂപംപോലും സദാ നിരീക്ഷണത്തിലാണെന്നും അറിയാത്ത എന്തൊക്കെയോ യന്ത്രങ്ങൾ ഓരോ ചലനവും നിരീക്ഷിക്കുന്നുവെന്ന സംശയം, വേണമെങ്കിൽ വ്യക്തിഗതമല്ലാത്ത വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ സൂചനയായും വിലയിരുത്താം. പാവങ്ങൾ എന്നും പാവങ്ങളായിരുന്നു എന്നതും ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളൊന്നും പാവങ്ങളെ ശക്തിയുള്ളവരാക്കി മാറ്റിയ ചരിത്രമില്ല എന്നതും കേവല വ്യാഖ്യാനങ്ങളായി എഴുതിത്തള്ളാനാവില്ല.
മാനുഷിക മൂല്യങ്ങൾക്കു വേണ്ടി നിലയുറപ്പിക്കുമ്പോഴും അവയെല്ലാം ജലരേഖകളായി മാറുന്നുവെന്ന അവരുടെ കടുത്ത നിരാശയിലും മുഴങ്ങുന്നുണ്ട് പേടിപ്പെടുത്തുന്ന മനുഷ്യയന്ത്രത്തിന്റെ അട്ടഹാസം. അതേ സമയം യന്ത്രങ്ങളെപ്പോലെ ചിന്തിക്കാനും ജീവിക്കാനും വേണ്ടി മാത്രം േപ്രരണ ചെലുത്തി ശാസ്ത്ര ലോകത്തെ ക്രൂരമുഖമായി മാറുന്ന കഥാപാത്രങ്ങളും നോവലിലുണ്ട്. ഡോ. വാട്സൺ, സ്ക്രൂമാൻ എന്നിവർ ഉദാഹരണങ്ങൾ. തലച്ചോറിലെ ചിപ്പു വഴി ഭാഷയാക്കി കമ്പനി മോണിറ്ററിലേക്ക് മെസേജ് അയക്കുന്ന ജോലിയുള്ള സ്ക്രൂമാനും ഓർമകളെ
കൊല്ലുന്ന ഇടമൊരുക്കാൻ എന്ത് പ്രവൃത്തിക്കും കൂട്ടുനിൽക്കുന്ന, ശത്രുരാജ്യത്തേക്ക് പോലും ചാവേറുകളാക്കി മനുഷ്യരെ അയക്കുന്ന പഴഞ്ചൻ യുദ്ധരീതിക്കു പകരം, യന്ത്രത്തിന്റെ ടെക്നോളജിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരെ അയക്കുന്ന പുതിയ യുദ്ധരീതിയെയും സ്വപ്നം കാണുന്ന ഡോ. വാട്സണും മാനുഷികമൂല്യങ്ങളെയും ധാർമികതയെയും പുച്ഛിച്ചുതള്ളുന്നുണ്ട്.
െബ്രയിൻ അപ് ലോഡിങ് എന്ന നൂതന പരാമർശമാണ് രചനയുടെ മറ്റൊരു സവിശേഷത. അതിശയോക്തിയെന്ന് എളുപ്പത്തിൽ വിചാരിക്കാമെങ്കിലും െബ്രയിൻ ഇന്റർനെറ്റുമായി കണക്ടുചെയ്താൽ ലോകത്തെ അറിവുകളെല്ലാം ഹൈസ്പീഡിൽ ലഭിക്കുന്ന, മറവിയെന്നത് പൂർണമായും ഇല്ലാതാക്കാൻ കഴിയുന്ന നവീന ടെക്നോളജിയും നമ്മളിൽ ആധിപത്യം പുലർത്തുന്ന ഒരു കാലവും അതിവിദൂരമല്ലെന്ന് ആരു കണ്ടു! മനുഷ്യരില്ലാത്ത തൊഴിൽശാലയും ശാസ്ത്രസാങ്കേതിക വിദ്യയുടെ നേട്ടമാണ്. റോബോട്ടോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്ന് തൊഴിലാളികൾ ഇല്ലാത്ത തൊഴിൽശാല സൃഷ്ടിക്കുന്ന ഒരു സങ്കൽപം യാന്ത്രികമായി മാത്രം മാറാനിരിക്കുന്ന ഒരു യുഗത്തെക്കുറിച്ചുള്ള ആശങ്കയുമാവാം.
മാനുഷികമൂല്യങ്ങൾ, നിലനിന്നേ മതിയാവൂ എന്ന ആശയത്തെ, സാക്ഷാത്കരിക്കാനെന്നോണം ശാസ്ത്രലോകത്തെ ചതിയിൽ നിന്നെല്ലാം ദൈന്യതയുള്ള മുഖഭാവം പേറുന്ന അച്ഛനെയും മകനായ സമ്പത്തിനെയും രക്ഷപ്പെടുത്താൻ ഡോ.യശ്പാൽ എന്ന കഥാപാത്രമുണ്ട്. തന്ത്രപരമായ ഒരു രക്ഷപ്പെടുത്തലിലൂടെ അയാളുടെ കൈകളിൽ സുരക്ഷിതമാവുന്നത് നമ്മുടെ സംസ്കാരവും നാഗരികതയുമാണ്. ടെക്നോളജി എത്ര അഭിവൃദ്ധിപ്പെട്ടാലും മനുഷ്യൻ മനുഷ്യനായി തന്നെ ജീവിച്ചേ മതിയാവൂ, പ്രകൃതി ആവശ്യപ്പെടുന്നതും അതുതന്നെ. ചില ശാശ്വത സത്യങ്ങൾ പാലിക്കപ്പെടണമെങ്കിൽ, കരുതലോടെ ചേർത്തുനിർത്തേണ്ട ധാർമിക മൂല്യങ്ങളുണ്ട്. ഇതിനെയെല്ലാം ഓർമപ്പെടുത്തുന്ന ഹൃദയസ്പർശിയായ സന്ദർഭങ്ങളും രചനയിലുടനീളമുണ്ട്.
31 അധ്യായങ്ങളിലായി പൂർത്തീകരിച്ചിരിക്കുന്ന ഈ നോവലിലെ ചില പ്രമേയങ്ങൾ, ആശയസമ്പൂർണമാകുംവിധം വിവരണാത്മകമാകാതെ ചുരുക്കിയിരുന്നെങ്കിൽ രചനക്ക് കുറച്ചുകൂടി ഒരു ഉന്നതതലം കൈവരിക്കാനായേനെ. എന്നാൽ, അതൊരു ന്യൂനതയായി കാണാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.