കോഴിക്കോട്: കലയും അധികാരവും തമ്മിലുള്ള സംഘർഷസമസ്യകൾ തേടി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയും ഗാനരചയിതാവുമായ പ്രഭാവർമയുടെ നോവൽ വരുന്നു. 'ആഫ്റ്റർ ദ ആഫ്റ്റർമാത്' എന്നു പേരിട്ട കൃതി ഒരു മലയാള കവിയുടെ ആദ്യ ഇംഗ്ലീഷ് നോവലാകും. ഡൽഹിയിലെ ഇൻഡസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസംബറിൽ പ്രകാശനം ചെയ്യും. പേരിട്ടിട്ടില്ലാത്ത ആത്മകഥയുടെ നാൽപത് അധ്യായങ്ങൾ പൂർത്തിയായതായും പ്രഭാവർമ 'മാധ്യമ'ത്തോടു പറഞ്ഞു.
'മാധ്യമം' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'രൗദ്ര സാത്വികം' കാവ്യാഖ്യായികയുടെ തുടർച്ചയാണ് നോവൽ. തുടക്കത്തിൽ കവിത രൂപത്തിൽ എഴുതാൻ ശ്രമിച്ച രചന പിന്നീട് നോവലിലേക്ക് വഴിമാറുകയായിരുന്നു. അടുത്ത മാസംതന്നെ പ്രകാശനം നിർവഹിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വേദങ്ങളെയും ഉപനിഷത്തുക്കളെയും മതേതര കാഴ്ചപ്പാടിൽ അവതരിപ്പിക്കാൻ ദേവീപ്രസാദ് ചാതോപാധ്യായ, ഡി.ഡി. കോസാംബി എന്നിവരെപ്പോലുള്ളവർ നടത്തിയ ശ്രമങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്ന് ചൂണ്ടിക്കാണിച്ച പ്രഭാവർമ, വേദോപനിഷത്തുക്കളുടെ അന്തഃസത്തക്ക് വിരുദ്ധമാണ് സംഘ്പരിവാറിെൻറ ഉള്ളടക്കമെന്നും കൂട്ടിച്ചേർത്തു. ആരോടും വിദ്വേഷമരുത് എന്നതാണ് ശാന്തിമന്ത്രത്തിെൻറ അന്തഃസത്ത. ഹിന്ദുമതമോ വേദമോ ഉപനിഷത്തുക്കളോ പറഞ്ഞതല്ല, സംഘ്പരിവാർ ചെയ്യുന്നത്. ഹിന്ദു വിശ്വാസി സമൂഹം ഇവരെ ഒറ്റപ്പെടുത്തണം. തനിക്കെതിരെ നിരന്തരം കേസുകൾ നൽകി ബുദ്ധിമുട്ടിക്കുകയാണ് സംഘ്പരിവാർ.
എല്ലാ മതത്തിലെയും നവോത്ഥാന ശ്രമങ്ങൾ അതിനുള്ളിൽനിന്നു വരണം. ശബരിമലയുടെ കാര്യത്തിൽ ആ നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും പ്രഭാവർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.