അലൻ ഷുഹൈബ് അമിതമായി ഉറക്കഗുളിക കഴിച്ച് ആശുപത്രിയിൽ കഴിയുകയാണ്. അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും എഴുതിയിരുന്നു. ഈ സാഹചര്യത്തിൽ ഡോ. ആസാദ് തെൻറ ഫേസ് ബുക്കിൽ കുറിച്ച കവിതയാണിത്.
എഴുത്ത് പൂർണരൂപത്തിൽ:
അലൻ,
നിനക്കു നിന്റെ വഴിയുണ്ട്.
മുതുകിൽ തൂങ്ങിയ വേതാളങ്ങളെ
പറിച്ചെറിഞ്ഞ് സഞ്ചരിക്കേണ്ട വഴി.
നീ നിന്റെ വഴിയിലേക്ക് തിരിച്ചു വരണം.
സ്കൂൾകാലം തൊട്ടേ ഭരണകൂടം നിന്നെ
നിരീക്ഷണക്കണ്ണു വെച്ച് വേട്ടയാടി.
സ്കൂൾ ക്ലാസു വിട്ടു പുറത്തുവന്നപ്പോൾ
പിടിച്ച് എൻ ഐ എക്കു കൈമാറി.
ഒരു നവംബർ ഒന്നിനായിരുന്നു.
അത് അന്നത്തെ കേരളീയമായിരുന്നു. അവർക്ക് ഒരു അർബൻ ഇരയെ വേണമായിരുന്നു.
യു എ പി എ കുത്തി തെരുവിൽ പ്രദർശിപ്പിക്കണമായിരുന്നു.
അലനെന്നും താഹയെന്നുമുള്ള പേരുകൾ
ഛേദിക്കപ്പെട്ട ശിരസ്സുകൾപോലെ തെരുവുകളിൽ തൂക്കണമായിരുന്നു. ഉയരവും വെളിച്ചവുമില്ലാത്ത തടവറയിൽ
നിങ്ങൾ മുതുകൊടിഞ്ഞു കിടന്നിട്ടുണ്ട്.
ബഹളവും ഏകാന്തതയും നിങ്ങളെ വരിഞ്ഞു മുറുക്കിയിട്ടുണ്ട്.
ചായ കുടിക്കാൻ പോയവരല്ലെന്ന് അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
ചുവന്ന പുസ്തകങ്ങളിലെ തീവ്രവാദം തിന്ന്
വിപ്ലവം ചുരത്തുന്നവരെന്ന് കുറ്റപത്രം കുറിക്കപ്പെട്ടിട്ടുണ്ട്.
അപ്പോഴൊന്നും നിങ്ങൾ തല കുനിച്ചുനിന്നില്ല.
മാപ്പെഴുതിയോ മാപ്പുസാക്ഷിയായോ ജയിലിൽനിന്ന് ഇറങ്ങിയില്ല. അലൻ,
നിങ്ങളെക്കുറിച്ച് കേരളം അഭിമാനിക്കുന്നു.
ചെയ്തത് തെറ്റാണെങ്കിൽ നിയമം ശിക്ഷിക്കട്ടെ എന്ന
തലയെടുപ്പുള്ള നിശ്ചയത്തെ കേരളം അഭിവാദ്യം ചെയ്യുന്നു.
വഴിയായ വഴികളിലെല്ലാം മുള്ളും പ്രാക്കും പാകി
ഭരണകൂടത്തിന്റെ സേവാസംഘങ്ങൾ നിറഞ്ഞു.
കള്ളക്കേസുകളും ഇല്ലാതെളിവുകളും നിരത്തി വേട്ടയാടി.
നീ നീതിയേക്കുറിച്ച് സംസാരിച്ചപ്പോഴൊക്കെ,
അവനെ ക്രൂശിക്കൂ അവനെ ക്രൂശിക്കൂ എന്ന്
അലൻ, നിന്റെ പിറകിൽ തെമ്മാടിസേനകൾ ഒച്ചവെച്ചു. നീ ഒറ്റയ്ക്കായിരുന്നു.
നിന്റെ മുതുകിൽ ഭാരം കൂടിക്കൊണ്ടിരുന്നു.
ഊരയൊടിഞ്ഞിട്ടും നീ നിവർന്നുകൊണ്ടിരുന്നു. നിനക്ക് തോൽക്കാനാവില്ലായിരുന്നു.
വഴിയിൽ നിർത്തുന്ന പോരാട്ടങ്ങൾ
മറ്റൊരുവഴിയിൽ തുടരുമെന്ന്
നിനക്ക് ഉറപ്പുണ്ടായിരുന്നു.
കീഴടങ്ങാൻ മനസ്സില്ലാത്തവർക്ക് ചൂടാറുംമുമ്പ് മുദ്രാവാക്യം മുളപ്പിക്കണം.
നിന്റെ തീരുമാനം ഇപ്പോൾ മാത്രം ധൃതിപിടിച്ചതായി.
സഖാവേ, നിന്റെ സഹനം
വീഴ്ത്തപ്പെട്ടവരുടെ സമരം തന്നെയാണ്.
അതിന് തുടക്കമോ അന്ത്യമോ കാണില്ല.
ബാല്യത്തിൽ വേട്ടയാടപ്പെട്ടവൻ
യൗവ്വനത്തിൽ മുറിഞ്ഞുവീഴില്ല. ഞാൻ എന്നെ വിതയ്ക്കുന്നുവെന്ന്
ഭരണകൂടത്തോടു നീ പറഞ്ഞു.
മരണത്തിലേക്ക് ഓടിച്ചുകൊണ്ടുപോയ
ഭരണകൂടത്തോടു മുഖമുയർത്തി നീയതു പറഞ്ഞു. അലൻ,
നീ നിന്നെ വിതച്ചുകൊണ്ടു പോകുന്നു.
മഴ കാറുവെക്കുന്ന കാലം പിറകിലാണ്.
നിന്റെ വേഗമില്ലാത്ത കാലത്തോട്
നീ പൊറുക്കേണ്ടിയിരിക്കുന്നു.
നീ തിരിച്ചുവരണം നിന്റെ വഴിയിലേക്ക്
കാറ്റുകൾക്കും ഇടിമിന്നലുകൾക്കും
കൂടൊരുക്കണം കോശങ്ങളിൽ.
പൊട്ടിത്തിളയ്ക്കണം മണ്ണിലും നീരിലും. നിന്റെ പേര് നിന്റെ സമരജീവിതം.
ശാന്തിയുടെ കാലത്ത് അതു മായട്ടെ.
നിന്റെ ജീവിതം നിന്റെ സമരനാമം
വിമോചനകാലത്ത് അതൊടുങ്ങട്ടെ. അലൻ
നീ വരൂ, നിന്റെ പേരിലേക്കും സമരത്തിലേക്കും
നീ വരൂ, നിന്റെ വേരിലേക്കും പടരാനിരിക്കുന്ന ശിഖരങ്ങളിലേക്കും.
നീ പിൻവാങ്ങേണ്ടവനല്ല.
താഹയുമൊത്തുള്ള സഹനവേവുകൾ
നിന്നെ ഒറ്റപ്പെടുത്തേണ്ടതുമല്ല.
ആസാദ്
08 നവംബർ 2023.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.