കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമി എന്നുമൊരു കണ്ണീരാണ്. ആ ഭൂമികക്ക് പുറത്തുള്ളവർക്ക് എന്നും ഓർത്തെടുക്കാൻ പോലും മടിക്കുന്ന ഒരിടത്തിന്റെ പേരാണത്. പക്ഷെ, ആ നാടിന് അത്, യാഥാർത്ഥ്യമാണ്. മലയാളി ഈ നാടിന്റെ ദൈന്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ് ഉള്ളുപൊള്ളിയിരിക്കവെയാണ്. ഈ കണ്ണീർ നനവുള്ള ജീവിതത്തെ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് ‘എന്‍മകജെ’ എന്ന നോവലിലേക്ക് പകർത്തിയത്.
മലയാളത്തിൽ തുടങ്ങി, തമിഴ്, കന്നട, ഇംഗ്ലീഷ് വായനക്കാരുടെ ഉള്ളുലച്ച ‘എൻമകജെ’ ഹിന്ദിയിലും മനസ് കീഴടക്കുകയാണിപ്പോൾ... ഹിന്ദിയിൽ രണ്ടാം പതിപ്പ് ഇറങ്ങികഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയിലെത്തി എല്ലാ അർത്ഥത്തിലും ആ മണ്ണിലെ ജീവിതത്തെ അറിഞ്ഞശേഷമാണ് അംബികാസുതന്‍ മാങ്ങാട് അവിടുത്തെ ഗ്രാമത്തിന്റെ പേരായ ‘എൻമകജെ’ തന്റെ നോവലിന്റെ തലവാചകമാക്കി മാറ്റുന്നത്.
എഴുത്തുകാരന് പറയാനുള്ളത്...
‘എൻമകജെ’ ഭാഷയുടെ അതിരുകൾ ഭേദിച്ച് വായനക്കാരെ തേടിപോകുമ്പോൾ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന് ഏറെ പറയാനുണ്ട്... മാധ്യമം ഓൺലൈനിനോട് പങ്കുവെച്ചതിങ്ങനെ: ‘‘എൻമകജെ’ ഹിന്ദിയിൽ വരുമ്പോൾ പ്രത്യേക സന്തോഷമുണ്ട്. കാരണം ഹിന്ദി രാഷ്ട്രഭാഷയാണ്. 2018-ലാണ് ഹിന്ദിയിൽ ഒന്നാം പതിപ്പ് വരുന്നത്. ഹിന്ദി പ്രചാരസഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിൽ നിന്നും 20 പുസ്തകങ്ങൾ തെരഞ്ഞെടുത്തപ്പോൾ, മലയാളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പുസ്തകങ്ങളിലൊന്നാണ് ‘എൻമകജെ’. ഹിന്ദി പ്രചാരസഭ തന്നെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതോടെ, ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ഹിന്ദി പ്രചാരസഭയുടെ എം.എ കോഴ്സുകളിൽ പാഠപുസ്തകമായി. അത് സന്തോഷമുള്ള കാര്യമാണ്.
ധാരാളം കുട്ടികൾ നോവൽ അറിയുകയും പഠിക്കുകയും ചെയ്യുകയാണവിടെ. ഇപ്പോൾ രണ്ടാം പതിപ്പ് പബ്ലിഷ് ചെയ്യുന്നത് ന്യൂഡൽഹിയിലെ ഓതേഴ്സ് പ്രസാണ്. പ്രശസ്ത കവിയും വിവർത്തകനുമായ സന്തോഷ് അലക്സാണ് വിവർത്തനം ചെയ്തിരിക്കുന്നത്. എൻഡോസൾഫാൻ എന്ന രാസകീടനാശിനി ഒരു പ്രദേശത്ത് ഉണ്ടാക്കിയ ദുരന്തം ലോകം മുഴുവൻ അറിയേണ്ടതാണ്. ഒരു പാരിസ്ഥിതിക ദുരന്തം എത്രത്തോളം ഭീകരമായിട്ടാണ് ദേശത്തെ തളർത്തിയത് എന്നുള്ളത് ഹിന്ദിയിലൂടെ മറ്റ് ഭാഷകളിലേക്കും പോകാൻ സാധ്യതയുണ്ട്.
നേരത്തെ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലാണ് വിവർത്തനം വന്നത്. ഏറ്റവും ഒടുവിലായി മൈഥിലി ഭാഷയിൽ കൂടി വിവർത്തനം പൂർത്തിയായിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടില്ല. ഏതൊരു പാരിസ്ഥിതിക ദുരന്തത്തിനെതിരായ ഓർമ്മപ്പെടുത്തലിനും ഈ പുസ്തകം ഇടയാക്കുമെന്നറിയുമ്പോൾ സന്തോഷം. മലയാളത്തിൽ 25ാം പതിപ്പാണ് ഇറങ്ങിയത്. വായനക്കാർ സ്വീകരിച്ചുവെന്നതിന്റെ തെളിവാണിത്. കേരളത്തിലെ എട്ട് സർവകലാശാലകളിൽ എം.എ, ബി.എ ക്ലാസുകളിലായി എൻമകജെ പഠനവിഷയമായി. ധാരാളം ആളുകൾ റിസർച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്’.
കണ്ണീരിന്റെയും സമരത്തിന്റെയും ഭൂമി
നീണ്ട സമരങ്ങൾ, പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടൽ, തെരഞ്ഞെടുപ്പ് വേളയിലെ വാഗ്ദാനങ്ങൾ..അങ്ങനെ കേരളം പലപ്പോഴായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയെ കുറിച്ച് അറിഞ്ഞു. 25 വര്‍ഷം നീണ്ടുനിന്ന എൻഡോസൾഫാൻ എന്ന വിഷപ്രയോഗം നാടിനെ താറുമാറാക്കി. നാട്ടുവിശ്വാസവും ആചാര അനുഷ്ഠാനങ്ങളും നിറഞ്ഞു നിന്ന ആ ദുരന്തഭൂമി എഴുത്തുകാരനെ കൊണ്ട് ചോദിപ്പിക്കുന്നത്, ഗുഹാവാസികളായ പഴയകാലത്തേക്ക് എന്തുകൊണ്ട് മനുഷ്യര്‍ക്ക് തിരിച്ചുപൊയ്ക്കൂടായെന്നാണ്...
നീലകണ്ഠന്‍, ദേവയാനി എന്നീ കേന്ദ്രകഥാപാത്രങ്ങളിലൂടെയാണ് ‘എന്‍മകജെ’ മുന്നോട്ട് സഞ്ചരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത ജീവിതങ്ങളെയും സദാചാരത്തിന്റെ വഴിയെ പോകുന്ന ജനങ്ങളെയും ഈ നോവലില്‍ കാണാം. ഒടുവില്‍ മനുഷ്യന്റെ കാപട്യങ്ങളോട് വിട പറഞ്ഞ്, കാട്ടുമൃഗങ്ങളുടെ കൂട്ടുകാരായി കാടിന്റെ വന്യതയിലേക്ക് അവർ പോകുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. ഒടുവിൽ പ്രകൃതിയെ കാടിനെ അറിയുന്ന മനുഷ്യൻ... ജീവിതത്തിലെ പുതിയ തലം കാണിച്ചുതരുന്നു. പുസ്‍തക താളിൽ നിന്നും നോവൽ അകം തൊടുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.