മാർച്ച് 15ന് സംവിധായകൻ ജി. അരവിന്ദന്റെ ചരമദിനമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അരവിന്ദന്റെ വിയോഗവാർത്ത റേഡിയോയിലൂടെ അറിഞ്ഞ് മനസ്സും ശരീരവും തളർന്നിരുന്ന ബാവക്ക് അന്നത്തെ തപാലിൽ ഒരു കത്ത് കിട്ടി. ആ കത്ത് അരവിന്ദൻ അവസാനമായി എഴുതിയതായിരുന്നു...
മലപ്പുറം ജില്ലയിലെ പൊന്നാനി ഉറൂബ് നഗറിലെ ബാവ സൈനുദ്ദീന്റെ വീട്ടിലേക്ക് കടന്നുചെല്ലുന്നത് ഒരു വലിയ സൗഹൃദത്തിന്റെ കണ്ണിയായിട്ടാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ബോംബെയിലെ ഒരു ഫുട്പാത്ത് കച്ചവടക്കാരനായിരുന്ന ബാവ സൈനുദ്ദീനെ അടുത്തറിയുന്തോറും എന്റെ മനസ്സിൽ പൂവിട്ട അത്ഭുതങ്ങൾ ആ വീടിനുള്ളിലേക്ക് കാലെടുത്തു വെച്ചപ്പോൾ പിന്നെയും ഇരട്ടിയായി. ക്ഷേത്ര മാതൃകയിൽ സോപാനങ്ങളോടെ കരിങ്കല്ലിൽ പണികഴിപ്പിച്ച മനോഹരമായ വീട്. വീട്ടുകാരി സുബൈദ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. മൂന്നു മക്കളും വിദേശത്താണ്. വീടിന്റെ വരാന്തയിൽ ഇടതുവശത്തായി ഒരു ചെറിയ ശിലാഫലകം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
‘11 ഡ്രീംസ്. തീയതി 11 11 11, സമയം 11 11 11, ഉദ്ഘാടനം കൗമുദി അരവിന്ദൻ, W/o ഡയറക്ടർ ജി. അരവിന്ദൻ, ഗസ്റ്റ്: വി.കെ. ശ്രീരാമൻ.
സ്വീകരണമുറിയിൽ ഒരു വലിയ അലമാരയിൽ ലോകപ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദന്റെ ചിത്രത്തോടൊപ്പം 1985ൽ ‘ചിദംബരം’ എന്ന ചിത്രത്തിന് അദ്ദേഹത്തിന് ലഭിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരശിൽപ്പം ആരേയും വിസ്മയിപ്പിക്കും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരശിൽപ്പം എങ്ങനെ ഈ വീട്ടിലെത്തി?
‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂണിലൂടെ കടന്നുവന്ന് കേരള സമൂഹത്തെ ചിന്തയിലൂടെ ചിരിപ്പിച്ച അരവിന്ദൻ. പിന്നീട് ‘ഉത്തരായന’ത്തിലൂടെ ചലച്ചിത്രരംഗത്തെത്തി ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും തുടർച്ചയായി ദേശീയ പുരസ്കാരങ്ങളും നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ ലോകപ്രശസ്തനായ ഈ സംവിധായകനും ബോംബെയിലെ ഫുട്പാത്ത് കച്ചവടക്കാരനായ ബാവ സൈനുദ്ദീനും തമ്മിലുള്ള ഒരു വലിയ സ്നേഹബന്ധത്തിന്റെ കഥയാണ് ഈ ശിലാഫലകത്തിന് പറയാനുള്ളത്.
1985ൽ ‘ഒരിടത്ത്’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അരവിന്ദൻ ബോംബെയിലെത്തുന്നത്. ബോംബെയിലെ സുഹൃത്തും എഴുത്തുകാരനും നടനുമൊക്കെയായ സുരേന്ദ്ര ബാബുവുമൊത്ത് ദക്ഷിണ ബോംബെയിലെ കൊളാബയിലുള്ള ബാവ സൈനുദ്ദീന്റെ ഫുട്പാത്തിലെ കടയിൽ സിഗരറ്റ് വാങ്ങാനായിരുന്നു അവർ എത്തിയത്.
കടയിൽ വിൽപ്പനക്ക് വച്ചിരുന്ന ചില വിദേശ വസ്തുക്കൾ കണ്ടപ്പോൾ അന്ന് വിദേശങ്ങളിൽ മാത്രം ലഭിക്കുന്ന മൈക്രോ കാസറ്റുകൾ കിട്ടാൻ വല്ല മാർഗവുമുണ്ടോ എന്നായി അരവിന്ദന്റെ അന്വേഷണം. ഒറ്റ നിബന്ധനയേ അരവിന്ദനുണ്ടായിരുന്നുള്ളൂ. സാധനം ഒറിജിനലായിരിക്കണം ഡ്യൂപ്ലിക്കേറ്റ് ആകരുത്.
പൊന്നാനികാരനായ ഒരു നാട്ടിൻപുറത്തുകാരന്റെ നിഷ്കളങ്കതയോടെ തന്റെ ആരാധനാപാത്രമായ സംവിധായകന്റെ ആവശ്യം ബാവ സൈനുദ്ദീൻ ഏറ്റെടുത്തു. പല സ്ഥലങ്ങിൽ അന്വേഷിച്ചിട്ടും കിട്ടാതിരുന്ന ജപ്പാൻ നിർമ്മിതമായ സോണിയുടെ ഒറിജിനൽ മൈക്രോ കാസറ്റുകൾ കിട്ടിയപ്പോൾ അരവിന്ദന് സൈനുദ്ദീനോട് ഒരു പ്രത്യേക ഇഷ്ടം തന്നെ തോന്നി. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായി.
പേന, വാച്ച് ചില പ്രത്യേകതരം തുണിത്തരങ്ങൾ തുടങ്ങി ഏത് വിദേശ വസ്തുക്കളും ബാവയുടെ കയ്യിൽ നിന്ന് ഒറിജിനലായി കിട്ടും എന്നു വന്നതോടെ ആ സ്നേഹബന്ധം കൂടുതൽ ദൃഢമായി. പിന്നെ അരവിന്ദൻ എപ്പോൾ ബോംബെയിൽ വന്നാലും ആദ്യം വിളിക്കുക ബാവ സൈനുദ്ദീനെയായിരിക്കും. ആയിടക്കാണ് ബോംബെയിലെ കാഞ്ചൂർ മാർഗിൽ സൈനുദ്ദീൻ ഒരു പുതിയ വീടുവെച്ചത്.
1991 മാർച്ച് 10നായിരുന്നു ബോംബെയിലെ വീടിന്റെ ഗൃഹപ്രവേശനം. ചടങ്ങിലേക്ക് ബാവ സൈനുദ്ദീൻ പ്രിയസുഹൃത്ത് അരവിന്ദനേയും ക്ഷണിച്ചു. അരവിന്ദൻ എത്താമെന്ന് സമ്മതിച്ചിരുന്നതുമാണ്. എന്നാൽ അവിചാരിതമായുണ്ടായ തിരക്കുകൾമൂലം അരവിന്ദന്റെ അത്തവണത്തെ ബോംബെ യാത്ര നീട്ടി വെക്കേണ്ടിവന്നു. അരവിന്ദനില്ലാതെ ബാവയുടെ ഗൃഹപ്രവേശനവും നടന്നു.
അരവിന്ദന് തന്റെ പ്രിയ സുഹൃത്തിന്റെ വീട്ടിലേക്ക് പിന്നീട് ഒരിക്കലും എത്തിച്ചേരാൻ കഴിഞ്ഞില്ല. 1991 മാർച്ച് 15ന് മലയാള സിനിമയെ ലോക സിനിമക്ക് പരിചയപ്പെടുത്തിയ ആ വലിയ സംവിധായകൻ എന്നേക്കുമായി യാത്രപറഞ്ഞു. ബാവ സൈനുദ്ദീനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വേർപാട് തന്നെയായിരുന്നു.
അരവിന്ദന്റെ വിയോഗവാർത്ത റേഡിയോയിലൂടെ അറിഞ്ഞ് മനസ്സും ശരീരവും തളർന്നിരുന്ന ബാവക്ക് അന്നത്തെ തപാലിൽ ഒരു കത്ത് കിട്ടുന്നു. ആ കത്ത് അരവിന്ദൻ അവസാനമായി എഴുതിയതായിരുന്നു...
‘പ്രിയപ്പെട്ട ബാവ,
ഫോണിൽ സംസാരിച്ചപ്പോൾ കരുതിയിരുന്നതുപോലെ പത്തിന് ബോംബെയിൽ എത്താൻ ഒരു മാർഗവും കാണുന്നില്ല. അതുകൊണ്ട് വീടിരിക്കൽ നല്ല സമയത്ത് തന്നെ നടക്കട്ടെ. എന്റെ അടുത്ത ബോംബെ യാത്രയിൽ തീർച്ചയായും വീട്ടിൽ വരാം. പുതിയ താമസത്തിന് എല്ലാവിധ വിജയവും ഐശ്വര്യങ്ങളും നേരുന്നു... ആശംസിക്കുന്നു.
എന്ന് സ്വന്തം അരവിന്ദൻ.’
കത്ത് വായിച്ച ബാവ സൈനുദ്ദീന് പൊട്ടിക്കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. അരവിന്ദൻ സ്വന്തം കൈപ്പടയിൽ എഴുതിയ എഴുത്ത് ഒരു നിധി പോലെ സൈനുദ്ദീൻ സൂക്ഷിച്ചു വെച്ചു. എന്നാൽ 1992ൽ നടന്ന ബോംബെ കലാപത്തിൽ ബാവ സൈനുദ്ദീന്റെ കാഞ്ചൂർ മാർഗ്ഗിലുള്ള വീട് അക്രമികൾ അഗ്നിക്കിരയാക്കി. കലാപകാരികളുടെ ആക്രമണത്തിൽ വിലപ്പെട്ടതെല്ലാം കത്തിയെരിഞ്ഞ കൂട്ടത്തിൽ അരവിന്ദൻ എഴുതിയ സ്നേഹലിഖിതവും നഷ്ടപ്പെട്ടു .
സൗഹൃദത്തിന്റെ വർഷങ്ങൾ
അരവിന്ദനും ബാവ സൈനുദ്ദീനും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ കഥ 20 വർഷങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 2011ൽ ചില മലയാളപത്രങ്ങളുടെ ബോംബെ എഡിഷനിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് ലോകം അറിയുന്നത്. പത്രങ്ങളിലൂടെ തന്നെ ഈ വാർത്ത തൃശ്ശൂരിൽ താമസിക്കുന്ന അരവിന്ദന്റെ സഹധർമ്മിണി കൗമുദിയിലുമെത്തി.
സൈനുദ്ദീനെക്കുറിച്ച് അരവിന്ദൻ പലപ്പോഴും ഭാര്യ കൗമുദിയോട് പറഞ്ഞിട്ടുമുണ്ടായിരുന്നു. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം വന്ന ഈ പത്രവാർത്ത അരവിന്ദന്റെ കുടുംബാംഗങ്ങളിലെല്ലാം വലിയ ജിജ്ഞാസയുണർത്തി. മുംബൈയിൽ സ്ഥിരതാമസമാക്കിയ അരവിന്ദന്റെ
ഭാര്യാസഹോദരി നിർമ്മലാ മേനോനിലൂടെ അവർ വീണ്ടും നാട്ടിൽ സ്ഥിരതാമസത്തിന് എത്തിയ ബാവ സൈനുദ്ദീനെ കണ്ടെത്തുകയും ചെയ്തു. ഒരുദിവസം തികച്ചും അപ്രതീക്ഷിതമായാണ് തൃശ്ശൂരിലുള്ള അരവിന്ദന്റെ ഫ്ലാറ്റിലേക്ക് ബാവയെത്തിയത്. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഞാൻ ബാവ സൈനുദ്ദീൻ. ബോംബെയിൽ നിന്നും വരുന്നു. അരവിന്ദന്റെ ഒരു പഴയ സുഹൃത്താണ്.
വാർത്തകളിലൂടെ മാത്രം വായിച്ചറിഞ്ഞ അരവിന്ദന്റെ ആ പ്രിയസുഹൃത്തിനെ കൗമുദി ആദ്യമായി കണ്ടു. അരവിന്ദനുമായുള്ള സൗഹൃദവും വിശേഷങ്ങളും എല്ലാം പങ്കുവച്ചു. ബാവ സൈനുദ്ദീൻ പൊന്നാനിയിലെ ഉറൂബ് നഗറിൽ മറ്റൊരു വീട് നിർമിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.
‘‘എന്റെ വീടിരിക്കലിന് അരവിന്ദൻ സാറിന് വരാൻ കഴിഞ്ഞില്ല. ഞാനിപ്പോൾ പൊന്നാനിയിൽ മറ്റൊരു വീട് പണിതു കൊണ്ടിരിക്കുകയാണ്. ബോംബെയിലെ വീടിരിക്കലിന് ഞാൻ ഏറ്റവും ആഗ്രഹിച്ചത് അരവിന്ദൻ സാറിന്റെ സാന്നിധ്യമായിരുന്നു. പക്ഷേ ദൈവം അനുവദിച്ചില്ല. ഈ വീടിരിക്കലിനെങ്കിലും ചേച്ചിയും കുടുംബവും തീർച്ചയായും വരണം.’’ സൈനുദ്ദീന്റെ മനസ്സുനിറഞ്ഞുള്ള ആ ക്ഷണം നിരാകരിക്കാൻ അരവിന്ദന്റെ കുടുംബത്തിന് കഴിഞ്ഞില്ല.
‘പതിനൊന്നിന്റെ സ്വപ്നങ്ങൾ’ (11Dreams) എന്ന് പേരിട്ട ആ വീടിന്റെ ഗൃഹപ്രവേശനം ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം വരുന്ന ഒരു പ്രത്യേക മുഹൂർത്തത്തിലായിരുന്നു. ‘പതിനൊന്നാം മാസം പതിനൊന്നാം തീയതി പതിനൊന്നു മണി പതിനൊന്നു മിനിറ്റ് പതിനൊന്നാം സെക്കൻഡ്.’
ആ ചടങ്ങിൽ പങ്കെടുക്കാൻ അരവിന്ദന്റെ ഭാര്യ കൗമുദിയും നടൻ ശ്രീരാമനും പൊന്നാനിയിലെ വീട്ടിലെത്തി. സ്വീകരണ മുറിയിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന അരവിന്ദന്റെ ഒരു വലിയ ഫോട്ടോയാണ് അവരെ ആദ്യം എതിരേറ്റത്. അരവിന്ദന്റെ മരിക്കാത്ത ഓർമ്മകളുമായി അദ്ദേഹത്തിന്റെ പ്രിയപത്നി ഗൃഹ പ്രവേശത്തിനായി
ഒരു പ്രത്യേക സമ്മാനം കൊണ്ടുവന്നിരുന്നു. പുരസ്കാരങ്ങൾ അലമാരകളിൽ പ്രദർശിപ്പിക്കുന്നതിൽ വലിയ താൽപര്യമില്ലാത്ത അരവിന്ദൻ സംവിധാനം ചെയ്ത ‘ചിദംബരം’ എന്ന ചിത്രത്തിന് ലഭിച്ച പുരസ്കാരശില്പമായിരുന്നു ആ വിലമതിക്കാനാവാത്ത സമ്മാനം. തന്റെ പ്രിയ സുഹൃത്ത് അരവിന്ദന്റെ ഫോട്ടോക്ക് സമീപം നടൻ വി.കെ. ശ്രീരാമൻ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് അരവിന്ദന്റെ സാമീപ്യത്തിന് സമാനമായി ആ ശില്പം പുതിയ വീട്ടിലെ സ്വീകരണ മുറിയിൽ സ്ഥാപിച്ചു. 2011 നവംബർ 12ലെ മലയാള ദിനപത്രങ്ങളിൽ ആ വാർത്ത ഫോട്ടോ സഹിതം അച്ചടിച്ചുവന്നപ്പോൾ തലവാചകം ഇങ്ങനെയായിരുന്നു. ‘കൗമുദിയെത്തി. അരവിന്ദന്റെ മരിക്കാത്ത ഓർമകളുമായി...’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.