ഏത് ഉത്സവം അപഗ്രഥിച്ചാലും അതിലൊക്കെ സവിശേഷവും സാമാന്യവുമായ രണ്ട് പ്രബലതലങ്ങൾ കാണാൻ കഴിയും. ഒരു ഉത്സവത്തിന്റെയും സവിശേഷമായ ആചാരാനുഷ്ഠാന ആഘോഷങ്ങളിൽ സ്വയം താൽപര്യമില്ലാത്ത ഒരാളും പങ്കെടുക്കേണ്ട കാര്യമില്ല
സത്യത്തിൽ ഉത്സവങ്ങൾ ഏതും സ്നേഹം ഊറ്റിയെടുക്കാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമുള്ള ഒന്നാന്തരം അവസരമാണ് ഒരുക്കുന്നത്. സമൂഹങ്ങൾക്കും വ്യക്തികൾക്കുമിടയിൽ ഉണ്ടാവാൻ സാധ്യതയുള്ള കാലുഷ്യങ്ങളെ ഇല്ലാതാക്കുക എന്നതുകൂടിയാണ്, മറ്റ് പലതിനുമൊപ്പം ഉത്സവങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏത് മതക്കാരുടെ ഉത്സവമായാലും അതവരുടേതായിരിക്കുമ്പോൾതന്നെ, അതിന് എല്ലാവരുടേതുമായി മാറാൻ പരിമിതികളോടെ കഴിഞ്ഞിരുന്നു. സർവ അൽപത്തരങ്ങൾക്കും മുകളിൽ കാലം എടുത്തുവെച്ചൊരാത്മാഭിമാനത്തിന്റെ അടയാളമായി വ്യത്യസ്ത സമൂഹങ്ങളിലത് ഊർജം ഉൽപാദിപ്പിച്ചിരുന്നു.
കണ്ടും കേട്ടും കളിച്ചും രസിച്ചും ഒരുമയുടെ സന്ദേശം, അതിൽനിന്ന്, പ്രത്യേകിച്ച് ആരുടെയും ആഹ്വാനമൊന്നുമില്ലാതെതന്നെ, ഒഴുകി പരന്നിരുന്നു. ഭക്ഷണപ്പെരുമയിലും വസ്ത്രപുതുമയിലും ഒഴിവ് ഒരുമകളിലും അങ്ങെനയങ്ങനെയൊക്കെയുള്ള ഒത്തുചേരലുകളിലും അതെപ്പോഴും ഒന്നിച്ചുചേരാൻ ശ്രമിച്ചിരുന്നു. വിവിധ സമൂഹങ്ങൾക്കിടയിൽ പലകാരണങ്ങളാൽ വന്നുചേർന്ന സുഷിരങ്ങൾ അടക്കാനാണ്, മുൻവിധികളെ മറികടക്കാനാണ്, അകലങ്ങൾ കുറക്കാനാണ്, പ്രസാദങ്ങൾ ഒരുക്കാനാണത് ആവുംവിധം ശ്രമിച്ചിരുന്നത്. അപരിചിതർ തമ്മിൽപോലും ആശംസകൾ കൈമാറാൻ കഴിയുന്ന ഒരന്തരീക്ഷത്തിൽ വെച്ചാണ് പലപ്പോഴും അത് പൂത്ത് സുഗന്ധം പരത്തിയത്.
‘മയിൽപ്പീലി കണ്ണുകൊണ്ട്/ഖൽബിന്റെ കടലാസിൽ/മാപ്പിളപാട്ട് കുറിച്ചവനേ/പാട്ടിന്റെ ചിറകിന്മേൽ/ പരിമളം പൂശുന്ന/പനിനീർപ്പൂവിന്റെ പേരെന്ത്’ എന്ന് പ്രിയകവി വയലാർ മുമ്പ് ചോദിച്ചു. ആ പനിനീർപ്പൂവിന് നൽകാവുന്ന പേരുകളിൽ പ്രധാനപ്പെട്ട ഒന്ന് സർവവും സുഗന്ധപൂരിതമാക്കുന്ന ഉത്സവങ്ങൾ എന്നുതന്നെയാണ്. എവിടെയൊക്കെയോ മറന്നുവെച്ചതോ, മറിഞ്ഞുവീണതോ ആയ സ്മരണകളുടെയും സ്വപ്നങ്ങളുടെയും മഹാപ്രവാഹങ്ങളിൽ വെച്ചാണ്, അല്ലാതെ കമ്പോളം പ്രഖ്യാപിക്കുന്ന വെറും വിലകുറവുകളിൽ വെച്ചല്ല ഉത്സവങ്ങൾക്ക് മൂല്യമുണ്ടാവുന്നത്. എത്ര വിപണികേന്ദ്രിതമാവുമ്പോഴും, സംസ്കാരങ്ങളുടെ േസ്രാതസ്സുകളിൽനിന്നും അതിനൊരിക്കലും പൂർണമായും വിട്ടുപോവാൻ കഴിയില്ല. ഏത് കൊലക്കയറിനെയും എത്ര കിതച്ചുകൊണ്ടായാലും അതൊരു ഊഞ്ഞാലാക്കും. അത് സ്വന്തം ശബ്ദകോശത്തിൽ വാക്കുകളെക്കാളേറെ സ്വപ്നങ്ങൾ സൂക്ഷിക്കും.
ഉത്സവങ്ങൾ ഇന്നോളം മനുഷ്യരാശി സമാഹരിച്ച ആദർശ ആനന്ദ മൂല്യങ്ങളുടെ സമാഹാരമായാണ് സൂക്ഷ്മാർഥത്തിൽ സുന്ദരമാവേണ്ടത്. കൊലവിളികൾക്കും നിലവിളികൾക്കും നടുവിൽനിന്നല്ല, ജീവിതരുചിപ്പെരുമയിൽനിന്നാണത് സ്വന്തം പ്രകാശം സൃഷ്ടിച്ചെടുക്കേണ്ടത്. എത്രകാലം കഴിഞ്ഞാലും അതിലും നല്ലൊരു കാലത്തെക്കുറിച്ചുള്ള കിനാവുകൾക്ക് വീണ്ടും വീണ്ടും ആരംഭിച്ചുകൊണ്ടിരിക്കാനല്ലാതെ ഒരിക്കലും അവസാനിക്കാനാവുകയില്ലെന്ന കാൽപനികമെന്ന് തോന്നാവുന്ന യാഥാർഥ്യബോധ്യംകൊണ്ടാണ് ഇന്ന് നാം ഓരോ ഉത്സവത്തെയും വരവേൽക്കേണ്ടത്.
ഒരുത്സവത്തിന്റെ നെറ്റിയിൽനിന്നും കൊമ്പ് മുളച്ചാൽ, അതിന്റെ വായിൽനിന്നും തീ ആളിയാൽ, അതിന് സർവം പൊളിക്കുന്ന ഒരു ബുൾഡോസറിന്റെ ആകൃതി പതുക്കെ കൈവന്നാൽ, പിന്നെ ഒരു ചായംകൊണ്ടും അതിനെ വിശുദ്ധപ്പെടുത്താനോ, എന്തിന് ഒരു ഉത്സവ വകുപ്പിൽപ്പെടുത്താനോ കഴിയില്ല.
ലോകത്തിലെ ഏത് ഉത്സവം അപഗ്രഥിച്ചാലും അതിലൊക്കെ സവിശേഷവും സാമാന്യവുമായ രണ്ട് പ്രബലതലങ്ങൾ കാണാൻ കഴിയും. ഒരു ഉത്സവത്തിന്റെയും സവിശേഷമായ ആചാരാനുഷ്ഠാന ആഘോഷങ്ങളിൽ സ്വയം താൽപര്യമില്ലാത്ത ഒരാളും പങ്കെടുക്കേണ്ട കാര്യമില്ല. നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ പ്രകോപിപ്പിച്ചോ അതിൽ താൽപര്യമില്ലാത്തവരെ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ, അതോടെ ഉത്സവത്തിന്റെ മൂല്യങ്ങൾ തകരും.
എന്നാൽ, ഉത്സവത്തിന്റെ സാമാന്യതലത്തെ പ്രതിനിധാനം ചെയ്യുന്ന വാദ്യമേളങ്ങൾ, പാട്ടുകൾ, അധികഭക്ഷണം, ഒത്തുചേരൽ എന്നിവ ആരും പ്രത്യേകിച്ച് ഒരു സമ്മർദവും ചെലുത്താതെതന്നെ എല്ലാവർക്കും സന്തോഷം നൽകും. ബാൻഡ് വാദ്യം കേൾക്കുമ്പോൾ ഉള്ളിലെങ്കിലും അറിയാതെയൊന്ന് തുള്ളിപ്പോവാത്തവരായി ആരുമുണ്ടാവില്ല. വായുവിൽ സുഗന്ധം പടരുമ്പോൾ, ശബ്ദത്തിൽ സംഗീതം കലരുമ്പോൾ ചുറ്റിലും ചിരികളുടെ പ്രകാശം പരക്കുമ്പോൾ അതൊക്കെയും മറ്റോരുടേതാണെന്ന് പറഞ്ഞ് മാറിനിൽക്കാൻ ആർക്കാണ് കഴിയുക?
എല്ലാ ഉത്സവങ്ങളും എല്ലാവരുടേതുമായി തീരുന്നത് ജനായത്ത സമൃദ്ധിയുടെ പശ്ചാത്തലത്തിലാണ്. തങ്ങൾക്ക് ഹിതമായത് മാത്രം സ്വീകരിക്കാനും അല്ലാത്തതൊക്കെയും തിരസ്കരിക്കാനും കഴിയുംവിധം സാമൂഹികാന്തരീക്ഷം വിസ്തൃതമാവുമ്പോഴാണ്, സർവ ഉത്സവങ്ങളും സർവരുടേതുമായി മാറുന്നത്.
അതിനുപകരം ഞങ്ങൾ പറയും നിങ്ങൾ കേൾക്കണം എന്ന് പതുക്കെയും, ഞങ്ങൾ കൽപിക്കും നിങ്ങൾ അനുസരിക്കണം എന്ന് ഉറക്കെയും, ഞങ്ങൾ ആജ്ഞാപിക്കുന്നിടത്ത് നിങ്ങൾ മുട്ടുകുത്തണം, അല്ലെങ്കിൽ ഇവിടംവിട്ട് പോകണമെന്ന് അലറിവിളിക്കുകയും ചെയ്യുമ്പോൾ, പൊതുവിൽ എല്ലാവർക്കും താൽപര്യമുണ്ടെങ്കിൽമാത്രം പങ്കുവെക്കാവുന്ന ഉത്സവത്തിന്റെ സാമാന്യതലം മാത്രമല്ല, അതിന്റെ മതാത്മകമോ മതേതരമോ മതരഹിതമോ ആയ സവിശേഷതലവും തകരും.
എന്തുകൊണ്ടെന്നാൽ മറ്റുള്ളവരുടെ ചോരകൊണ്ട് ഒരുത്സവവും ആഘോഷിക്കാൻ ഒരൊറ്റ മതവും ഇതുവരെ ആഹ്വാനം ചെയ്തിട്ടില്ല. തലതിരിഞ്ഞ ഏതെങ്കിലും പുരോഹിതൻ അങ്ങനെ ആഹ്വാനം ചെയ്താൽ, അതിനെ സ്വീകരിക്കാൻ കാത്തിരിക്കുന്നത്, സ്ലാബിട്ട് മൂടാത്ത അഴുക്കുചാലുകളായിരിക്കും! അതിനും വേണമല്ലോ തീറ്റ!
പിറന്നമണ്ണിൽ പൗരത്വം നിഷേധിക്കാതെതന്നെ മനുഷ്യരെ അഭയാർഥികളാക്കി മാറ്റാൻ പലവഴികളുമുണ്ട്. ഇപ്പോൾ ഇന്ത്യയിൽ രാമനവമി മുതൽ ഹോളിവരെയുള്ള ആഘോഷങ്ങളിൽ അപൂർവം ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലെങ്കിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ‘Exile is not Geographic state, I carry it everywhere’ എന്ന് എഡ്വേർഡ്സൈദ്. ഒരു വിഭാഗത്തിന്റെ ആഘോഷത്തിന്റെ പേരിൽ മറ്റൊരുവിഭാഗത്തിന് വീട്ടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥ ഉണ്ടായിത്തീരുമ്പോൾ ഇല്ലാതാവുന്നത്, അതുവരെ, നിരവധി സമരങ്ങളിലൂടെ നാം നേടിയെടുത്ത ജനായത്ത മൂല്യങ്ങൾക്കൊപ്പം മതമൂല്യങ്ങളുമാണ്.
പലമതസാരവുമേകം നാം ആത്മസഹോദരർ എന്നൊക്കെയുള്ള വാക്യങ്ങൾ കോപ്പി എഴുതി കൈയക്ഷരം നന്നാക്കാനുള്ളതല്ല. ചുമ്മാ വന്ന് മൈക്കിന്റെ മുന്നിൽനിന്നും വിളിച്ചുകൂവി ശബ്ദമലിനീകരണം ഉണ്ടാക്കാനുള്ളതുമല്ല. ഒരാളെപ്പോലും ഉപദ്രവിക്കുമ്പോൾ ചെലവഴിക്കേണ്ടിവരുന്ന അധിക ഊർജം വെറുതെ പാഴാക്കാതിരിക്കാനുള്ള വിവേകം, തോട്ടിലൊഴുക്കാതിരിക്കാനുള്ള ധീരവിനയമാണ് സമീപകാല ഉത്സവാക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഉൾക്കൊള്ളേണ്ടത്.
മനുഷ്യത്വം സമർപ്പിക്കുന്ന ഇപ്രകാരമുള്ള ഏതൊരു ദയാഹരജിയെയും ഫാഷിസം പുറംകാൽകൊണ്ട് തട്ടിത്തെറിപ്പിക്കും. പക്ഷേ, ഒരു മതനേതൃത്വവും അതിന് മുന്നിൽ കുമ്പിടാൻ പാടില്ല. പിൽക്കാലത്ത്, ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ വിശ്വപ്രതീകമായി വളർന്ന പാസ്റ്റർ നീമോയുള്ള ആദ്യഘട്ടത്തിൽ ഹിറ്റ്ലറോട് ആഭിമുഖ്യം പുലർത്തിയിരുന്നു എന്നതും, പിന്നീട് സ്വന്തം മതമൂല്യങ്ങളിൽകൂടി ഫാഷിസം കാൽകടത്തിയപ്പോഴാണ്, അദ്ദേഹം ഫാഷിസത്തിനെതിരെ തിരിഞ്ഞതെന്നും, അക്രാമകഹോളി ആഘോഷത്തിനു മുന്നിൽ മൗനംപാലിക്കുന്നവർ മറക്കരുത്.
മന്ത്രവിദ്യയിലൂടെ യാഷെഡോർജ എന്ന യാഥാസ്ഥിതിക ബുദ്ധമത പുരോഹിതൻ മഴപെയ്യുന്നത്, സന്യാസസംഗമ സമയത്ത്, ആ സംഗമത്തിന് തടസ്സമാവാതിരിക്കാൻ തടഞ്ഞുനിർത്തിയതിനെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോൾ, യാഥാസ്ഥിതികനല്ലാത്ത ഗഷെഡർഗി എന്ന പുരോഹിതൻ ആ ചോദ്യത്തോട് പ്രതികരിച്ചത്, അതൊട്ടും നന്നായില്ല, അത് മഴ പെയ്യിക്കുന്ന ദേവതകളെ വേദനിപ്പിക്കുന്നതാണ്, അതിൽ ആർദ്രതയില്ല എന്നാണ്. (That was not good. No Compassion, It hurts Devas).
മന്ത്രസിദ്ധികൊണ്ട് ആർക്കെങ്കിലും മഴയെ തടഞ്ഞുനിർത്താൻ കഴിയുമോ ഇല്ലയോ എന്നുള്ളതിനെയല്ല, ഇനി അങ്ങനെയെങ്ങാൻ കഴിഞ്ഞാൽപോലും, അത് മഴ പെയ്യിപ്പിക്കുന്ന ദേവകളെ വേദനിപ്പിക്കുമല്ലോ എന്നോർത്താണ് ഗഷെഡർഗി വ്യാകുലനായത്! അസംഭവ്യമായൊരു കാര്യം മന്ത്രസിദ്ധികൊണ്ടെങ്ങാൻ സംഭവിച്ചാൽ അത് കംപാഷന് അഥവാ ഏത് അത്ഭുതങ്ങൾക്കും മുകളിൽ മനുഷ്യർ പ്രതിഷ്ഠിക്കേണ്ട ആർദ്രതയെന്ന മഹാമൂല്യത്തിന് എതിരായി തീരുമല്ലോ എന്നോർമിക്കുന്നതിലാണ്, ഓർമിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധപുലർത്തിയത്.
അത്ഭുതങ്ങളുടെ മുന്നിൽ അന്ധാളിക്കുമ്പോഴല്ല, ആർദ്രതക്കു മുന്നിൽ ശിരസ്സ് കുനിക്കുമ്പോഴാണ് മഹാത്ഭുതങ്ങൾ സംഭവിക്കുന്നത്. കാരുണ്യമില്ലാതെ നിങ്ങൾ നിർവഹിക്കുന്ന ഒരുതത്തിലും എനിക്കൊരു താൽപര്യവുമില്ലെന്ന് മദർ തെരേസ എഴുതിയതിലും. കരുണവാൻ നബി മുത്തുരത്നമോ എന്ന് ഗുരുദേവൻ പ്രവാചകനെക്കുറിച്ച് പറഞ്ഞതിലും, സ്വയമറിയാതെ അപ്പോൾ നമ്മളും നിർവൃതമാവും. അരുൾ, അൻപ്, അനുകമ്പ ഈ മൂന്നിലും പൊരുൾ ഒന്നാണ്. അരുളുള്ളവനാണ് ജീവി. അരുളില്ലെങ്കിൽ മനുഷ്യൻ, അസ്ഥി, തോൽ, സിര ഇവകൊണ്ടു തീർത്ത നാറുന്ന ഉടമ്പ് മാത്രം (തിരുക്കുറൽ).
ചോര കണ്ടാൽ മാത്രം ചിരിക്കാൻ കഴിയുന്നവർക്കെന്ത് നബി, എന്ത് ഗുരു എന്ത് മദർ തെരേസാ! 1990ൽ ബാബരി പള്ളി പൊളിക്കാനുള്ള ഫാഷിസ്റ്റ് യാത്രക്ക് നേതൃത്വം നൽകിയ അദ്വാനിയെ പല സ്ഥലങ്ങളിലും അനുയായികൾ വരവേറ്റത് രക്തം നൽകിയായിരുന്നു. കാളിദാസ മഹാകവിയുടെ സ്മരണകളിരമ്പുന്ന ഉൈജ്ജനിയിൽപോലും പുസ്തകം നൽകിയല്ല, ത്രിശൂലം നൽകിയായിരുന്നു സ്വീകരണം!
നവോത്ഥാനമൂല്യങ്ങൾക്കൊപ്പം നിന്നതിന്റെ പേരിൽ പുറംതള്ളപ്പെട്ട അന്തർജനങ്ങൾ 1948ൽ എഴുതി അഭിനയിച്ച, ‘തൊഴിൽകേന്ദ്രത്തിലേക്ക്’ എന്ന കോളിളക്കമുണ്ടാക്കിയ നാടകത്തിൽ, അതിലെ കഥാപാത്രങ്ങളായ വക്കീലും, അദ്ദേഹത്തിന്റെ ഭാര്യ ദേവകിയും തമ്മിലുള്ളൊരു സംഭാഷണം, കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാനും, എപ്രകാരമാണ് കംപാഷൻ അഥവാ ആർദ്രത സമൂഹത്തിൽ നഷ്ടമാവുന്നതെന്ന് തിരിച്ചറിയാനും സഹായകമായേക്കും.
വക്കീൽ കൈയിൽ വാളും പരിചയുമായി പ്രവേശിക്കുന്നു. ദേവകി ചോദിക്കുന്നു ദേയ് ഇതെന്താണ്? ഈ വാളും പരിചേം ഒക്യായിട്ട്? വക്കീൽ പറയുന്നു ഇതാണ് ആർ.എസ്.എസ്. വാക്കിന്റെ സ്ഥാനം വാളേറ്റെടുത്താൽ, ദൃശ്യവിസ്മയമൊരുക്കേണ്ട വർണങ്ങൾ സ്ഫോടനവസ്തുക്കളായി പരിണമിച്ചാൽ, സർക്കാർ തത്സമയം ഇത്തരമവസ്ഥകളെ നിയന്ത്രിക്കുന്നതിൽ മടികാണിച്ചാൽ, എരിതീയിൽ എണ്ണ പകരുംവിധം ഇന്ത്യയിൽ പലഭാഗത്തും ഇപ്പോൾ പതിവായി മാറിയ വിദ്വേഷപേച്ചുകൾ അരങ്ങ് വാഴാൻ ആരംഭിച്ചാൽ, വെറുപ്പ് ഔദ്യോഗികഭാഷയായാൽ താൽക്കാലികമായെങ്കിലും അവിടെനിന്ന് ആർദ്രതകളൊക്കെയും അപ്രത്യക്ഷമാവും.
വംശഹത്യാനന്തര ഗുജറാത്തിനെക്കുറിച്ച് മുമ്പ് അഴീക്കോട്മാഷ് എഴുതി: ഗുജറാത്തിലെ ക്രൂരതയെ തോൽപിക്കുന്ന തരത്തിലുള്ള ക്രൂരത ലോകത്തൊരിടത്തുമുണ്ടായിട്ടില്ല. വീണ്ടും അവിടെ ജനിക്കാൻ ഗാന്ധിജി ഭയപ്പെടും. അങ്ങനെയെങ്കിൽ ഇന്ന് ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഇപ്രകാരമല്ലെങ്കിലും ഏറെ അസ്വസ്ഥജനകമായ അവസ്ഥയാണ് കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഷാജഹാൻപുറിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ടാർപോളിനിട്ട് മൂടാൻ നിർബന്ധിതമായ പള്ളികൾ സമകാലദുരവസ്ഥയുടെ പ്രതീകദുരന്തങ്ങളാണ്. ഹിജാബിനുപകരം ടാർപോളിൻ ധരിക്കാനുള്ള ബി.ജെ.പി നേതാവ് രഘുരാജ്സിങ്ങിന്റെ നിർദേശം നിറങ്ങളുടെ നൃത്തം ആഘോഷിക്കേണ്ട, ഹോളിക്ക് അവമാനമാണ്.
എത്ര ശ്രമിച്ചാലും മതനിരപേക്ഷതക്ക് ഒന്ന് ഉള്ളംതുറന്ന് മന്ദഹസിക്കാനാവാത്ത ഒരവസ്ഥയിലേക്കാണ് യു.പിയിലെയും മധ്യപ്രദേശിലെയും ഹരിയാനയിലെയും ഝാർഖണ്ഡിലെയും ഉത്തരാഖണ്ഡിലെയും ഛത്തിസ്ഗഢിലെയും ചില സ്ഥലങ്ങൾ മാറിക്കൊണ്ടിരിക്കുന്നത്. അപൂർവം ചില സ്ഥലങ്ങൾ ഇതിന് അപവാദമായി, മതനിരപേക്ഷതക്കുള്ള പുരസ്കാരം സമർപ്പിക്കുന്നത് ഒരുൾപുളകത്തോടെ അപ്പോഴും നമുക്കനുഭവിക്കാനും കഴിയും, കഴിയണം.
ഉത്സവകാലത്ത് സംഘർഷമുണ്ടാക്കുന്നത് വിവിധ മതത്തിൽപ്പെട്ടവരല്ല, ബജ്റംഗ്ദൾ മാതൃകയിലുള്ള തീവ്ര സംഘടനകളാണ്. ഡൽഹിയിലെ സിംലാപൂരിൽനടന്ന ഹോളി, വെള്ളിയാഴ്ച പള്ളിയിൽനിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് വരുന്നവരുടെ മേൽ പതിവ് ചായങ്ങൾക്കു പകരം നിറപ്പകിട്ടുള്ള പൂക്കൾ വിതറികൊണ്ട് കൂടിയായിരുന്നു ആഘോഷിക്കപ്പെട്ടതെന്നുള്ളത്, അത്ര പെെട്ടന്നൊന്നും മേൽപറഞ്ഞ തീവ്ര സംഘടനകൾക്ക് മറിച്ചിടാൻ കഴിയുന്നതല്ല, വിവിധ മതവിഭാഗങ്ങൾക്കിടയിലെ സൗഹൃദം എന്നുള്ളതിന്റെ സ്നേഹസാക്ഷ്യമാണ്.
ഹോളി ആഘോഷങ്ങൾക്കിടയിൽ ആക്രമിക്കപ്പെട്ടവർക്കും അവഹേളിക്കപ്പെട്ടവർക്കുമിടയിൽ ചങ്ക് പൊള്ളിക്കുന്ന ഒന്നാണ്, രാജസ്ഥാനിലെ ഡൗസാപ്രദേശത്തെ ഇരുപത്തിഅഞ്ച് വയസ്സുള്ള ഹൻസ്രാജ് മീണയുടെ അന്ത്യം. സംഭവം നടന്നത് തെരുവിലല്ല, ലൈബ്രറിക്കകത്താണ്. മത്സരപ്പരീക്ഷക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹൻസ്രാജ് മീണയെ ഇടിച്ചുകയറിയ മൂന്നു പേർ, ചായം തേക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഇടിച്ചുകൊല്ലുകയാണുണ്ടായത്.
മറ്റേതെങ്കിലും കാലത്ത്, ഇതുപോലൊരു ഹോളി കൊല ഇന്ത്യയിൽ നടന്നതായി അറിയില്ല. ലൈബ്രറിയിലെ നിശ്ശബ്ദതക്കിടയിൽ തളംകെട്ടിയ മനുഷ്യരക്തത്തിന്റെ നിലവിളിക്കു മുന്നിൽ, ഹോളി ആഘോഷ നിറങ്ങൾ, അപ്പോൾ നിറംകെട്ട് തളർന്നുപോയിരിക്കണം. ഇതെല്ലാം സംഭവിക്കുന്നത് ജീവിതത്തെ ഏറെ നിറപ്പകിട്ടാക്കേണ്ട, നിറങ്ങൾ നൃത്തം ചവിട്ടേണ്ട ഹോളി ഉത്സവത്തിന്റെ പേരിലാണെന്നോർക്കുമ്പോൾ, നമ്മുടെ ഇന്ത്യ എങ്ങോട്ടാണ് പോവുന്നതെന്ന് നമുക്കിനിയും മനസ്സിലാവുന്നില്ലെങ്കിൽ, നമ്മുടെ മനസ്സിന് ചികിത്സ ആവശ്യമുള്ള കാര്യമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ടെന്നെങ്കിലും മനസ്സിലാക്കാൻ കഴിയണം. സ്വാഭാവികമെന്ന് നാം കരുതുന്ന ഒന്നും അത്ര സ്വയംഭൂവല്ല. ‘Thought that accepts reality as given, is not thought at all’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.