മൂന്നരപ്പതിറ്റാണ്ടുകൊണ്ട് ദസ്തയേവ്സ്കിയുടെ പത്തൊമ്പതോളം രചനകളാണ് വേണു വി. ദേശം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ദസ്തയേവ്സ്കിയുടെ ഹിമാലയൻ രചനകളുടെ കരുത്തുറ്റ നിഴലുകളാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ മഹത്തരങ്ങളായ കൃതികളാണ് വേണു വിവർത്തനം ചെയ്തതിലേറെയും. ചൂതാട്ടക്കാരൻ, സൗമ്യാത്മാവ്, കാരണവരുടെ കിനാവ്, ക്ഷണിക്കപ്പെടാതെ, എന്നെന്നേക്കുമായൊരു ഭർത്താവ്, അപഹാസ്യന്റെ സ്വപ്നം എന്നിങ്ങനെയുള്ള ആ പട്ടികയിൽ അപക്വ യുവാവും (The Raw Youth) ഉൾപ്പെടുന്നു.
അറിയപ്പെടാത്ത ദസ്തയേവ്സ്കി, ദസ്തയേവ്സ്കിയുടെ പ്രണയ ജീവിതം, ദസ്തയേവ്സ്കി- ആത്മവേദനയുടെ പ്രവാചകൻ എന്നീ പഠനഗ്രന്ഥങ്ങളും വേണുവിന്റേതായുണ്ട്. അന്ന ദസ്തയേവ്സ്കിയുടെ ഓർമക്കുറിപ്പുകൾ രണ്ടു ഭാഗങ്ങളായി വിവർത്തനം ചെയ്തു. ദസ്തയേവ്സ്കിയുടെ കലയെയും ജീവിതത്തെയും പശ്ചാത്തലമാക്കി 'റഷ്യൻ ക്രിസ്തു' എന്നൊരു നോവലും വേണു രചിച്ചു. ഇപ്പോൾ നിയതം ബുക്സിനുവേണ്ടി അന്ന ദസ്തയേവ്സ്കിയുടെ ജീവിതത്തെ കൂടുതൽ ആഴത്തിൽ അപഗ്രഥനം ചെയ്യുന്ന 'ചൂതാട്ടക്കാരന്റെ ഭാര്യ' എന്ന മറ്റൊരു നോവലിെൻറ അവസാന മിനുക്കുപണിയിലാണ്.
കവിതയിലാണ് തുടക്കമിട്ടത്. വിശ്വമഹാകവിയായ ദസ്തയേവ്സ്കി എന്നെ വിവർത്തകനാക്കി. ആ നോവലുകളിലെ വൈകാരികതയും ദാർശനികതയും എന്നെ പിടിച്ചുലച്ചു. മനുഷ്യൻ എന്ന മഹാരഹസ്യത്തെപ്പറ്റി അറിയാൻ ദസ്തയേവ്സ്കിയെ വായിക്കേണ്ടിയിരിക്കുന്നു. എനിക്ക് ആത്മബന്ധം തോന്നുന്ന കൃതിയാണ് ഞാൻ വിവർത്തനം ചെയ്യുന്നത്. പദാനുപദവിവർത്തനത്തിന് അവിടെ പ്രസക്തിയില്ല. പരിഭാഷയിലൂടെ ഞാൻ എന്നെത്തന്നെ തേടുന്നു. സ്വാത്മാവുമായുള്ള സംവേദനംതന്നെ കല.
ചെറുപ്പം മുതലേ സാഹിത്യാഭിരുചിയുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. ആലുവ യു.സി കോളജിലെ പഠനകാലം പ്രചോദനം പകർന്നു. ബാലചന്ദ്രൻ ചുള്ളിക്കാട്, സി.പി. ശ്രീധരന്റെ മകൻ കെ. വിനോദ് ചന്ദ്രൻ, കെ.എൻ. ഷാജി, വി. കലാധരൻ, എൻ.എം. പിയേഴ്സൺ തുടങ്ങിയവരെല്ലാമുൾപ്പെട്ട ഒരു സാഹിത്യവൃന്ദം അന്ന് കോളജിലുണ്ടായിരുന്നു. അവരൊക്കെയുമായുള്ള ചങ്ങാത്തം പ്രോത്സാഹകമായി.
വിവർത്തന പരിശ്രമങ്ങൾക്ക് റഷ്യയിൽനിന്ന് 2021ൽ ലഭിച്ച യസനിൻ സാഹിത്യ പുരസ്കാരം എെൻറ ആജന്മ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കരുതുന്നു. ഒരു റഷ്യൻ ചങ്ങമ്പുഴയായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ കവി സെർജി അലക്സാണ്ട്രോവിച്ച് യസനിൻ.
കവിതക്കുള്ള കേസരി, ഖസാക് അവാർഡുകൾ മുമ്പേതന്നെ ലഭിച്ചിരുന്നു. വിവർത്തനത്തിനുള്ള കാളിയത്ത് ദാമോദരൻ പുരസ്കാരവും ആലുവ അദ്വൈതാശ്രമം ശതാബ്ദിവേളയിൽ സമ്മാനിച്ച സമഗ്ര സാഹിത്യ സംഭാവനക്കുള്ള പുരസ്കാരവും കൂടാതെ ഈയിടെ ഉമ്പായിയുടെ സ്മരണാർഥം ദേവദാരു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉമ്പായി പുരസ്കാരവും ലഭിച്ചു.
പൊതുവിതരണ വകുപ്പിലെ തിരക്കിട്ട ജോലിക്കിടയിലും സാഹിത്യത്തെ ആത്മപ്രകാശനോപാധിയാക്കി കൊണ്ടുനടക്കുന്നതിൽ വിജയിച്ച വേണുവിന് സാഹിത്യ സപര്യയിൽ ഭാര്യ ആശയും മക്കളായ രാഹുലും രോഹിണിയും എന്നും കൂട്ടിനുണ്ടായിരുന്നു. രാഹുൽ ഇപ്പോൾ ചൈനയിൽ അക്കൗണ്ടൻറും രോഹിണി അഡ്വക്കറ്റ് ജനറൽ ഓഫിസിൽ ഉദ്യോഗസ്ഥയുമാണ്. മാതാവ് ദേശം വാര്യത്തുപറമ്പിൽ പത്മാവതിയമ്മ. പിതാവ് കണ്ടനാട്ട് വേലായുധ മേനോൻ. മുത്തച്ഛന്റെ മരുമകനായിരുന്നു പ്രശസ്ത നിരൂപകൻ കുറ്റിപ്പുഴ കൃഷ്ണപിള്ള.
നാം വെറുതെ ദുഃഖിച്ചിട്ട് എന്തുകാര്യം? അവനവൻ നന്നാവുക എന്ന ഏറ്റവും ലളിതമായ ഉത്തരം മാത്രമേ അതിന് പരിഹാരമായിട്ടുള്ളൂ. എല്ലാവരും സ്വയം തിരിച്ചറിയുകതന്നെ വേണം. അതാണ് ഏറ്റവും വലിയ സാമൂഹിക പ്രവർത്തനം. ഒരു കാര്യം നിസ്സംശയം പറയാം. നിലവിലെ പ്രശ്നങ്ങളെയെല്ലാം നാം അതിജീവിക്കുകതന്നെ ചെയ്യും. മുൻകാല ചരിത്രം പരിശോധിച്ചാൽ അത് ബോധ്യപ്പെടാവുന്നതേയുള്ളൂ.
ദസ്തയേവ്സ്കിയെ കൂടാതെ റഷ്യൻ സാഹിത്യത്തിൽനിന്ന് ടോൾസ്റ്റോയ്, ചെഖോവ്, സോഫിയ ടോൾസ്റ്റോയ് എന്നിവരുടെ നോവലുകളും ആത്മകഥാപരമായ കുറിപ്പുകളുമെല്ലാം മലയാളത്തിലേക്ക് വേണു വി. ദേശം മൊഴിമാറ്റി. ഇന്ത്യൻ മിസ്റ്റിക്കുകളായ ലല്ലേശ്വരി, ജ്ഞാനേശ്വർ, രവീന്ദ്രനാഥടാഗോർ, ശ്രീരാമകൃഷ്ണ പരമഹംസർ, രമണമഹർഷി തുടങ്ങിയ മഹത്തുക്കളുടെ രചനകളുംകൂടി മലയാളത്തിലേക്ക് വിടരാൻ നിമിത്തമായി. ആദിരൂപങ്ങൾ, ധ്യാനി, മോഹാന്ധകാര സഞ്ചാരി, നിലയില്ലാത്ത കാഴ്ചകൾ എന്നീ കാവ്യസമാഹാരങ്ങളും വേണുവിേൻറതായിട്ടുണ്ട്.
കൗമാരകാലം തൊട്ടേ ഹിന്ദുസ്ഥാനി സംഗീതത്തിെൻറ കടുത്ത ആരാധകനായിരുന്ന വേണുവിന് പിൽക്കാലത്ത് മലയാളത്തിലെ ആദ്യ ഗസൽ ആൽബമായ 'പ്രണാമ'ത്തിൽ കവിതകളെഴുതാനുള്ള അവസരം കിട്ടി. അനശ്വര ഗസൽ ഗായകൻ ഉമ്പായി ആലപിച്ച മനസ്സേ നീയെൻ പ്രേമഗാനം ഓർത്തിരുന്നുവോ? ഘനസാന്ദ്രമീ രാത്രി പാടുന്ന മൂകമാ..., എത്ര സുധാമയമായിരുന്നാ ഗാനം... തുടങ്ങിയ അതിലെ ഓരോ ഗാനവും മലയാളികളുടെ മനസ്സിൽനിന്നും ഒരിക്കലും മായ്ച്ചുകളയാൻ സാധിക്കാത്തവിധം ആഴ്ന്നിറങ്ങിയവയാണ്.
1987ലാണ് വേണു ചൂതാട്ടക്കാരൻ (The Gambler) വിവർത്തനം ചെയ്യുന്നത്. ആദ്യം വായിച്ച നോവൽ 'നിന്ദിതരും പീഡിതരു'മായിരുന്നു. അതോടെ ഒരു ബാധപോലെ ദസ്തയേവ്സ്കി വേണുവിനെ ആവേശിച്ചു. ദസ്തയേവ്സ്കിയെ കൂടുതൽ അടുത്തറിയാനും അന്തർരഹസ്യങ്ങളിലൂടെ ഊളിയിടാനും അതുവഴി സ്വാത്മവിശകലനത്തിനുമാണ് വേണു ശ്രമിച്ചത്. ദസ്തയേവ്സ്കിയുടെ കൃതികളെക്കുറിച്ച് ഹെർമൻ ഹെസ്സേ പറഞ്ഞത് 'നാം ദുരിതത്തിലകപ്പെട്ടിരിക്കുേമ്പാഴാണ് ദസ്തയേവ്സ്കിയെ വായിക്കേണ്ടത്' എന്നാണ്.ഒരിക്കലും പിടികൊടുക്കാത്ത മനുഷ്യജീവിതത്തിെൻറ പൊരുളുകൾ തേടാനായി പരക്കം പായുകയാണ് സാക്ഷര കേരളത്തിലെ ജനങ്ങൾ. അതിെൻറ ഭാഗമായി മതഭ്രാന്തിലും കപട ആത്മീയതയിലും കൂടുതൽ കുഴപ്പത്തിൽ കൊണ്ടുചെന്ന് ചാടിക്കുന്ന ലഹരിയിലുമൊക്കെ പെട്ടുപോകുന്ന മലയാളിയുടെ ദുരവസ്ഥയാണ് ഇന്നിെൻറ ഏറ്റവും വലിയ ശാപം. ജീവിതമെന്ന പ്രഹേളികയെ കുറിച്ച് തന്റെ കഥാപാത്രങ്ങളിലൂടെ ദസ്തയേവ്സ്കി വായനക്കാർക്ക് സമ്മാനിക്കുന്ന അനുഭവപാഠങ്ങളോളം വലിയ സിദ്ധൗഷധം ഇല്ലതന്നെ. ശരാശരി മലയാളിക്ക് അത് അനുഭവവേദ്യമാകുന്നതിൽ വേണു വി. ദേശത്തിെൻറ സംഭാവന വിലമതിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.