അരൂർ: എറണാകുളത്തുനിന്ന് 23 കിലോമീറ്റർ തെക്കുമാറി ആലപ്പുഴയിലേക്കുള്ള ഹൈവേയുടെ ഇരുവശവുമായി കിടക്കുന്ന പഞ്ചായത്താണ് എഴുപുന്ന. 1953ലാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. കിഴക്ക് -വേമ്പനാട്ടുകായൽ, പടിഞ്ഞാറ് -ചക്കരച്ചാൽ, വടക്ക് -കുമ്പളങ്ങി-അരൂർ പഞ്ചായത്തുകൾ, തെക്ക് -കോടംതുരുത്ത് പഞ്ചായത്ത് ഇവയാണ് അതിരുകൾ. എരമല്ലൂർ, കുമാരപുരം, നീണ്ടകര, കോട്ടപ്പള്ളി, കോന്നനാട്, വിത്തറ, കണ്ണുകുളങ്ങര, കോങ്കേരി തുടങ്ങിയ സ്ഥലങ്ങൾ എഴുപുന്ന പഞ്ചായത്തിലാണ്.
ഈ പ്രദേശങ്ങളിൽ പണ്ട് 'പുന്നമരങ്ങൾ' ധാരാളമായി ഉണ്ടായിരുന്നു. എഴുന്നുനിൽക്കുന്ന അഥവാ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുന്നമരങ്ങൾ ഉള്ള സ്ഥലമായതിനാൽ 'എഴുപുന്ന' എന്ന് പേരുണ്ടായി എന്നൊരഭിപ്രായമുണ്ട്. ഏഴ് പുന്നകൾ ഒരുമിച്ച് നിന്നിരുന്നതിനാലാണ് 'എഴുപുന്ന' എന്ന് പേരുവീണതെന്നും പറയുന്നു. ഭൂമിയുടെ അവകാശികൾ ബ്രാഹ്മണ കുടുംബങ്ങളായിരുന്നു എന്നാണ് പഴയകാല ചരിത്രം. അത്തരത്തിലുള്ള കുടുംബങ്ങൾ താമസിച്ചിരുന്ന മനകൾ പണ്ട് ഇവിടെ ഉണ്ടായിരുന്നത്രേ. ഏഴ് മനകളാണ് പിന്നീട് 'എഴുപുന്ന'യായി പരിണമിച്ചതെന്നും ഒരു വാദമുണ്ട്.
വാടക്കകത്ത്, തുള്ളേഴത്ത്, മുട്ടത്ത്, കോവിലകത്ത്, കൈനിക്കര, പുതുക്കുളങ്ങര, ചെറുവള്ളി എന്നിങ്ങനെ ആയിരുന്നത്രേ മനകളുടെ പേര്. വാടക്കകത്ത്, കോവിലകം എന്നീ സ്ഥലപ്പേരുകൾ ഉണ്ടെങ്കിലും ഇപ്പോഴിവിടെ മനകളൊന്നുമില്ല. കയറുപിരി, മീൻപിടിത്തം, കൃഷി എന്നിവയായിരുന്നു പണ്ട് ഇവിടെ മുഖ്യതൊഴിലുകൾ. നെല്ലും തെങ്ങും നന്നായി വിളയുമായിരുന്നു.
തൈക്കാട്ടുശ്ശേരിയിൽനിന്ന് വന്ന 'പാറായി തരകന്മാർ' രാജഭരണകാലത്ത് ഇവിടെ പ്രബലന്മാരായി. 'തരകൻ' എന്നത് രാജാവ് കല്പിച്ചുകൊടുത്ത പേരാണ് എന്ന് ചരിത്രം . 'മധ്യവർത്തിയായി ഇടപാട് നടത്തുന്നയാൾ' (ബ്രോക്കർ) എന്നാണർഥം. 'തരക്' എന്നാൽ, കമീഷൻ പണം. രാജാവ് ഇവർക്ക് ആവശ്യപ്പെട്ടത്ര ഭൂമിയും പതിച്ചുകൊടുത്തു. എഴുപുന്നയുടെ സാമ്പത്തികാഭിവൃദ്ധിയും വളർച്ചയും പാറായിൽക്കാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുടികിടപ്പ് നിയമം വന്നതോടെയാണ് തരകന്മാരുടെ പ്രതാപം അസ്തമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.