എം.എഫ്. ഹുസൈൻ, ഹിറ്റ്​ലർ, ഡോ. വി.വി. വേലുക്കുട്ടി അരയൻ, വയലാർ രാമവർമ, തകഴി ശിവശങ്കരപ്പിള്ള, പേൾ എസ്. ബക്ക്

മനുഷ്യപ്പറ്റിനും മുകളിൽ പശുപ്പറ്റ്

ഭക്ഷണവും വിശ്വാസവും പേരും ആകാരവും സ്വമേധയാ സംഘർഷ ​േസ്രാതസ്സാവുകയില്ല. എന്നാൽ, എന്തിനെയും അതിന്റെ സമ്മതമില്ലാതെ സംഘർഷകേന്ദ്രമാക്കാൻ ഫാഷിസ്റ്റാശയങ്ങളുടെ ഇടപെടൽകൊണ്ട് സാധ്യമാകും. പൂവിന്റെ മന്ദസ്​മിതങ്ങളെപ്പോലുമത് പീരങ്കിച്ചീറലാക്കും. നിറങ്ങളുടെ വൈവിധ്യവിസ്​മയങ്ങളെ പോലുമത് വേട്ടക്കുള്ള കൊലവിളിയാക്കും. രുചികൾക്കുള്ളിൽപോലും അത് ബോംബുകളൊളിപ്പിക്കും. സൗഹൃദങ്ങളിൽപോലുമത് അവിശ്വാസത്തിന്റെ കനലുകൾ കോരിയിടും. പ്രശംസിക്കപ്പെടുന്ന പാരമ്പര്യങ്ങളെപ്പോലും ഫാഷിസം സ്വന്തം ഒളിപ്പുരയാക്കും. സംവാദാത്മകതയുടെയും ബഹുസ്വരതകളുടെയും ശ്മശാനമായി ജീവിതത്തെ മാറ്റാനാണ് ഫാഷിസം നിരന്തരം ശ്രമിക്കുന്നത് (ഭക്ഷണത്തിന്റെ രാഷ്ട്രീയം, പ്രോഗ്രസ് പബ്ലിഷേഴ്സ്).

തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് കേരളീയ കീഴാള നവോത്ഥാനത്തിന്റെ കനൽക്കരുത്തായ ഡോ. വി.വി. വേലുക്കുട്ടി അരയന് നമ്മുടെ ഈ മലയാളരാജ്യത്ത് മത്സ്യവും മതവും എന്ന പേരിൽ പ്രബോധനപരവും ചിന്തോദ്ദീപകവുമായ ഒരു പ്രഭാഷണം നടത്തേണ്ടിവന്നു എന്നുള്ളത്, മുമ്പത്തേക്കാൾ കൂടുതൽ ഓർമിച്ചെടുക്കേണ്ട ഒരു കാലത്തിലൂടെയാണ് ഇന്ന് നാം കടന്നുപോവുന്നത്. ഹിന്ദുമതവിശ്വാസികളും ഭക്തരുമായ മത്സ്യ​ത്തൊഴിലാളികളുടെ മുന്നിൽ മത്സ്യത്തിന്റെ പേരുംപറഞ്ഞ് ക്ഷേത്രങ്ങളുടെ വാതിലുകൾ അടച്ചുപൂട്ടിയ സവർണ അധികാരത്തിനെതിരെയാണ്, 1935ൽ ആലപ്പുഴയിലെ പ്രശസ്​തമായ ശ്രീരാമകൃഷ്ണ മഠത്തിൽ, മതവിശ്വാസിയേയല്ലാത്ത അരയൻ ചരിത്രപ്രസിദ്ധമായ പ്രസ്​തുത പ്രഭാഷണം നടത്തിയത്. കേരളത്തിന്റെ സാംസ്​കാരിക ഭൂപടം മാറ്റിവരക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ഡോക്ടർ വി.വി. വേലുക്കുട്ടി അരയനെ ഒ.വി. കൃഷ്ണക്കുറുപ്പിന്റെ ‘സ്വരാജ്യം’ എന്ന പത്രം മീൻകൊല്ലി എന്ന് പരിഹസിച്ചത് നമ്മുടെ ന​േവാത്ഥാന ചരിത്രത്തിന്റെ ഇരു​െണ്ടാരു മറുപുറമാണ്! മലയാളത്തിന്റെ അഭിമാനമായ തകഴി ശിവശങ്കരപ്പിള്ളയുടെ ഏറെ പ്രശസ്​തമായ ‘ചെമ്മീൻ’ എന്ന നോവലിലും അരയർ മീൻപിടിച്ച് ഉപജീവനം കഴിക്കുന്നവരാകയാൽ ചെറുകിട കൊലപാതകികളായാണ് കടന്നുവരുന്നത്. കൊള്ളരുതാത്ത പണമാണ് അരയരുടേത് എന്നത് മുതൽ, അരയർക്കെതിരെ, ‘ചെമ്മീനി’ൽ അധിക്ഷേപങ്ങൾ പലതുണ്ട്. ആദ്യമായി അത് കൃത്യം തുറന്ന് കാണിച്ചതും അരയന്റെ ‘ചെമ്മീൻ’ നിരൂപണത്തിലാണ്. തകഴി ‘ചെമ്മീൻ’ എഴുതിയ അതേവർഷം, അതേമാസംതന്നെ പുറത്തുവന്ന ആ സമഗ്രനിരൂപണത്തെ മലയാളസാഹിത്യവിമർശനം പക്ഷേ മറച്ചുവെക്കുകയാണ് ചെയ്തത്. ഇത്രയും മത്സ്യവിരുദ്ധതയെപ്പറ്റി ആമുഖമായി സൂചിപ്പിക്കുന്നത്; മാംസവിരുദ്ധവേട്ടകൾ വിജയിച്ചാൽ അടുത്തഘട്ടം മത്സ്യവിരുദ്ധവേട്ടകൾ കൂടി ആയേക്കാമെന്ന് ഓർമിപ്പിക്കാനാണ്. മത്സ്യതീനികളെക്കുറിച്ചുള്ള മതിപ്പ് കുറവാണെങ്കിലും, മാംസതീനികളോടുള്ളത്ര വെറുപ്പ് ഇപ്പോഴവരോട് ഇല്ല എന്നത് സത്യമാണ്. മാംസത്തിൽതന്നെ പശു-കാളയിറച്ചികളുടെ പേരിലാണ് ഇപ്പോൾ, നിരപരാധികളെ വേട്ടയാടുന്നതെന്നുള്ളതും പരമാർഥമാണ്. എങ്കിലും സൂക്ഷ്മമായി നോക്കിയാൽ സസ്യസൗമ്യ മാംസരൗദ്ര, ബൈനറി, ഇതിലൊക്കെയും ഏറക്കുറെ ഗുപ്തമായി പ്രവർത്തിക്കുന്നതായി കാണാം. മാംസം തിന്നുന്നവരാണ് കലാപങ്ങൾക്ക് തിരികൊളുത്തുന്നവരെന്ന വിമർശംവരെ ഇന്ത്യക്കാർക്ക് പരിചിതമാണ്. ജീവിച്ചിരിക്കുന്ന കാളയും പോത്തും പശുവും വേണ്ടിവന്നാൽ ആളെകുത്തും. എന്നാൽ, വെണ്ടക്ക അപ്രകാരം ആരെയും ഉപദ്രവിക്കുകയില്ലല്ലോ എന്ന കിടിലൻ യുക്തിയുടെ വലിച്ചുനീട്ടലാണ് സസ്യഭോജനത്തിന്റെ സൗമ്യതയായും മാംസതീറ്റയുടെ രൗദ്രതയായും വേഷംമാറി എത്തുന്നത്. മിത്തിന്റെ യുക്തിക്ക്, യുക്തിയുടെ യുക്തിയേക്കാൾ എരിവും പുളിയും കൂടും. മിത്തിന്റെ യുക്തി അസ്​ഥിയിലോളം ആഴ്ന്ന് കിടക്കുമ്പോൾ, ചോരയിലാകെ അത് കലരുമ്പോൾ, യുക്തിയുടെ യുക്തി​േബാധതലത്തിൽ ഒതുങ്ങും. അതുകൊണ്ടാണ് മിത്തുകളുടെ മുന്നിൽ യുക്തിയുടെ ഭാഷ ഫലപ്രദമാവാത്തത്.

‘Meat Eating is a perversion in our human nature’ എന്നെഴുതിയത് ഗീബൽസാണ്. ഗീബൽസിന്റെയും അപ്പനപ്പൂപ്പൻമാർ കാട്ടിൽ കഴിയുന്ന കാലത്ത് വേട്ടയാടി മൃഗമാംസം ഭക്ഷിച്ചിരുന്നില്ലെങ്കിൽ, മനുഷ്യസ്വഭാവത്തിൽവന്ന വൈകൃതമാണ് മാംസതീറ്റ എന്നെഴുതാൻ ഒരു ഗീബൽസുമുണ്ടാകുമായിരുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യവേട്ടക്കാരനും എല്ലാ അർഥത്തിലും വൈകൃതങ്ങളുടെ അങ്ങേയറ്റം എന്നനിലയിൽ പൂർണ പെർവർട്ടുമായ സ്വന്തം ഗുരു ഹിറ്റ്​ലർ സസ്യഭോജിയായിട്ടും എന്തേ ഇത്ര രൗദ്രമാവാൻ എന്ന് ഗീബൽസ്​ അന്വേഷിച്ചില്ല. അന്വേഷിക്കുകയില്ല. കാരണം മുമ്പേ വ്യക്തമാക്കിയപോലെ മിത്തിന്റെ പിടിയിലകപ്പെട്ടാൽ, പിന്നെ, യുക്തിയുടെ പ്രകാശലോകത്തിലേക്ക് പ്രവേശിക്കുക അസാധ്യമാവും. എസ്​കിമോ (ESKIMO) എന്ന വാക്കിനർഥം പച്ചയിറച്ചി തിന്നുന്നവർ എന്നാണ്. ഒരു വലിയ ജനസമൂഹം ഈയടുത്തകാലംവരെ ആ പേരിലാണറിയപ്പെട്ടതെന്നോർക്കുമ്പോൾ ജനായത്തം ലജ്ജിക്കണം. പപ്പടം തീനികൾ, പായസം കുടിയർ എന്നിങ്ങനെ ലോകത്തിലൊരിടത്തും ഒരു ദേശീയവിഭാഗവും അറിയപ്പെടുന്നില്ലെന്നും നമ്മളോർമിക്കണം. ജനായത്ത കാഴ്ചപ്പാട് ശക്തിപ്പെട്ടപ്പോൾ തങ്ങളുടെമേൽ കെട്ടിവെച്ച എസ്​കിമോ എന്ന അധിക്ഷേപാർഹമായ പേരവർ കടലിലെറിഞ്ഞു. പകരമിപ്പോൾ അവരറിയപ്പെടുന്നത് ഇനൂയിറ്റർ (Inuit) അഥവാ ജനങ്ങൾ എന്ന പേരിലാണ്. ഇറച്ചിതിന്നുന്നത് ഒരു കുറ്റമല്ല എന്നെഴുതേണ്ടിവരുന്ന ഒരുകാലംപോലും കുറ്റകൃത്യത്തിൽനിന്നും വിമുക്തമല്ല. എന്തുകൊണ്ടെന്നാൽ അപ്പേരിൽ മാത്രം മനുഷ്യരെ കൊല്ലുന്ന നരഭോജികൾ സ്വൈരവിഹാരം ചെയ്യുംവിധം നമ്മുടെകാലം ജീർണമായതിനാൽ! നമ്മുടെ നൈതികത അത്രമേൽ നിസ്സഹായമാവുന്നതിനാൽ.

മാംസമൊരുക്കുന്നവർ എന്നർഥമുള്ള ബുച്ചർ എന്ന ഇംഗ്ലീഷ് വാക്കുപോലും ഇന്ത്യയിലിപ്പോൾ ‘ഭീകരർ’, ‘രാജ്യ​േദ്രാഹികൾ’ എന്നിങ്ങനെയുള്ള അർഥധ്വനികൾ ഉൾക്കൊള്ളുമാറ് പ്ര​േയാഗിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ പിക്കാസോ എന്ന് പ്രശംസിക്കപ്പെട്ട എം.എഫ്. ഹുസൈനെ, നവഫാഷിസ്റ്റുകൾ അവർക്കിഷ്​ടമില്ലാത്ത ഒരു ചിത്രം വരച്ചതിന്റെ പേരിൽ ആക്ഷേപിക്കാൻ വേണ്ടി ഉപ​േയാഗിച്ചത്, എം.എഫ്. ഹുസൈൻ ബുച്ചറോ പെയിന്ററോ എന്ന വെറുപ്പ് ചോദ്യം എറിഞ്ഞു​െകാണ്ടാണ്. സത്യത്തിൽ ഒരറവുകാരൻ വരക്കാൻ കഴിവുണ്ടെങ്കിൽ പെയിന്ററും ഒരു പെയിന്റർക്ക് ഇറച്ചി ഒരുക്കാൻ കഴിവുണ്ടെങ്കിൽ ഒരറവുകാരനുമാകാവുന്നതാണ്. നമുക്കിടയിൽ അറവുകാരെക്കുറിച്ച് ദൃഢപ്പെട്ട വാർപ്പുമാതൃകകളാണ്, അവരിലെന്തോ ഭീകരത ഒളിച്ചിരിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയത്. വയലാറിന്റെ പ്രശസ്​തമായ ആയിഷ ഉൾപ്പെടെയുള്ള കവിതകളിലും പല സിനിമകളിലും കശാപ്പുകാർ കടന്നുവരുന്നത് വാർപ്പുമാതൃക വരച്ച വരക്കുള്ളിൽ ഒതുങ്ങുന്ന ക്രൂരസ്വഭാവികളായാണ്. അടിച്ചുവാരി സർവവും വൃത്തിയാക്കുന്നവരെ വൃത്തികെട്ടവരാക്കുന്ന തൊഴിൽമഹത്ത്വമറിയാത്ത, ജാതിമേൽക്കോയ്മാ കാഴ്ചപ്പാടാണ് സാമാന്യബോധത്തിന്റെ നിർലോഭമായ സഹായത്തോടെ അറവുകാരെയാകെ ക്രൂരരാക്കി എഴുത്തിലും ജീവിതത്തിലും കൊടിപറത്തുന്നത്. പശുവെന്ന പാവം നാൽക്കാലിയെ, നരഭോജിയായ നരിയാക്കി മാറ്റിയത് ഭക്തിയല്ല, ഫാഷിസ്റ്റ് രാഷ്ട്രീയമാണ്. ഭക്തി സ്വയം സമർപ്പിക്കാനും ആരാധിക്കാനുമല്ലാതെ മറ്റൊന്നിനെയും കുത്തിമലർത്താനും ഇടിച്ചുപൊളിക്കാനും ആഹ്വാനം ചെയ്യുന്നില്ല. എന്നാൽ ഫാഷിസമാവട്ടെ അതല്ലാതെ മറ്റൊന്നും ആഹ്വാനം ചെയ്യുന്നില്ല. ഒരു ജന്തുവിനെ പൂജിക്കാനുള്ള അവകാശം, മനുഷ്യരെ അപ്പേരിൽ കൊല്ലാനുള്ള ആഹ്വാനമായി മാറുമ്പോഴാണ് ജനായത്തത്തിന് ഒരു വിധേനയും വെച്ചുപൊറുപ്പിക്കാനാവാത്ത ഭക്തിയുമായി പേരിൽപോലും ഒരു ബന്ധവുമില്ലാത്ത പശുഭീകരത ആവിർഭവിക്കുന്നത്.

ഇന്നിന്ന ജന്തുവിനെ തിന്നരുത്, തിന്നണം എന്നതിനല്ല, ഒരു ജന്തുവിന്റെ പേരിലും മനുഷ്യർ പരസ്​പരം കൊല്ലരുത് എന്നതിലാണ് സമൂഹങ്ങൾ സ്വന്തം ജീവിതംകൊണ്ട് ഒപ്പ് ചാർത്തേണ്ടത്. വിശ്വാസം, അഭിരുചി, ആരോഗ്യം, ലഭ്യത എന്നിവയുടെ അടിസ്​ഥാനത്തിൽ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ആഹാരം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഇന്ത്യയിൽ പശു, കാള, പോത്ത്, ആട് എന്നിവയുടെ പേരിൽ ഇപ്പോൾ ഈ

യൊരവകാശമാണ് അട്ടിമറിക്കപ്പെടുന്നത്. കോഴിയുടെ പേരിലുള്ള ഒരു കൊലയും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ്! കോഴിയെന്തോ വല്ല കക്കരിക്കയോ വെള്ളരിക്കയോ ആണെന്നപോലെ!

ഇന്ത്യയിൽ കാളയേക്കാൾ വേഗത്തിലും എളുപ്പത്തിലും മനുഷ്യരെ പകരം വെക്കാനാവുമെന്ന് മുമ്പ് മാർക്സ്​ എഴുതിയത്, കാർഷിക സമ്പദ്ഘടനയുടെ സംരക്ഷണത്തിന് അന്ന് അത്തരമൊരു സമീപനം അത്രമേൽ അനിവാര്യമായിരുന്നതുകൊണ്ടാണ്. പേൾ എസ്. ബക്കിന്റെ പ്രശസ്​തമായ ‘നല്ല ഭൂമി’ എന്ന നോവലിൽ മനുഷ്യർ പട്ടിണിയെ അതിജീവിക്കുന്നത് സ്വന്തം വളർത്തുമൃഗങ്ങളെപ്പോലും കൊന്ന് ഇറച്ചിയാക്കിയാണ്. മുത്തശ്ശന്റെ അടുത്തേക്ക് പോകരുതെന്ന് അമ്മ സ്വന്തം മകളോട് പറയുന്നതിലുള്ള ക്രൂരത പട്ടിണിയുടെ അങ്ങേയറ്റത്തെ അവസ്​ഥയേയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിലാവട്ടെ അപ്പോഴും കൊഴുത്ത കാളകൾക്കരികിൽ കർഷകർ പട്ടിണി കിടക്കും. എന്നാലവർ കാളയുടെയോ പശുവിന്റെയോ മാത്രമല്ല മറ്റാരുടെയും ചോര ഒഴുക്കുമായിരുന്നില്ല.

(തുടരും)

Tags:    
News Summary - Hate Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.