കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്. സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച 'കീഴ്ക്കാംതൂക്ക്' എന്ന കഥക്കാണ് അവാർഡ്. 2020ൽ വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച കഥകളാണ് അവാർഡിനു പരിഗണിച്ചത്.
വാരാദ്യമാധ്യമം പ്രഥമ പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിെൻറ സ്മരണയിൽ മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. പ്രശസ്ത കഥാകാരന്മാരായ യു.കെ. കുമാരൻ, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് 2022 ജനുവരി എട്ടിന് ഉച്ചക്ക് 2.30ന് കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ക്ലബ് പ്രസിഡൻറ് റഹ്മാൻ കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി എൻ. രാജീവ്, പുരസ്കാര സമിതി ചെയർമാൻ കെ.പി. റജി എന്നിവർ അറിയിച്ചു.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഗോകുലം വീട്ടിൽ വി.കെ. മോഹനെൻറയും വി.എസ്. ജയശ്രീയുടെയും മകനായ ദേവദാസ് ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്നു. ഭാര്യ: ഇ.ആർ. നിഷ. മക്കൾ: ഗൗതം, ഗയ.
കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്കാരം, അങ്കണം സാഹിത്യ പുരസ്കാരം, കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്കാരം തുടങ്ങി ഇരുപതോളം അവാർഡുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.